തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കത്ത് യുഡിഎഫ് കച്ചിത്തുരുമ്പാക്കുകയാണ്. വ്യാജമെന്നറിഞ്ഞിട്ടും രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ഈ വിഷയം കത്തിച്ചുനിർത്തുന്നു. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ലക്ഷ്യം. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ മുൻനിർത്തി പിൻവാതിൽ നിയമനങ്ങൾക്ക് മേയർ കൂട്ടുനിന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പ്ലീഡർ നിയമനങ്ങളെ സംബന്ധിച്ച വസ്തുതകൾ അവയിൽ ചിലതു മാത്രമാണ്. അന്നത്തെ മന്ത്രിമാരും, എംഎൽഎമാരും എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും നൽകിയ ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലാണ് മുഴുവൻ പ്ലീഡർ നിയമനങ്ങളും നടന്നെതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. അവയിൽ ചില നിയമനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം.
നിലവിലെ കെപിസിസി പ്രസിഡന്റ് കണ്ണൂരിലെ വിനോദ് രാജിന് വേണ്ടി എഴുതിയ ശുപാർശക്കത്ത്. 31/08/ 2011 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ലെറ്റർ പാഡിൽ കണ്ണൂർ മുൻസിഫ് കോടതിയിലെ നിയമനത്തിന് സുധാകരൻ ശുപാർശ നൽകിയത്.
കോഴിക്കോട് എംപി എംകെ രാഘവൻ 31/07/2011 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ലെറ്റർ പാഡിലെഴുതിയ കത്ത്. കോഴിക്കോട് കക്കോടി സ്വദേശിയായ അഡ്വ. സി സുഗതന് വേണ്ടിയാണ് ശുപാർശ നൽകിയത്. ജില്ലാക്കോടതിയിലെ ഗവൺമെന്റ് ലോ ഓഫീസർമാരുടെ പാനലിലേക്കുള്ള നിയമനത്തിനായിരുന്നു ശുപാർശ.
10/10/2011 ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവും 11/10/2011 ന് ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് യു ദാമോദരൻ മാസ്റ്ററും ഇതേ വ്യക്തിക്കായി തങ്ങളുടെ ഔദ്യോഗിക ലെറ്റർപാഡുകളിൽ കത്ത് നൽകിയിട്ടുണ്ട്.
റവന്യു, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് 20/08/2011ന് കുറിപ്പായി ഫോർവേഡ് ചെയ്ത ശുപാർശക്കത്ത് ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡർ നിയമനത്തിന് വേണ്ടിയായിരുന്നു. തൊടുപുഴ സ്വദേശിയായ ടോം തോമസിന് വേണ്ടിയായിരുന്നു ഈ ശുപാർശ. 10/09/2011ന് വീണ്ടുമൊരു ശുപാർശ നൽകി.
കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് 12/07/2011 മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ലെറ്റർ പാടിലെഴുതിയ ശുപാർശക്കത്ത് ആലപ്പുഴയിലെ അഡ്വക്കറ്റ് ആർ സുനിൽകുമാറിന് വേണ്ടിയായിരുന്നു. ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് വേണ്ടിയായിരുന്നു ശുപാർശ.താൻ വളരെയധികം താത്പര്യപ്പെടുന്ന വിഷയമാണിതെന്ന് അദ്ദേഹം കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ഇതേ വ്യക്തിക്കായി 10/07/2011 ന് മാവേലിക്കര മുൻ എംഎൽഎ എം മുരളി തന്റെ കാലാവധി കഴിഞ്ഞ എംഎൽഎ ലെറ്റർപാഡിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
കെപിസിസി സെക്രട്ടറി ജോൺസൻ എബ്രഹാം 12/07/2011 ന് തന്റെ കെപിസിസി ലെറ്റർപാഡിലും ആലപ്പുഴ ഡിസിസി സെക്രട്ടറി എബി കുര്യാക്കോസ് 05/07/2011 ന് ഡിസിസിയുടെ ലെറ്റർപാഡിലും ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് കത്തു നൽകുകയുണ്ടായി.
എഐസിസി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ തന്റെ എഐസിസി ലെറ്റർപാഡിൽ 06/07/2011 ഇതേ ആവശ്യത്തിനായി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
അന്നത്തെ കൊടുങ്ങല്ലൂർ എംഎൽഎ ടി എൻ പ്രതാപൻ, മണലൂർ എംഎൽഎ പി ഇ മാധവൻ, ചാലക്കുടി എംപി കെ പി ധനപാലൻ എന്നിവർ ഇടപെട്ടത് വിനു വർഗീസ് കാച്ചപ്പള്ളിയുടെ ജില്ലാകോടതിയിലെ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള നിയമനത്തിന് വേണ്ടിയാണ്. 26/09/2011 നാണ് ടിഎൻ പ്രതാപൻ സ്വന്തം ലെറ്റർപാഡിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ശുപാർശ കത്തെഴുതിയത്. 12/10/2011 ന് പി എ മാധവൻ ഇതേ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ ബെന്നി ബെഹനാൻ മുഖേനയാണ് ശുപാർശക്കത്ത് അയച്ചതെന്നും കത്തിൽ നിന്നും വ്യക്തമാണ്.
