ശശി തരൂർ കോട്ടയം സന്ദർശനം

വർഗീയതയ്ക്ക് എതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന മഹാസമ്മേളനത്തിൽ ശശി തരൂർ പങ്കെടുത്ത് സംസാരിക്കുന്നതാണ് കോൺഗ്രസിലെ പുതിയ കലാപം തിരുവഞ്ചൂർ അടക്കമുള്ള ജില്ലയിലെ മുതിർന്ന നേതാക്കളും ഡീസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുക്കുന്നില്ല. ഡിസിസി പ്രസിഡന്റ് ശശി തരൂരിനെതിരെ കെപിസിസിസക്ക് പരാതി നൽകുമെന്നും പറയുന്നു. ഇന്നത്തെ യൂത്ത് കോൺഗ്രസ്പരിപാടി കൂടാതെ തുടർന്നുള്ള രണ്ടു ദിവസങ്ങളിലും തരൂർ വിവിധ പ്രമുഖരെ സന്ദർശിക്കുന്നുമുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ, പന്തളം കൊട്ടാരം, ക്ഷേത്രം, ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മറൈൻ ഡ്രൈവിൽ നടക്കുന്ന രജത ജൂബിലി ആഘോഷം തുടങ്ങി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും തരൂർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തരൂരിന്റെ ഈ നീക്കങ്ങളെ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ് എന്നതാണ് വ്യക്തമാക്കേണ്ടത്. തരൂരിന്റെ മലബാർ സന്ദർശനത്തിനും കോൺഗ്രസ് നേതൃത്വം നേരത്തെ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റും നേരത്തെ തരൂരിന്റെ ജില്ലയിലെ പരിപാടികൾക്ക് എതിരായി രംഗത്ത് വന്നിരുന്നു.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് കരുത്ത് തെളിയിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുമാകയാണ്. ഉൾപ്പാർട്ടി ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതൃത്വം തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കെരുതെന്ന് സ്വന്തം പ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. പാർടി നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെയാണ് ശശി തരൂർ ഈയടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുത്തത്.

ഔദ്യോഗിക നേതൃത്വത്തിന്റെ സമ്മർദ്ദത്തെയും നിർദ്ദേശത്തെയും തുടർന്ന്‌ കോഴിക്കോട്‌ ഡിസിസി ഓഫീസിൽ നടത്താനിരുന്ന പരിപാടിയിൽനിന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പിന്മാറി. ‘സംഘപരിവാരവും മതനിരപേക്ഷതയുടെ വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയിലാണ്‌ സംഘാടകരുടെ പിന്മാറ്റം. കോൺഗ്രസ്‌ കമ്മിറ്റികൾ ഔദ്യോഗിക പരിപാടികൾ തരൂരിനെ പങ്കെടുപ്പിച്ച്‌ നടത്തരുത്‌ എന്നാണ്‌ നിർദേശം. എം കെ രാഘവൻ എംപി ഇടപെട്ടതിനെത്തുടർന്ന്‌ കൊടുവള്ളി കേന്ദ്രമായുള്ള ജവാഹർ യൂത്ത്‌ ഫൗണ്ടേഷൻ പരിപാടി ഏറ്റെടുക്കുകയും ഡിസിസി ഓഫീസിൽനിന്ന്‌ കെ പി കേശവമേനോൻ സ്‌മാരക ഹാളിലേക്ക്‌ വേദി മാറ്റുകയും ചെയ്തു.

4 ദിവസത്തോളമാണ് മലബാർ മേഖലയിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂർ പര്യടനം നടത്തിയത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ തരൂർ സന്ദർശിക്കുന്നതിലെ അപകടം മനസ്സിലാക്കിയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് പ്രവർത്തകരെ വിലക്കിയത്. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മലബാർ മേഖലയിലെ തരൂരിന്റെ സന്ദർശനം എന്നതാണ് കോൺഗ്രസ് നേതൃത്വത്തെ അന്ന് ഭയപ്പെടുത്തിയത്.

ചിലർ സൈഡ് ബെഞ്ചിലിരിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും എന്നാൽ ഫോർവേഡായി കളിക്കാനാണ് താൽപര്യമെന്നാണ് വിവാദത്തിൽ ശശി തരൂർ അന്ന് മനോരമ ന്യൂസ് ചാനലിൽ പ്രതികരിച്ചത്. വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി രംഗത്തെത്തിയിരുന്നു. തരൂരിന്റെ സന്ദർശനം എം.കെ.രാഘവൻ എംപി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും പര്യടനം വിഭാഗീയ പ്രവർത്തനമെന്ന വാർത്ത വന്നതിൽ ചിലർക്ക് ആശങ്കയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പിൻ‌മാറിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലാണ് വിശദീകരണം. എന്നാൽ സംഘടനാ സംവിധാനം അനുസരിച്ചല്ല ശശി തരൂർ പര്യടനം നടത്തുന്നതെന്നും അതിനാലാണ് സെമിനാറിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു യൂത്ത് കോൺഗ്രസിന്റെ വിശദീകരണം. ഒഴിവായത് ഡിസിസിയെ അറിയിച്ചതിനു ശേഷം മാത്രമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷെഹീൻ മാധ്യങ്ങളോട് പറഞ്ഞു. ഇതോടൊപ്പം എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും മുൻ എംഎൽഎ ശബരീനാഥനും ഹൈബി ഈഡൻ എംപിയും തരൂരിന് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.

സംഘപരിവാറിനെതിരി നടക്കുന്ന പരിപാടികൾക്ക് അനൗദ്യോഗികമായി വിലക്കുക വഴി കോൺഗ്രസ് കേരളീയ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് എന്നത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം.