കുറ്റാന്വേഷണ മികവിൽ എന്നും മുന്നിലാണ് കേരളാപോലീസ്

കുറ്റാന്വേഷണ മികവിൽ എന്നും മുന്നിലാണ് കേരളാപോലീസ്. കൊലപാതകം, മോഷണം, പണത്തട്ടിപ്പ്, സൈബർ തട്ടിപ്പുകൾ എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളിൻമേൽ അതിസൂക്ഷ്മമായ അന്വേഷണമാണ് കേരളാ പോലീസ് നടത്തിവരുന്നത്.

   കേരളാ പോലീസിൻറെ അന്വേഷണമികവിനുളള മികച്ച ഉദാഹരണമാണ് 06.02.2022 ൽ  തിരുവനന്തപുരം അമ്പലംമുക്കിന് സമീപത്തെ  ചെടിവിൽപ്പന കടയിൽ നടന്ന കൊലപാതകത്തിലെ പ്രതിയുടെ അറസ്റ്റ്. ലോക്ഡൗൺ ദിനത്തിൽ തിരക്ക് കുറവായതിനാൽ ഈ ദിവസം തെരഞ്ഞെടുത്ത് അതീവ രഹസ്യമായി കൊലപാതകം നടത്തി രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടിൽ മൂന്ന് കൊലപാതകങ്ങൾ നടത്തിയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊടും കുറ്റവാളിയാണ് ഇയാൾ. ഉച്ച സമയത്ത് ഒറ്റക്ക് കടക്കുളളിലേക്ക് കയറിപ്പോയ നെടുമങ്ങാട് സ്വദേശിനിയായ ജീവനക്കാരിയെ നിരീക്ഷിച്ച ശേഷം പുറകെ കടയിൽ കയറിയ പ്രതി കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ധരിച്ചിരുന്ന നാലു പവൻറെ മാലയുമായി കടന്ന ഇയാൾ യാതൊരു തെളിവും അവശേഷിപ്പിക്കാതെ വേഷം മാറി പല വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് രക്ഷപ്പെടുകയായിരുന്നു. കൊലചെയ്യപ്പെട്ട സ്ത്രീ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെ കടയിൽ കസ്റ്റമർ വന്നുവെന്ന് പറഞ്ഞ ശേഷം ഫോൺകട്ട് ചെയ്തു. ഇതു മാത്രമാണ് പോലീസിന് ലഭിച്ച സൂചന. ഇവർ ഫോണിൽ സംസാരിച്ച സമയത്തിന് ശേഷമുളള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. സാഹചര്യത്തെളിവുകളും ശേഖരിച്ചു. കൃത്യമായ വിശകലനങ്ങളും പഴുതടച്ച അന്വേഷണവുമാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രതി മാറിമാറി കയറിയ വാഹനങ്ങളുടെ നമ്പർ ശേഖരിച്ച് ഓരോ വാഹന ഉടമയെയും കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചായിരുന്നു പോലീസ് കേസിന് തുമ്പുണ്ടാക്കിയത്. കേസ് അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ നിയോഗിച്ചു.  ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തിറങ്ങി രാപകലില്ലാതെ നടത്തിയ അന്വേഷണത്തിലൊടുവിലാണ് തമിഴ്നാട്ടിലെ വെളളമടയിൽ നിന്നും ഇയാൾ അറസ്റ്റിലായത്. തമിഴ്നാട്ടിൽ നാല് കൊലപാതകങ്ങൾ നടത്തിയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊടും കുറ്റവാളിയാണ് ഇയാൾ. 

   2021 ജൂലൈ 21 ന് അഞ്ചൽ ആയൂർ റോഡിൽ പെരിങ്ങളളൂർ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ അജയൻപിളളയെ കുത്തിക്കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് അതിവേഗം പ്രതികളെ കണ്ടെത്താൻ ചടയമംഗലം പോലീസിന് കഴിഞ്ഞു. കവർച്ച നടത്തുന്നതിനായി ഇരുചക്രവാഹനങ്ങളിൽ കറങ്ങിയ സംഘം യാതൊരു തുമ്പും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകം മൊബൈൽ ഫോണുകളും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് തെളിയിച്ചത്.

   പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് നടന്ന ഇരട്ടക്കൊലപാതക്കേസിലെ അപ്രതീക്ഷിത അറസ്റ്റിലൂടെയും  കേരളാ പോലീസ് മികവ് കാട്ടി. 2016 ജനുവരി 15 നാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പിൽ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും വീട്ടിലെ കിടപ്പ്മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ അയൽവാസിയും കടമ്പഴിപ്പുറം കണ്ണുകുറിശ്ശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു.കെ.രാജേന്ദ്രൻ ആണ് പോലീസ് പിടിയിലായത്. തുടക്കത്തിൽ ലോക്കൽ പോലീസും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. 2019 ൽ അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിൻറെ കീഴിലുളള പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം ഫോൺ കോളുകളും രണ്ടായിരത്തിലധികം വിരലടയാളങ്ങളും സംഘം പരിശോധനയ്ക്ക് വിധേയമാക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

   അന്വേഷണത്തിൻറെ ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നവരുടെ പട്ടികയിൽ രാജേന്ദ്രൻ ഉൾപ്പെട്ടിരുന്നില്ല. യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിൽ ആസൂത്രിതമായിരുന്നു പ്രതിയുടെ ഓരോ നീക്കവും. സംഭവ ദിവസം താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനായി ചെന്നൈയ്ക്ക് ട്രയിൻ ടിക്കറ്റെടുക്കുകയും അടുത്ത പരിചയക്കാരോട് താൻ ജോലിസ്ഥലത്തേക്ക് പോവുകയാണെന്ന് മനപ്പൂർവ്വം പറയുകയും ചെയ്ത ഇയാൾ പാലക്കാട് റെയിൽവേ സ്റ്റേഷൻ വരെ യാത്ര ചെയ്ത ശേഷം രാത്രി നാട്ടിൽ തിരിച്ചെത്തിയാണ് കൊലപാതകം നടത്തിയത്. 

   കൊല്ലപ്പെട്ട തങ്കമണി ധരിച്ചിരുന്ന ആറ് പവൻറെ ആഭരണങ്ങളും 4000 രൂപയും വീട്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. സംശയിക്കുന്നവരുടെ പട്ടികയിൽ ഉളളവരുടെ സാമ്പത്തിക ഇടപാടുകൾ രഹസ്യമായി അന്വേഷണ വിധേയമാക്കിയ പോലീസ് പ്രതിയായ രാജേന്ദ്രൻ കൊലപാതകം നടന്ന് മാസങ്ങൾക്കുശേഷം ചില കടബാധ്യതകൾ തീർത്തതായി കണ്ടെത്തിയിരുന്നു. എന്നാൽ പഴുതുകളടച്ച് പിടികൂടുന്നതിനായി കടമ്പഴിപ്പുറത്തും ചെന്നൈയിലും ക്യാമ്പ് ചെയ്ത് നിരന്തരം നിരീക്ഷണം നടത്തി ചോദ്യംചെയ്തും വിരലടയാളം ആവർത്തിച്ച് ഒത്തുനോക്കിയും തെളിവുകൾ ശേഖരിച്ചാണ് ക്രൈംബ്രാഞ്ചിൻറെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

   14.01.2022 ൽ വിഴിഞ്ഞം മുല്ലൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗ അറസ്റ്റാണ് കേരളാപോലീസ നടത്തിയത്. മുല്ലൂർ തോട്ടം സ്വദേശിനി 75 വയസ്സുളള ശാന്തകുമാരിയെ രാത്രിയോടെ അയൽവാസിയുടെ വാടകവീടിൻറെ തട്ടിൻപുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. മോഷണത്തെ തുടർന്നുളള  കൊലപാതകമാണെന്ന് മനസിലാക്കിയ വിഴിഞ്ഞം പോലീസ്  ഉണർന്ന് പ്രവർത്തിച്ചു. വാടക വീട്ടിലെ താമസക്കാരായ റഫീഖാബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽഅമീൻ എന്നിവർ ഒളിവിൽ പോയെന്ന് മനസിലാക്കിയ പോലീസ് അതിവേഗം ഇവരെ തിരഞ്ഞിറങ്ങി. ഞൊടിയിടയിൽ സൈബർ പോലീസിൻറെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ രക്ഷപ്പെടുന്നതിനായി കോഴിക്കോടേക്കുളള സ്വകാര്യ ബസിൽ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. മിനിറ്റുകൾക്കുളളിൽ കഴക്കൂട്ടത്തിന് സമീപം വച്ച് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ഒരു വർഷം മുമ്പ് പൂവാർ പോലീസ് സ്റ്റേഷൻ  പരിധിയിൽ 14 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖാബീവിയും മകൻ ഷഫീഖുമാണെന്ന് പോലീസ് കണ്ടെത്തി.

