അപർണ ഗൗരി, മേപ്പാടി പോളിടെക്നിക് കോളേജ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേൾക്കുന്ന പേരുകളാണിത്. കെ എസ് യു- എംഎസ്എഫ് പ്രവർത്തകർ നടത്തിയ നിഷ്ഠൂരമായ മർദ്ദനത്തിൽ ജലപാനം പോലും ചെയ്യാനാവാതെ കഴിയുന്ന അപർണ ദുരന്തമുഖങ്ങളെ അഭിമുഖീകരിക്കുന്നത് ഇത് ആദ്യമല്ല. ഒരുപാട് കനൽ വഴികളിലൂടെ നടന്ന് കയറിയ വിദ്യാർത്ഥി നേതാവാണ് അപർണ ഗൗരി.
ഇതിന് മുൻപും അപർണയെ നിങ്ങൾ കണ്ടിട്ടുണ്ടാകും. തടയാനായി ഗേറ്റിന് മുന്നിൽ കൂടിനിൽക്കുന്ന ആൺകൂട്ടത്തിന് നേരെ കൈ രണ്ടും പിറകിൽ കെട്ടി തോളിൽ ബാഗ് തൂക്കി ധൈര്യസമേതം നടന്നുപോകുന്ന അവളുടെ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. വയനാട് എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐയുടെ വനിതാ സബ്കമ്മിറ്റി സ്ഥാപിക്കുന്നതിന് നടത്തിയ ഇടപെടലായിരുന്നു അത്.
അന്ന് കോളജിൽ നടക്കാനിരുന്ന വിദ്യാർത്ഥിനി സബ് കമ്മിറ്റിയായ മാതൃകത്തിൻ്റെ യോഗത്തിനെത്തിയ അപർണയെ തടയാൻ കെഎസ് യു എംഎസ്എഫ് പ്രവർത്തകർ സംഘടിച്ചെത്തി. അവർ ഗേറ്റിന് മുന്നിൽ തടയാനായി നിലയുറപ്പിച്ചെങ്കിലും ഭയപ്പെടാതെ അവർക്കിടയിലൂടെ നടന്ന് കയറി യോഗത്തിൽ അപർണ പങ്കെടുത്തിരുന്നു. കുട്ടിക്കാലം മുതൽ ദുരിതങ്ങളിലൂടെ ജീവിച്ച് പോരുന്ന അപർണയുടെ താമസം കോളേജിന് സമീപം ചൂരൽമലയിലുള്ള ഒരു വാടക വീട്ടിലാണ്.
അച്ഛനും അമ്മയും അനിയനും ഉൾപ്പെടുന്ന ഒരു കൊച്ചു കുടുംബമാണ് അപർണയുടേത്. ഡ്രൈവറാണ് അപർണയുടെ പിതാവ്. എന്നാൽ കഴിഞ്ഞ കുറെക്കാലമായി അച്ഛന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബത്തിൻറെ പ്രതീക്ഷയായിരുന്നു അപർണ ഗൗരി. ആ വെളിച്ചമാണ് 30 പേർ ചേർന്ന് തല്ലികെടുത്താൻ ശ്രമിച്ചത്. പുത്തുമലയിൽ മൂന്നു കൊല്ലം മുൻപ് പതിനേഴു പേരുടെ ജീവനെടുത്ത മണ്ണിടിച്ചിലിൽ അപർണയുടെ കുടുംബത്തിനും ഉണ്ടായിരുന്നു ഒരു തീരാനഷ്ടം.
അന്ന് അച്ഛൻ്റെ പ്രിയപ്പെട്ട സഹോദരനെയാണ് പാറക്കെട്ടുകളും മലവെള്ളവും വലിച്ചു കൊണ്ടുപോയത്. ഈ ദുരന്തം കണ്ണിൽ നിന്ന് മറയുന്നതിന് മുൻപാണ് മേപ്പാടി കോളേജിൽ വെച്ച് അപർണയെ മുപ്പതോളം പേർ കൂട്ടമായി ആക്രമിച്ചത്. തകർത്തത് അപർണയുടെ മാത്രമല്ല, അവരെ പ്രതീക്ഷിച്ച് കഴിയുന്ന കുടുംബത്തെ കൂടിയാണ് മയക്കുമരുന്നിന് അടിമപ്പെട്ട സംഘം ഇല്ലാതാക്കിയത്. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടു. അപകടനില തരണം ചെയ്‌തെങ്കിലും അപർണ ഇപ്പോഴും ആക്രത്തിൻ്റെ വിഷമതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ആക്രമണത്തിൽ തലക്കേറ്റ ആഘാതത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. നെഞ്ചിലേറ്റ മർദനത്തിൽ നീര് വീണ് ഭക്ഷണമോ വെള്ളമോ പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. തങ്ങളുടെ പ്രിയപ്പെട്ട സഖാവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ. മുഴുവൻ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് സിപിഐ എം ഇതിനോടകം അറിയിച്ചു കഴിഞ്ഞു.