30 പേർ ചേർന്ന് ഒരു പെൺകുട്ടിയെ തല്ലിചതച്ചപ്പോൾ മൗനം; അതിലൊരുത്തന് നാലടി കിട്ടിയപ്പോൾ സടകുടഞ്ഞ് മാധ്യമങ്ങൾ

aparna-gauri

മേപ്പാടി പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി അഭിനവിനെ മർദ്ദിച്ച് അവശനാക്കി. ഇന്ന് മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണിത്. എന്നാൽ ഈ വാർത്തയ്ക്ക് പിന്നിൽ മനുഷ്യത രഹിതമായ മറ്റൊന്ന് കൂടി ഒളിഞ്ഞു കിടപ്പുണ്ട്. അഭിനവിനേറ്റ മർദ്ദനമാണ് മൂടിവെയ്ക്കപ്പെട്ട ആ സത്യത്തെ പുറത്ത് കൊണ്ടുവരാൻ സഹായിച്ചതും. അഭിനവ് കെഎസ് യു പ്രവർത്തകൻ കൂടിയാണ്. അതുകൊണ്ട് തന്നെ വാർത്തകൾക്ക് ചൂടു പിടിക്കുന്നതിൽ അതിശയവുമില്ല.

അഭിനവിനെ വളഞ്ഞിട്ട് പെരുമാറുന്നതിന് നാല് നാൾ മുൻപ് ഇതേ കോളേജിൽ വെച്ച് എസ്എഫ്‌ഐ വനിതാ നേതാവായ അപർണ്ണ ഗൗരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി ബാധിച്ചോ, മറ്റ് അസുഖങ്ങൾ ബാധിച്ചോ അല്ല, മൃഗീയ മർദ്ദനമേറ്റ് അർധ ബോധാവസ്ഥയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മയക്കുമരുന്ന് കോളേജിൽ കൊടികുത്തി വാഴുന്നത് കണ്ട് പ്രതികരിച്ചതിന്റെ പേരിൽ, യുഡിഎസ്എഫ് പിന്തുണയുള്ള ട്രാബിയോക്ക് എന്ന മയക്കുമരുന്ന് സംഘത്തിലെ 30ഓളം വിദ്യാർത്ഥികൾ ചേർന്ന് തല്ലിചതച്ചതാണ് അപർണയെ.

സംഘം ചേർന്ന് മതിലിനോട് ചേർത്ത് നിർത്തി വടി കൊണ്ടും മറ്റും മാറി മാറി അടിക്കുകയും നിലത്തിട്ട് ചവിട്ടി കൂട്ടുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ എസ്എഫ്‌ഐ പ്രവർത്തകരാണ് ബോധം നശിച്ച് കിടന്ന അപർണയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. മനുഷ്യത്വ രഹിതമായ ഈ പ്രവർത്തി ആരും അറിഞ്ഞില്ല, ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളും മറന്നുപോയി, മനഃപൂർവ്വം മറന്നു കളഞ്ഞു എന്ന് പറയുന്നതാണ് ശരി.

ഒരു പെൺകുട്ടിയെ 30 പേർ ചേർന്ന് അടിച്ച് ആശുപത്രിയിലാക്കി എന്ന് പറയാൻ പോലും മടിച്ച മാധ്യമങ്ങൾ ഇന്ന് ചൂടേറിയ ചർച്ചയിലാണ്. സംഘത്തിലുണ്ടായ അഭിനവിനേറ്റ മർദ്ദനത്തിന് പിന്നാലെ. പ്രതികാരം തീർത്തു, എസ്എഫ്‌ഐ ഗുണ്ടായിസം, തുടങ്ങിയ തലകെട്ടുകളിൽ വാർത്തകൾ നിറയുമ്പോൾ പൊതുജനങ്ങളിൽ എത്തുന്നത് ശരിയോ തെറ്റോ…? ചിന്തിക്കേണ്ടിയിരിക്കുന്നു. 30 ഓളം പേർ ചേർന്ന് പെൺകുട്ടിക്കെതിരെ ഇത്തരത്തിലൊരു അക്രമം നടന്ന് ദിവസങ്ങൾ കടന്ന് പോയിട്ടും മാധ്യമങ്ങൾ കാണാത്തതിനെ സോഷ്യൽമീഡിയയും രൂക്ഷമായി വിമർശിക്കുന്നു.

കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന എസ്എഫ്‌ഐ വെളിപ്പെടുത്തലും ലഹരി ഉപയോഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വരെ പുറത്തെത്തിച്ചിട്ടും കാണാത്ത മാധ്യമങ്ങളെ പരിഹാസ രൂപേണയും സൈബറിടം വിമർശിക്കുന്നു. തിരിച്ചടി നേരിട്ടപ്പോൾ അപർണ്ണ ഗൗരി എന്ന പെൺകുട്ടി നേരിട്ട അക്രമം ഒന്നുമല്ലാതെ ആയി പോവുന്നതാണ് കാണാൻ സാധിക്കുന്നത്. മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.

സംഭവത്തിൽ ഇപ്പോൾ, പ്രശസ്ത മാധ്യമ പ്രവർത്തകൻ കെജെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ‘എസ് എഫ് ഐ നേതാവിന് മർദ്ദനമേറ്റ വാർത്ത അതിലൊരു പൈപ്പിൽ വന്നു ബ്ലോക്കായി കിടക്കുവാരുന്നു. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. അതാണ് ആ വാർത്തയും അതിനെക്കുറിച്ചുള്ള മറ്റു വാർത്തകളും വരാതിരുന്നത്.

അപ്പോഴാണ് കെ എസ് യു ക്കാരന് തല്ലുകിട്ടിയ വാർത്ത ബ്ലോക്കായിക്കിടന്ന വാർത്തയിൽ അതിശക്തമായ രീതിയിൽ വന്നിടിച്ചത്. അപ്പോൾ രണ്ടു വാർത്തകളും ഒരുമിച്ചു പുറത്തേക്കു വന്നു. ഇനിയിപ്പോൾ വാർത്തകൾ ശറ ശറാ…ന്നു ഒഴുകിവരും. പോലീസ് വരും, മയക്കുമരുന്ന് വരും, പിറകെ അന്തിചർച്ച വരും. ബ്ലോക്ക് മാറീല്ലോ’ പരിഹാസ രൂപേണയുള്ള ഈ കുറിപ്പ് മാധ്യമങ്ങൾക്ക് ഏറ്റ മറ്റൊരു പ്രഹരം കൂടിയാണ്.