വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത് അദാനി ഗ്രൂപ്പാണ്.
ഈ ഹർജി പരിഗണിക്കവെ, വിഴിഞ്ഞം തുറമുഖത്തിന് സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സേനയെ വിളിക്കുവാൻ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടോ എന്ന് കോടതി ആരാഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലായെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം പ്രദേശത്തിന്റെ ആകെ സംരക്ഷണം കേന്ദ്ര സേനയ്ക്ക് ഉണ്ടായിരിക്കുന്നതല്ല എന്ന നിലപാടും വ്യക്തമാക്കി.
വിഴിഞ്ഞം പ്രദേശത്തിന്റെ ക്രമസമാധാന പരിപാലന ചുമതല തുടർന്നും കേരള പോലിസിൽ തന്നെയായിരിക്കും.
അത് ഫലപ്രദമായി നിർവഹിക്കാൻ കേരള പോലിസിന് ശേഷിയുണ്ട്.
വിഴിഞ്ഞത്ത് കലാപം സൃഷ്ടിച്ച് വെടിവെയ്പ് ഉണ്ടാക്കി ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരുടെ ആഗ്രഹത്തിനനുസരിച്ച് നിലകൊള്ളുവാൻ കേരള പൊലിസിന് കഴിയില്ല.
പോർട്ടിന്റെ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിളിക്കുന്നതിൽ എതിർപ്പില്ലാ എന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ അത് ക്രമസമാധാനം തകർന്നത് കൊണ്ടാണ് എന്നതരത്തിൽ വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.
കാരണം തിരുവനന്തപുരം, കൊച്ചി, വിമാന താവളങ്ങൾ, കൊച്ചിൻ ഷിപ്‌യാർഡ് തുടങ്ങിയവയുടെയെല്ലാം സംരക്ഷണം നിലവിൽ കേന്ദ്ര സേനയ്ക്ക് തന്നെയാണ്.
ഇത്തരത്തിൽ വ്യവസായ മേഖലകളുടെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപിക്കുന്നതിൽ അസ്വഭാവികതയൊന്നും ഇല്ല.
അതേസമയം വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനും പൊലിസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തവർ നിയമ നടപടി നേരിടുക തന്നെ ചെയ്യും.
പോലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സമയബന്ധിതമായി അറസ്റ്റും തുടർ നടപടികളും ഉണ്ടാകും.