അഭിഭാഷക സമരത്തിൻ്റെ കാണാപ്പുറങ്ങൾ, എൽദോസ് കുന്നപ്പിള്ളി, വഞ്ചിയൂർ കേസ്

എൽദോസ് കുന്നപ്പിള്ളി ഉൾപ്പെട്ട പീഡനക്കേസിൽ ഇരയുടെ പരാതി പ്രകാരമുള്ള കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ആ പീഡന പരാതി ഒതുക്കി തീർക്കാൻ എൽദോസ് കുന്നപ്പള്ളിയും ഗൂഢസംഘവും നടത്തിയ വഴിവിട്ട ഇടപെടലുകൾ മറ്റൊരു കേസ് ആയി മാറിയിരിക്കുകയാണ്. ഈ കേസിനെ ചൊല്ലിയാണ് ഇപ്പോഴത്തെ കോടതി ബഹിഷ്കരണ സമരങ്ങൾ നടന്ന് വരുന്നത് . ഈ കേസിലെ യഥാർത്ഥ വസ്തുതകൾ നമ്മളിൽ എത്ര പേർ അറിഞ്ഞിട്ടുണ്ട് ? അഥവാ എത്ര പേരോട് അവർ പറഞ്ഞിട്ടുണ്ട്. ?

പറഞ്ഞത് ഇത്രമാത്രം – പ്രതിയുടെ വക്കാലത്ത് എടുത്ത അഭിഭാഷകർക്കെതിരെ പക പോക്കാൻ പോലീസ് കേസെടുത്തു. – ഈ അതിവൈകാരിക പ്രചാരവേലയിൽ കുടുങ്ങി ഫാക്ട് ചെക്ക് ചെയ്യാൻ മെനക്കെടാതെ അഭിഭാഷക സമൂഹം ചതിക്കപ്പെടുകയായിരുന്നോ ?. അവർ പ്രതി ചേർക്കുമെന്ന് പറഞ്ഞ മൂന്ന് അഭിഭാഷകർ എൽദോസ് കുന്നപ്പള്ളിക്ക് വേണ്ടി കോടതിയിൽ വക്കാലത്ത് നൽകിയിട്ടുണ്ടോ ?

എൽദോസ് കുന്നപ്പള്ളിയും നാലഞ്ച് പേർ വരുന്ന സംഘവും നടത്തിയ ഗീബൽസിയൻ നുണ പ്രചാരണങ്ങളിൽ നിഷ്കളങ്കരായ പലരും അറിയാതെ വീണു പോയിട്ടുണ്ട്. ഈ ഗീബൽസിയൻ തന്ത്രം, കാര്യമറിയാതെ കുടുങ്ങിപ്പോയ നിരപരാധികളായ അഭിഭാഷകരെ മാത്രമല്ല, ജുഡീഷ്യറിയെ പോലും സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൊച്ചി നഗരത്തിലെ തൂണുകളിൽ വെളുത്തതോ ചുവന്നതോ അല്ലാത്തതോ ആയ നാല് കൊടികൾ കണ്ടാൽ വരെ പരാമർശം നടത്തുന്ന കോടതികൾ, കുറച്ച് ദിവസങ്ങളായി സ്വന്തം കോമ്പൗണ്ടിൽ നടക്കുന്ന സ്തംഭനത്തിന്റെ കാരണങ്ങൾ മാത്രം തിരക്കിയില്ല. സുപ്രീം കോടതി വിലക്കിയ ബഹിഷ്കരണങ്ങൾ നിത്യ സംഭവമായി മാറിയതിൽ പരാമർശങ്ങളോ ഞെട്ടലോ രേഖപ്പെടുത്തിയില്ല. ബാർ കൗൺസിൽ ആഹ്വാനം ചെയ്യാത്ത , രാഷ്ട്രീയ പ്രേരിതമായ, അടിച്ചേൽപ്പിക്കപ്പെട്ട , ബഹിഷ്കരണ സമരം എന്തിനെന്ന ചർച്ചയേ ഉണ്ടായില്ല . അത്രയ്ക്ക് ആഴത്തിലുണ്ട് ഈ നുണ പ്രചാരണത്തിന്റെ സ്വാധീനം !

– വഞ്ചിയൂർ കേസ് അട്ടിമറി സംഭവം – വസ്തുതകൾ .

