വിഴിഞ്ഞത്ത് മറ്റൊരു വിമോചനസമരം നടത്താൻ പിന്നണിയിൽ പ്രവർത്തിക്കുന്നവർ , ബിജെപി, കോൺഗ്രസ്

വർധിച്ച പിന്തുണയുടെ കേരളം ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണം നേടിയ അന്ന് തൊട്ടു തുടങ്ങിയതാണ് അട്ടിമറി മോഹം. കമ്മ്യൂണിസ്റ്റ് വിരുദ്ധരും വർഗീയതയുടെ വക്താക്കളുമായ ശക്തികൾക്ക് കേരളത്തിൽ ഉണ്ടന്ന് അവർ ധരിച്ച അടിത്തറ തകർന്നു എന്ന തിരിച്ചറിവ് അത്തരം ശക്തികളുടെ സമനില തെറ്റിക്കുകയാണ്.
കോൺഗ്രസ്സും ബിജെപിയും അടക്കമുള്ള മാർക്സിസ്റ്റ് വിരുദ്ധ സഖ്യം വിമോചന സമരം സ്വപ്നം കാണുന്നു. എന്നാൽ അടക്കിനുള്ള പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നില്ല.
കള്ളക്കടത്തുകാരിയുടെ ജല്പനങ്ങൾ ആയുധമാക്കിയാണ് കുറെ നാൾ ബിജെപിയും കോൺഗ്രസ്സും സർക്കാരിനെ ആക്രമിക്കാൻ തയാറായത്. അതിൽ അവർ തന്നെ അപഹാസ്യരായി. ജനങ്ങൾ അതിനെ പരിഹസിച്ച് തള്ളി.

ഉമ്മൻ ചാണ്ടി സർക്കാർ കരാർ ഒപ്പിട്ട നിർമാണം ആരംഭിച്ചതാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയിൽ ആരംഭിക്കണമെന്നതായിരുന്നു സി പി ഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയാകെയും നിലപാട്. അന്നത്തെ സർക്കാർ അത് അംഗീകരിച്ചില്ല. യു ഡിഎഫ് ഈ കരാറിലൂടെ ലക്‌ഷ്യം വെച്ച കൂറ്റൻ അഴിമതി തുറന്നുകാട്ടാനും അഴിമതി സാധ്യതകൾ ജനങൾക്ക് മുന്നിൽ അക്കമിട്ട് അവതരിപ്പിക്കാനും, ഞങ്ങൾ ശ്രമിച്ചു.

2016 ൽ എൽഡിഎഫ് സർക്കാർ വരുമ്പോൾ കരാർ ഒപ്പിട്ട് പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നു. അത് തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. കരാർ റദ്ദാക്കി പദ്ധതി ഒഴിവാക്കാനല്ല തയാറായത്. സർക്കാരുകൾ മാറി വരുമ്പോൾ ഇതുപോലുള്ള പ്രധാന പദ്ധതികളിൽ വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കും.നിക്ഷേപകരെ പിന്നോട്ടടിപ്പിക്കും. അത് കൊണ്ടാണ് നിഷേധാത്മക സമീപനം വേണ്ട എന്ന് എൽ ഡി എഫ് തീരുമാനിച്ചത്. ഇപ്പോൾ 6 വർഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിർവ്വഹണത്തിൽ ഉണ്ടായിട്ടുണ്ട്.

ആ വിഴിഞ്ഞം പദ്ധതിയെ മറയാക്കിയാണ് പുതിയ വിമോചന സമര സ്വപ്നം കെട്ടിപ്പൊക്കുന്നത്. സർക്കാരിന് കോടികൾ ചെലവാകുകയും പൂർത്തീകരണത്തോടടുക്കുകയും ചെയ്യുന്ന പദ്ധതി നിർത്തിവെക്കുന്നതെങ്ങനെയാണ്?