   വയനാട് പനമരത്ത് വൃദ്ധദമ്പതികൾ കുത്തേറ്റ് മരിച്ച കേസിലും കേരളപോലീസ് അന്വേഷണ മികവ് തെളിയിച്ചു. 2021 ജൂൺ പത്തിനാണ് റിട്ടയേർഡ് അധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. വൃദ്ധദമ്പതികളുടെ അയൽവാസിയാണ് പ്രതിയായ അർജുൻ. മോഷണ ശ്രമത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. അന്വേഷണത്തിൻറെ പലഘട്ടത്തിലും ഇയാൾ ചോദ്യം ചെയ്യലിന് വിധേയനായെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ വിട്ടയച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. കേസിൽ 300 ൽ അധികം പേരെ ചോദ്യം ചെയ്താണ് പ്രതിയെ കണ്ടെത്തിയത്.

   2019 ഡിസംബർ 15 ന് ആൺ സുഹൃത്തിൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകിയെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി. ഭർത്താവിൻറെ വീട്ടുകാരുമായി പിണങ്ങി സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെയാണ് പത്തനംതിട്ട പുല്ലാനിപ്പാറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതി യുവതിയുടെ വീട്ടുകാരും സുഹൃത്തും പരസ്പരം പഴിചാരിയ കേസ് ക്രൈംബ്രാഞ്ച് എറ്റെടുത്തതോടെയാണ് വഴിത്തിരിവായത്. യുവതിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച ഡി.എൻ.എ അജ്ഞാതനായ ഒരാളുടേതാണെന്ന കണ്ടെത്തൽ അന്വേഷണത്തിൽ നിർണായകമായി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി ആ ദിവസം പരിസരത്തുണ്ടായിരുന്ന മൂന്ന് പേരിലേക്ക് അന്വേഷണം ചുരുക്കി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി യുവതിയുമായി യാതൊരു ബന്ധവുമില്ലായിരുന്ന കൊട്ടാങ്ങൽ സ്വദേശി നസീർ ആണെന്ന് കണ്ടെത്തിയത്. മാനഭംഗശ്രമത്തിനിടെ നടന്ന കൊലപാതകമായിരുന്നു അത്. മരംവെട്ട് ജോലിക്കാരനായിരുന്ന ഇയാൾ യുവതിയുടെ കഴുത്തിൽ ഇട്ട കുരുക്കിൻറെ പ്രത്യേകതയും പ്രതിയെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

കഞ്ചാവ് വേട്ട

     2022 ജനുവരിയിൽ ചരക്കുലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ നിറച്ച് കടത്തിയ 400 കിലോ കഞ്ചാവ് അതിവിദഗ്ധമായാണ് ചാലക്കുടി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്നതായി  ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷിന് രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ജില്ലയിൽ നിന്ന് സ്ഥിരമായി സംസ്ഥാന അതിർത്തി കടന്നു പോകുന്ന വാഹനങ്ങളെയും അതിലെ യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് രാപകൽ ഇല്ലാതെ നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു ഈ വൻകഞ്ചാവ് വേട്ട. കഞ്ചാവ് കച്ചവടം നടത്തുന്ന സ്ഥിരം കുറ്റവാളികളുടെ ഫോൺ നമ്പരുകൾ അന്വേഷണ വിധേയമാക്കി. സംശയമുളള നമ്പരുകൾ ടോൾബൂത്തുകളിലൂടെ കടന്നുപോകുന്ന സമയം കൃത്യമായി കണ്ടെത്തി കൊടകര ദേശീയപാതയിൽ വാഹനപരിശോധന നടത്തിയാണ് സംസ്ഥാന പോലീസ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ചന്തപ്പുര സ്വദേശി ലുലു(32), പെരിങ്ങണ്ടൂർ സ്വദേശി ഷാഹിൻ(33), പൊന്നാനി സ്വദേശി സലിം(37) എന്നിവരാണ് അറസ്റ്റിലായത്.

   അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുളള മുന്തിയ ഇനം കഞ്ചാവാണ് പോലീസ് പിടികൂടിയത്.  ആന്ധ്രയിൽ നിന്ന് കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം കഞ്ചാവ് കേരളത്തിൽ ഗ്രാമിന് അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ വിൽപ്പനനടത്തുന്നു. വൻലാഭം ലക്ഷ്യം വച്ച് നടത്തിയ ലഹരികടത്താണ് പോലീസിൻറെ നിരന്തര നിരീക്ഷണത്തിലൂടെ തടഞ്ഞത്. ആന്ധ്രയിലെ അനക്കാപ്പളളിയിൽ നിന്ന് പായ്ക്കറ്റുകളാക്കി  കടലാസ് കൊണ്ട് മൂടിയായിരുന്നു കടത്ത്. ചരക്കുലോറിയിൽ പുസ്തകത്തിൻറെ പുറംകവർ ഉണ്ടാക്കുന്ന പേപ്പർ നാലുവശവും നിറച്ച് നടുക്കായി കഞ്ചാവ് പായ്ക്കറ്റുകൾ അടുക്കിയാണ്   സംഘമെത്തിയത്. ആറു മാസത്തിനുളളിൽ 700 കിലോയിലധികം കഞ്ചാവാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള ക്രൈംസ്ക്വാഡ് കൊരട്ടി, പുതുക്കാട്, കൊടകര എന്നീ സ്ഥലങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിൻറെ നിർദ്ദേശപ്രകാരം  ങശശൈീി ഉഅഉ (ഉൃശ്ല മഴമശിെേ ഉൃൗഴ) എന്നപേരിൽ ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവൽക്കരണ പരിപാടികളുമാണ് പോലീസ് നടത്തിവരുന്നത്.       

   ആംബുലൻസിലെ കഞ്ചാവ് കടത്ത് 

   രോഗിയുമായി  സൈറൺ മുഴക്കിയെത്തുന്ന ആംബുലൻസുകളെ നിരത്തുകളിൽ ഏറെ പരിഗണന നൽകിയാണ് പോലീസുദ്യോഗസ്ഥർ കടത്തി വിടുന്നത്. എന്നാൽ ജീവൻരക്ഷാ വാഹനങ്ങൾ ലഹരികടത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തി അതിവിദഗ്ദ്ധമായി പിടിച്ചെടുത്തു പെരിന്തൽമണ്ണ പോലീസ്. 28.01.2022 ലാണ് 45.9 കിലോ കഞ്ചാവ് ഒളിപ്പിച്ച് വിശാഖപട്ടണത്ത് നിന്ന് വന്ന ആംബുലൻസ് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്. ആംബുലൻസിൽ രോഗിയെ കിടത്തുന്ന സീറ്റിനടിയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.

സൈബർ നേട്ടങ്ങൾ

സൈബർ ഫൈനാൻഷ്യൽ ഫ്രോഡ് -കോൾ സെൻറർ

   ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽകുന്നതിനുളള കേരളാ പോലീസിൻറെ കോൾസെൻറർ സംവിധാനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് 31.08.2021 ൽ നിലവിൽ വന്നു.  സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിക്കാം. ഓൺലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് കാലതാമസമില്ലാതെ പരാതി നൽകാൻ ഇതിലൂടെ കഴിയും. കേന്ദ്രസർക്കാരിൻറെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻറ് മാനേജ്മെൻറ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രീകൃത കോൾസെൻറർ സംവിധാനം പ്രവർത്തിക്കുക.

   ലഭിക്കുന്ന പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടർന്ന് പരാതികൾ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.           

ടോക് ടു കേരളാ പോലീസ്

   കേരളാ പോലീസ് സൈബർഡോം പുറത്തിറക്കിയ പുതിയ സംരംഭമാണ് കേരളാപോലീസ് അസിസ്റ്റൻറ് ചാറ്റ് ബോട്ട് സർവ്വീസ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് സിറ്റി പോലീസാണ് പദ്ധതി നടപ്പിലാക്കിയത്. ഇൻറർനെറ്റ് സൗകര്യമുളള മൊബൈൽ ഫോണുകളിലൂടെ പൊതുജനങ്ങൾക്ക് അതിവേഗം കേരളാ പോലീസ് സേവനങ്ങൾ ലഭ്യമാകുന്നതാണ് പുതിയ പദ്ധതി. ഗൂഗിൾ അസിസ്റ്റൻറിലൂടെ ചാറ്റ് ബോട്ട് എന്ന് പറഞ്ഞാൽ ഈ സേവനം ലഭ്യമാണ്. ഇതിലൂടെ കുറ്റകൃത്യം അറിയിച്ചാൽ ആവശ്യമായ സേവനമോ നിർദ്ദേശമോ പോലീസിൽ നിന്നും ലഭിക്കും. ഇതിനായി മറ്റ് ആപ്ലിക്കേഷനുകളൊന്നും ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.