പീഡന പരാതി ഒതുക്കി തീർക്കാനും അട്ടിമറിക്കാനും എം എൽ എ യെ രക്ഷിക്കാനും കോവളം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്യുന്നത് മുതലാണ് ഇതിന്റെ ആരംഭം. കേസെടുത്ത് അന്വേഷിക്കുന്നതിന് പകരം ഒത്ത് തീർപ്പിന് നിർബന്ധിക്കുകയാണ് ചെയ്തത്. 15 – 09 – 2022 ന് ലഭിച്ച പരാതിയിലെ ഇരയെ എത്തിച്ച് വഞ്ചിയൂരിലെ ഒരു അഭിഭാഷകന്റെ ഓഫീസിൽ 9 – 10 – 2022 ന് എത്തിക്കുന്നു. അവിടെ പീഡന ആരോപിതന്റെയും, അയാളുടെ കൂട്ടാളികളും പാർട്ടിക്കാരുമായ മൂന്ന് അഭിഭാഷകരുടെയും മുന്നിലേക്ക് ഇരയെ ഇട്ട് കൊടുക്കുന്നു. എല്ലാവരും പ്രതിയുടെ ആൾക്കാർ ! ഇരയുടെ ഭാഗം പറയാൻ ആരുമില്ലാത്ത അവസ്ഥ.

അവരുടെ സമ്മർദ്ദം, ഭീഷണി, കായിക അക്രമണം, പ്രലോഭനം, സ്ത്രീത്വത്തെ അപമാനിക്കൽ എല്ലാത്തിനുമൊടുവിൽ സഹികെട്ട് ഒരു വിധം വക്കീൽ ഓഫീസിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അതിജീവിതയെ ഇതേ സംഘം കാറിൽ പിടിച്ച് കയറ്റി മറ്റൊരു സ്ഥലത്ത് ഇറക്കിയ ഭാഗം വരെ ഉള്ളതാണ് രണ്ടാമത്തെ കേസിന്റെ ഉള്ളടക്കം. ഈ സംഭവങ്ങൾ നടക്കുന്നത് 9-10 – 2022 ന് . തൊട്ടടുത്ത ദിവസം , 10-10-2022 ന ഇരയായ യുവതി തിരുവനന്തപുരം മജിസ്ട്രേറ്റ് മുൻപാകെ Cr PC 164 പ്രകാരം മൊഴി കൊടുക്കുന്നു. എൽദോസ് കുന്നപ്പള്ളിയുടെയും അഭിഭാഷകരായ കൂട്ടാളികളുടെയും ചെയ്തികൾ വിശദമായി പറയുന്നു. തുടർന്ന് മജിസ്ട്രേറ്റ് തുടർ അന്വേഷണം നടത്താൻ പോലീസിന് ഒഫിഷ്യൽ മെമ്മോറാണ്ടം വഴി നിർദ്ദേശം നൽകുന്നു. 10-10-2022 വരെ ഈ അഭിഭാഷകർ ഒരു കോടതിയിലും ആ പ്രതിക്ക് വേണ്ടി വക്കാലത്ത് ഫയൽ ചെയ്തിട്ടില്ല.

ഇതോടെ സംഭവം കുന്നപ്പള്ളിയുടെ സംരക്ഷകനായ കോവളത്തെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിട്ട് പോയി. തുടർന്ന് 15 – 09 – 2022 ന് ലഭിച്ച പീഡന പരാതിയിൽ 11 – 10 – 2022 ന് FIR രജിസ്റ്റർ ചെയ്തു. കേസില്ലാതാക്കാൻ നടത്തിയ ശ്രമം പാളിയത് തിരിച്ചറിഞ്ഞ പ്രതി 11-10- 2022 ന് തന്നെ തന്റെ പീഡന കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി മുങ്ങുകയാണ് ഉണ്ടായത്. ആ കേസിലാണ് ആദ്യമായി ഇപ്പോൾ നാം പറഞ്ഞ് കേൾക്കുന്ന അഭിഭാഷകരിൽ ഒരാൾ വക്കാലത്ത് കൊടുത്തത്. മറ്റ് രണ്ട് പേരും ഇതുവരെ ആ പ്രതിക്ക് വക്കാലത്ത് കൊടുത്തിട്ടുമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ആ രണ്ട് അഭിഭാഷകർ വക്കാലത്ത് നൽകിയതിനാൽ പ്രതി ചേർക്കപ്പെട്ടു എന്ന ആരോപണത്തിൽ എത്തുന്നത് ? ഗീബൽസ് വരെ തോറ്റുപോകും വിധമാണ് നുണകൾ മെനഞ്ഞ് എടുത്ത് അഭിഭാഷക സമൂഹത്തെ വിഡ്ഢികളാക്കാൻ പരിശ്രമമുണ്ടായത്. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്. 11-10-2022 ന് ഇവർ വക്കാലത്ത് നൽകിയേക്കാവുന്ന കേസിൽ, ഒരു ദിവസം മുൻപേ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി എന്നൊക്കെ വ്യാഖ്യാനിക്കാൻ ചില്ലറ ഭാവന പോര. വക്കാലത്ത് നൽകിയോ എന്നല്ല, ഈ ഗുരുതരമായ ആരോപണത്തിൽ പങ്കുണ്ടോ എന്നതാണ് വിശദീകരിക്കപ്പെടേണ്ടത്.