വിഴിഞ്ഞം പദ്ധതിയുടെ തുടക്ക ഘട്ടത്തിൽ അതിനു വേണ്ടി ആവേശപൂർവ്വം വാദിച്ചു പൊതു വേദികളിൽ നിറഞ്ഞു നിന്നവരാണ് ലത്തീൻ സഭാ നേതൃത്വം. ഇന്ന് ആ സഭയിൽ നിന്ന് തന്നെ തുറമുഖത്തിനെതിരായ നിലപാടാനുണ്ടാകുന്നത്. ചില സ്ഥാപിത താല്പര്യക്കാരാണ് പദ്ധതി അട്ടിമറിച്ചു കേരളത്തിന്റെ വികസനം മുടക്കാൻ ആസൂത്രിത നീക്കം നടത്തുന്നത്. അതിന് മത്സ്യത്തൊഴിലാളികളെ കരുവാക്കുകയാണ്.
സമരത്തിൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള ആർ ആവശ്യങ്ങളിൽ ആരും സർക്കാർ അംഗീകരിച്ചു. അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടു നടപ്പിലാക്കാനും തുടങ്ങി. എന്നാൽ ഒറ്റ ആവശ്യത്തിൽ തട്ടി സമരം അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. അക്രമം നടത്തുകയാണ്. കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പദ്ധതി അവസാനിപ്പിക്കണം എന്നാണ് ആ ആവശ്യം. അത് മത്സ്യത്തൊഴിലാളികളുടെ താത്പര്യമല്ല.
മത്സ്യത്തൊഴിലാളികളുടെ താല്പര്യമാണ് മുഖ്യമെങ്കിൽ ഇങ്ങനെയാണോ പെരുമാറുക?
ഇവിടെ വികസനം മുടക്കുക എന്ന അജണ്ടയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇത് യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരമല്ല. സ്ഥാപിത താല്പര്യക്കാരുടെ അന്യായ സമരമാണ്.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ചുകൊണ്ട്, പൊലീസുകാരെ കൂട്ടത്തോടെർ ആക്രമിച്ചു കൊണ്ട് ഈ സ്ഥാപിത താൽപര്യക്കാർ നാടിനെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചത്. പോലീസ് അന്ന് അസാധാരണമായ സംയമനവും ക്ഷമയും സമചിത്തതയും കാണിച്ചിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?
ജനങ്ങൾ ഇത് കാണുന്നുണ്ട്. വിഴിഞ്ഞത്തെ സാധാരണ മനുഷ്യർക്കും ഇതെല്ലാം മസ്സിലാകുന്നുണ്ട്. അത് കൊണ്ടാണ് സമരം അവസാനിപ്പിക്കണം എന്ന ആവശ്യം അവരിൽ നിന്ന് തന്നെ ഉയരുന്നത്.
വിഴിഞ്ഞത്തിന്റെ മറവിൽ വിമോചന സമരത്തിന്റെ പരിപ്പ് വേവിച്ചു കളയാം എന്ന് കരുതുന്നവർ കാലം മാറിയത് മനസ്സിലാക്കാത്തവരാണ്.
കെ പി സി സി പ്രസിഡന്റിനാണ് വലിയ മോഹം. വേണ്ടി വന്നാൽ സംസ്ഥാനത്ത് ഒരു വിമോചനസമരം കോൺഗ്രസ് നടത്തും എന്നാണു സുധാകരൻ പറയുന്നത്. വേണ്ടിവന്നാൽ ബിജെപിയിലേക്ക് പോകും എന്ന് പറയാൻ ലജ്ജയില്ലാത്ത നേതാവിന് ഏതു വഴിയും സ്വീകരിക്കാൻ കഴിയും. അത് പക്ഷെ ജനാധിപത്യം പുലരുന്ന സമൂഹത്തിൽ വിലപ്പോകില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചു കൈപൊള്ളിയ കോൺഗ്രസ്സിന്റെ പഴയകാല ചരിത്രം സുധാകരൻ പഠിക്കുന്നത് നല്ലതാണ്.
പ്രധാനമന്ത്രി മോദി അയച്ച ഗവർണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നു പോകരുതെന്നാണ് ബി ജെ പി പ്രസിഡന്റിന്റെ ഭീഷണി. ആ ഗവർണ്ണർ ബിജെപിയുടെ അടുക്കളപ്പണിയാണ് എന്നാണോ ഉദ്ദേശിച്ചത്? ഇന്നാട്ടിൽ ഒരു ഭരണഘടനയുണ്ട് എന്ന് സുരേന്ദ്രന് അറിയാമോ? ആ ഭരണ ഘടനയ്ക്കും ജനാധിപത്യത്തിനും കീഴ്പ്പെട്ടല്ലാതെ ബിജെപിയുടെ താളത്തിനു തുള്ളേണ്ടതാണോ ഗവർണ്ണർ പദവി?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബാധ്യതയുണ്ട്. ദൗർഭാഗ്യവശാൽ സുരേന്ദ്രന്റെ വാദം ശരിയാണ് എന്ന് തോന്നുന്ന തരത്തിലാണ് ഗവർണ്ണർ പെരുമാറുന്നത്. ക്രമസമാധാനം സംബന്ധിച്ച ഗവർണ്ണറുടെ നിരുത്തരവാദപരമായ പരാമർശം അതിന്റെ ലക്ഷണമാണ്.
ഗവർണറും സുധാകരനും സുരേന്ദ്രനും കൈകോർത്ത് സർക്കാരിനെ അട്ടിമറിക്കാൻ ഇറങ്ങിക്കളയാം എന്നാണോ വ്യാമോഹം? അങ്ങനെ മാർക്സിസ്റ്റ് വിരുദ്ധ ശക്തികൾ ആശിക്കുന്നുണ്ടെങ്കിൽ അവർക്ക് മനോവിഭ്രാന്തിക്കുള്ള ചികിത്സ നൽകണം.
ജനങ്ങൾ എതിരായി വിധിയെഴുതിയാലും കുറുക്കു വഴിയിലൂടെ അധികാരത്തിലെത്താൻ മടിയില്ലാത്തവരാണ് ബിജെപി. ആ പനിയെ അവർ വിളിക്കുന്നത് ഓപ്പറേഷൻ താമര എന്നാണ്. കർണാടക ( 2018), മേഘാലയ (2018), മണിപ്പൂർ (2017), ഗോവ (2017, 2019), അരുണാചൽ ( 2014 - 2016 ), മധ്യപ്രദേശ് (2020), മഹാരാഷ്ട്ര (2022) എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അഭികാരം പിടിച്ചവരാണവർ. ചാക്കും പണവുമായി ഇറങ്ങുന്ന അക്കൂട്ടരുടെ മോഹം കേരളത്തിൽ നടപ്പാക്കിക്കൊടുക്കുന്നതിന്റെ ആരാച്ചാർ വേഷം കെട്ടാനാണ് ഇവിടെ സുധാകരൻ മുന്നോട്ടു വന്നിരിക്കുന്നത്.
ബിജെപി പിന്തുണയോടെ വിമോചന സമരം കൊതിക്കുന്ന ഈ രാഷ്ട്രീയ ദുർമ്മോഹികളിൽ നിന്ന് കേരളത്തെ വിമോചിപ്പിക്കാൻ ജനങ്ങൾ സമരത്തിനിറങ്ങുന്ന ഘട്ടമാണ് ഇനി വരുന്നത്. ജനാധിപത്യ ബോധമുള്ള ആരെങ്കിലും യു ഡി എഫിൽ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്.