ഡ്രോൺ ഫോറൻസിക് ലാബ്

    കേരളാ പോലീസിൻറെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ 13.08.2021 ൽ നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷത കണ്ടെത്തുക, ഉപകരണത്തിൻറെ മെമ്മറി ശേഷി, സോഫ്റ്റ്വെയർ, ഹാർഡ്വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണകേന്ദ്രത്തിലായിരിക്കും.

   സൈബർഡോമിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൽ ശേഖരിക്കാൻ സഹായിക്കും. ഡ്രോണിൻറെ മെമ്മറി, സോഫ്റ്റ് വെയർ, ഹാർഡ്വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നു. 

നവീകരിച്ച സിറ്റിസൺ പോർട്ടൽ - തുണ

   പോലീസിൻറെ നവീകരിച്ച സിറ്റിസൺ സർവ്വീസ് പോർട്ടൽ, സിറ്റിസൺ സർവ്വീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ 30.11.2021 ന് നിലവിൽ വന്നു. തുണ എന്ന നിലവിലെ സർവ്വീസ് പോർട്ടൽ പൊതുജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്തിയാണ് പുതിയ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ, അപകടകേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽ വഴി അപേക്ഷിക്കാം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കുളള പണം അടയ്ക്കാൻ ഓൺലൈൻ പെയ്മെൻറ് രീതികളും പുതിയ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.  ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാനും കഴിയും.

 കൂടാതെ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങൾ  പരിശോധിച്ച് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്. കേരളാ പോലീസിൻറെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് മുഖേന മൊബൈൽ ഫോണുകളിലും ഈ സേവനം ലഭ്യമാകും. അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോർട്ടൽ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ആവശ്യമായ രേഖകൾ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തൽസ്ഥിതി എസ്.എം.എസ് അല്ലെങ്കിൽ പോർട്ടൽ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റർ ചെയ്ത പരാതികൾക്ക് രസീതും ലഭിക്കും. പോലീസ് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രാപ്നൽ

   ഡാർക്ക്  വെബിലെ  നിഗൂഢതകൾ  നീക്കുന്നതിനും കുറ്റകൃത്യങ്ങൾ  വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ വികസിപ്പിച്ചെടുത്ത  സോഫ്റ്റ് വെയറാണ് 'ഏൃമുിലഹ 1.0چ. ഡാർക്ക് വെബിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടുപിടിക്കാൻ പൊതുവെ പ്രയാസമാണ്. ഇതിന് പരിഹാരമായി വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ് വെയർ പോലീസിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമാണ്. ഡാർക്ക്   വെബിലൂടെ  നടക്കുന്ന  കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന്  കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക  തട്ടിപ്പുകൾ എന്നിവ  ഈ സോഫ്റ്റ് വെയർ  ഉപയോഗിച്ച്  കണ്ടെത്തുവാനും  അവയുമായി  ബന്ധപ്പെട്ട  അന്വേഷണങ്ങൾ  നടത്തുവാനും സാധിക്കും.



   പുരസ്കാരങ്ങൾ

ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

   കണ്ണൂർ സിറ്റിയിലെ ചക്കരക്കല്ല്, ഇടുക്കി ജില്ലയിലെ മുട്ടം എന്നീ പോലീസ് സ്റ്റേഷനുകളും സൈബർഡോമും ഐ.എസ്.ഒ സർട്ടിഫിക്കേഷന് അർഹമായി. ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയൽ, കുറ്റകൃത്യങ്ങൾ കണ്ടെത്തൽ, അടിയന്തിര പ്രതികരണം, വി.ഐ.പി സെക്യൂരിറ്റി മറ്റ് പോലീസ് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നൽകുന്നത്.