ഇനി 9 – 10 – 2022 ന് വഞ്ചിയൂരിൽ നടന്ന സൽക്കർമ്മങ്ങൾ കൂടി പരിശോധിക്കാം.
ഇരയുടെ ആരോപണങ്ങൾ ഇങ്ങനെയാണ് – വഞ്ചിയൂരിലെ ബഹുനില കെട്ടിടത്തിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ബലമായി മുദ്രക്കടലാസിൽ ഒപ്പ് വെപ്പിക്കാൻ ശ്രമം. പരാതി പിൻവലിച്ചില്ലെങ്കിൽ അമ്മയെയും കുട്ടിയെയും വകവരുത്തും എന്ന ഭീഷണി, തലമുടിയും ചുരിദാറും കുത്തിപ്പിടിച്ച് മർദ്ദനം, ഷാൾ അഴിച്ച് കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കൽ, കീറിയ വസ്ത്രത്തിൽ നിൽക്കുന്ന യുവതിയുടെ വീഡിയോ ഷൂട്ടിംഗ് നടത്തി ബ്ലാക് മെയിൽ ഭീഷണി, 30 ലക്ഷം രൂപക്ക് കേസ് പിൻവലിക്കണമെന്ന ഭീഷണി ……

സ്വന്തം കക്ഷിയുടെ നിയമ സംരക്ഷണം ഏറ്റെടുക്കുന്നതിൽ ആരും കുഴപ്പം കാണില്ല , പക്ഷെ ഈ ആരോപണത്തിൽ പറയും വിധമാണ് കക്ഷിക്ക് പ്രൊഫഷണൽ സംരക്ഷണം നൽകുന്നതെങ്കിൽ അത് ഏത് പട്ടികയിൽ പെടുത്തണം ? ലീഗൽ പ്രൊഫഷണിൽ എല്ലാം പെർഫെക്ട് ആവണമെന്നില്ല, പോരായ്മകളും വീഴ്ചകളും ഉണ്ടാവാം. പക്ഷെ കണ്ണും പൂട്ടി എതിർക്കേണ്ട നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതിനെ ന്യായീകരിക്കാൻ നമ്മളിൽ മനസ്സാക്ഷിയുള്ള എത്ര പേർക്ക് കഴിയും ? ഇതെല്ലാമാണ് വസ്തുതയെങ്കിൽ പ്രൊഫഷണൽ മര്യാദകൾക്ക് നിരക്കുന്നതോ, തൊഴിൽ പരമായ ബാധ്യതയോ അതല്ല എന്ന് നിസ്സംശയം പറയാം. പീഢന കേസിലെ പ്രതിക്ക് വേണ്ടിയുള്ള നിയമ വിരുദ്ധ ഇടപെടലല്ല വക്കാലത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കോടതിയിൽ നിലവിലിരിക്കുന്ന കേസുകളിൽ ഇരു വിഭാഗം അഭിഭാഷകരുടെ സാന്നിദ്ധ്യത്തിൽ അനുരഞ്ജന ചർച്ച നടക്കുന്നത് സ്വാഭാവികമാണ് – പക്ഷെ പരാതിക്കാരിക്ക് നിയമ സഹായത്തിന് ആരുമില്ലാതെ, കോടതിയിൽ എത്തിയിട്ടില്ലാത്ത കേസിൽ ഏകപക്ഷീയമായി നടന്ന ചില സംഭവങ്ങൾ ന്യായമാണോ ?

എൽദോസ് കുന്നപ്പള്ളിക്കെതിരെ കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും അറിയപ്പെടുന്ന കോൺഗ്രസ് പാർട്ടിയിലെ അഭിഭാഷക നേതാക്കൾ അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പണിയാണ് ഏറ്റെടുത്തിട്ടുള്ളത്. ആരോപിതരായ മൂന്ന് അഭിഭാഷകർക്ക് പുറമെ, സമരം പ്രഖ്യാപിച്ച് നേതൃത്വം നൽകിയ ചില മുതിർന്ന നേതാക്കളുമുണ്ട്. ഒരാൾ പ്രതിയുടെ മണ്ഡലത്തിലെ ആൾ കൂടിയാണ്. എല്ലാവരും ഒരേ പാർട്ടിക്കാർ . സ്ത്രീ സംരക്ഷണം പ്രാധാന്യത്തോടെ കാണുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരനും, വി ഡി സതീശനും അടങ്ങുന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യം പ്രത്യേകം പരിശോധിക്കണം.

കേസ് തേച്ച് മാച്ച് കളയാൻ മുൻകൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കർശനമായ ശിക്ഷണ നടപടികൾ സ്വീകരിക്കണം.
പീഡിപ്പിക്കപ്പെട്ടതിന് പുറമെ, പരാതി പിൻവലിപ്പിക്കാൻ വിസമ്മതിച്ച അതിജീവത പണവും സ്വാധീനവുമുള്ളവരാൽ വീണ്ടും വീണ്ടും ഇരയാക്കപ്പെടുന്ന ദയനീയ സ്ഥിതിയാണ് പുറത്ത് വന്നത്. വനിതാ കമ്മീഷൻ ഇത്തരം ഇരകളുടെ സംരക്ഷണം ഏറ്റെടുക്കണം. അവർക്ക് നീതി ലഭ്യമാക്കാൻ ഉത്തരവാദപ്പെട്ട വനിതാ സംഘടനകൾ മുന്നോട്ട് വരണം . സ്ത്രീ സുരക്ഷ വാക്കിൽ ഒതുക്കരുത്.

പ്രൊഫഷണൽ മര്യാദകൾ പാലിക്കാതെ പെരുമാറുന്ന വിരലിലെണ്ണാവുന്ന ചില അഭിഭാഷകരുടെ ചെയ്തികൾ മുഴുവൻ അഭിഭാഷകരെയും ദോഷകരമായ ബാധിക്കാതെ നോക്കാനുള്ള ഉത്തരവാദിത്വം ബാർ കൗൺസിൽ, ബാർ അസോസിയേഷനുകൾ , അഭിഭാഷക സംഘടനകൾ, മുതിർന്ന അഭിഭാഷകർ എന്നിവർ ഏറ്റെടുക്കണം . ഇത്തരം സംഭവങ്ങൾക്ക് പിന്തുണ ഫാക്ട് ചെക്ക് ഇല്ലാതെ, ബാർ കൗൺസിൽ ആഹ്വാനം ഇല്ലാതെ നടക്കുന്ന വ്യക്തി താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള കോടതി ബഹിഷ്കരണ സമരങ്ങൾ അവസാനിപ്പിക്കണം.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇത്തരം കൊടിയ പീഢനങ്ങൾ നേരിട്ട സാഹചര്യത്തിൽ വിചാരണ തീരും വരെ അതിജീവിതയുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേസിൽ പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണം. പരാതിക്കാരിയെ വഴിവിട്ട് സ്വാധീനിക്കാനും , നിയമ നടപടികൾ തടസ്സപ്പെടുത്താനുമുള്ള ഇടപെടലുകൾ അന്വേഷണ വിധേയമാക്കണം.

അതിജീവിതയുടെയും , അഭിഭാഷകരുടെയും വ്യത്യസ്ത ആരോപണങ്ങളിൽ നീതിയുക്തമായ അന്വേഷണം നടത്തി ആരോപണങ്ങളുടെ വസ്തുതകൾ പുറത്ത് കൊണ്ടു വരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

അഭിഭാഷകരുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ ബാധിക്കും വിധം കേസ് രജിസ്റ്റർ ചെയ്തു എന്ന പ്രചാരണത്തിന്റെ നിജസ്ഥിതി ബാർ കൗൺസിൽ അന്വേഷിക്കണം.

എല്ലാവിധ ലീഗൽ ഫോറങ്ങളിലും തൊഴിലെടുക്കാനുള്ള അഭിഭാഷകരുടെ അവകാശത്തെ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പിന്തുണക്കും. ആരെയും കളളക്കേസുകളിൽ കുടുക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ഉയർത്തിയുള്ള തെറ്റായ പ്രവണതകൾ ന്യായീകരിക്കത്തക്കതല്ല.