   കൈകാര്യം ചെയ്യുന്ന വിവരങ്ങൾ  കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏജൻസികൾക്കാണ് ഐ.എസ്.ഒ 27001 സർട്ടിഫിക്കറ്റ് നൽകുന്നത്.  ഈ വർഷത്തെ ഐ.എസ്.ഒ 27001 സർട്ടിഫിക്കറ്റ് സൈബർഡോമിന് ലഭിച്ചു. ഇന്ത്യയിൽ ആദ്യമായി ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമനിർവ്വഹണ വിഭാഗമാണ് സൈബർഡോം. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ഐ.എസ്.ഒ 27001 സർട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയും കേരളാപോലീസ് സൈബർഡോമിനുണ്ട്.

ബയോഡൈവേഴ്സിറ്റി അവാർഡ്

   കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് ലഭിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് പുരസ്കാരം നൽകുന്നത്.        കഴിഞ്ഞ അഞ്ച് വർഷം തീരപ്രദേശങ്ങളിൽ നടത്തിയ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളാണ് നീണ്ടകര പോലീസ് സ്റ്റേഷനെ അവാർഡിന് അർഹമാക്കിയത്. അഴീക്കൽ മുതൽ പരവൂർ വരെയുളള സ്ഥലങ്ങളിൽ കണ്ടൽകാടുകൾ സ്ഥാപിച്ച് തീരസംരക്ഷണത്തിന് അതീവ പ്രാധാന്യമാണ് കോസ്റ്റൽ പോലീസുദ്യോഗസ്ഥർ നൽകുന്നത്. സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിരിക്കുന്ന ഔഷധോദ്യാനം നീണ്ടകര പോലീസ് സ്റ്റേഷൻറെ പ്രത്യേകതയാണ്.

സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി

   സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്ന അംഗീകൃത സഥാപനമായി കേന്ദ്ര ഇലക്ട്രോണിക് ഐ.റ്റി മന്ത്രാലയം വിജ്ഞാപനം ചെയ്തു. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും പരിശോധനയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ അഞ്ച് ഫോറൻസിക് ലാബുകൾക്ക് മാത്രമാണ് ഇതിനുമുമ്പ് ഈ അംഗീകാരം ലഭിച്ചത്. കേന്ദ്ര സർക്കാരിൻറെ തൃതല പരിശോധന വിജയകരമായി പൂർത്തീകരിച്ചതിനാണ് അംഗീകാരം. കമ്പ്യൂട്ടർ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പരിശോധിക്കാൻ വേണ്ട എല്ലാവിധ സാങ്കേതികവിദ്യും വിദഗ്ദ്ധരും ഫോറൻസിക് ഉപകരണങ്ങളും സംസ്ഥാന ഫോറൻസിക് ലാബിലെ സൈബർ വിഭാഗത്തിന് ഉണ്ടെന്ന് കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടതിനാലാണ് അംഗീകരം ലഭിച്ചത്. ഇലക്ട്രോണിക് പരിശോധന നടത്തി കോടതിയിൽ റിപ്പോർട്ട് നൽകാൻ ഐ.റ്റി നിയമത്തിലെ 790 എ വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിൻറെ ഈ അംഗീകാരം ആവശ്യമാണ്.

ദേശീയ ഇഗവേണൻസ് അവാർഡ്

   ഇഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ദേശീയ ഇ-ഗവേണൻസ് പുരസ്കാരം കേരളാ പോലീസിൻറെ സോഷ്യൽ മീഡിയാ വിഭാഗത്തിന് ലഭിച്ചു. വാർത്താവിനിമയം, വിവര സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചു കേരളാ പോലീസ് സോഷ്യൽ മീഡിയാ വിഭാഗം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിൻറെ നേരിട്ടുളള നിയന്ത്രണത്തിലാണ് സോഷ്യൽ മീഡിയ വിഭാഗം പ്രവർത്തിക്കുന്നത്.

   സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങൾ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻറെ  ഭാഗമായാണ് കേന്ദ്രസർക്കാർ ഇ-ഗവേണൻസ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പർക്ക രീതികളിൽ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് സോഷ്യൽ മീഡിയ വിഭാഗം നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ അവാർഡ് നിർണയത്തിന് പരിഗണിച്ചു.

   ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെ കീഴടക്കിയ കേരള പോലീസിൻറെ ഔദ്യോഗിക ഫേസ്ബുക് പേജ് 18 ലക്ഷം ഫോളോവേഴ്സുമായി ലോകത്തെ സ്റ്റേറ്റ് പോലീസ് ഫേസ്ബുക് പേജുകളിൽ മുൻനിരയിലാണ്.