07/08/2011 നാണ് തന്റെ സ്വന്തം ലെറ്റർപാഡിൽ ചാലക്കുടി എംപിയായിരുന്ന കെപി ധനപാലൻ വിനു വർഗീസ് കാച്ചപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് കത്തുനൽകിയത്. 2011 ആഗസ്ത് 6 ന് ഫോൺ മുഖാന്തിരം മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ച കാര്യവും കത്തിൽ ധനപാലൻ അടിവരയിട്ട് ഓര്മിപ്പിക്കുന്നുണ്ട്.
മാള ബ്ലോക്ക് പഞ്ചായത്ത് ലെറ്റർപാഡിൽ വിനു വർഗീസിന്റെ പിതാവ് വർഗീസ് കാച്ചപ്പള്ളിയും മകന് വേണ്ടി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയതായി കാണാം.
മാവേലിക്കര മുൻ എംഎൽഎ എം മുരളി കാലാവധി കഴിഞ്ഞ ലെറ്റർപാഡിൽ മഹിളാകോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ഏലിയാമ്മ എബ്രഹാമിന് വേണ്ടി 14/06/2011 ന് മുഖ്യമന്ത്രിക്ക് ശുപാർശക്കത്ത് നൽകി. മാവേലിക്കര ജില്ലാക്കോടതിയിലെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കായിരുന്നു ഈ ശുപാർശ.
ഇതേ വ്യക്തിക്ക് വേണ്ടി 28/06/2011 ന് കൊടിക്കുന്നിൽ സുരേഷ് എംപിയും സ്വന്തം ലെറ്റർപാഡിൽ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു.
22/06/2011 ന് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന വയലാർ രവി സ്വന്തം ലെറ്റർപാഡിൽ ചേർത്തലയിലെ കെ എസ് ഷാജഹാന് വേണ്ടി ശുപാർശ കത്ത് നൽകിയിരുന്നു. ചേർത്തല അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ തസ്തികയിലേക്കാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്. ഇതേ വ്യക്തിക്ക് വേണ്ടി ആലപ്പുഴ ഡിസിസി പ്രസിഡന്റ് ആയ എ എ ഷുക്കൂർ അന്നത്തെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലക്കും ഡിസിസിയുടെ ലെറ്റർപാഡിൽ 22/06/2011 ന് കത്ത് നൽകിയിരുന്നു.
മുൻ എംഎൽഎ വിപി സജീന്ദ്രൻ പ്രസിഡന്റും ചാണ്ടി ഉമ്മൻ വർക്കിംഗ് പ്രസിഡന്റുമായ എച് എൽ എൻ എംപ്ലോയീസ് അസോസിയേഷന്റെ ലെറ്റർപാഡിൽ ജനറൽ സെക്രട്ടറി ടി ഗോപിദാസും കെ എസ് ഷാജഹാന് കത്ത് നൽകിയിരുന്നു.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ പ്രസിഡന്റ് അഡ്വക്കറ്റ് ടി അസഫ് അലി തലശ്ശേരി ജില്ലാകോടതിയിലെ ഗവണ്മെന്റ് പ്ലീഡറുടെ നിയമനത്തിനായി അഡ്വക്കറ്റ് തങ്കച്ചൻ മാത്യുവിനേയും അഡിഷണൽ ഗവണ്മെന്റ് പ്ലീഡറുടെ നിയമനത്തിൽ അഡ്വക്കറ്റ് സി ജി അരുണിനെയും ശുപാർശ ചെയ്തുകൊണ്ട് 27/10/2011 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തുനൽകി. ഇദ്ദേഹമായിരുന്നു യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി പ്രവർത്തിച്ചിരുന്നത്.
അഡ്വക്കറ്റ് ടി എസ് സുരേഷ്‌കുമാറിനെ ആലപ്പുഴ ജില്ലാകോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ ഗോപകുമാർ 23/07/2011 ന് മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു.
അഡ്വക്കറ്റ് പി സജീവ്‌ബാബുവിനെ കൊല്ലം ജില്ലയിലെ ഗവണ്മെന്റ് പ്ലീഡറായി നിയമിക്കാൻ നിരവധി ശുപാർശക്കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കൊടിക്കുന്നിൽ സുരേഷുൾപ്പെടെ കൊല്ലം ജില്ലയിൽ നിന്നുള്ള 19 എ ഗ്രൂപ്പ് നേതാക്കളാണ് ഒറ്റക്കത്തിൽ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരിക്കുന്നത്.
കേരളം എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ കോട്ടാത്തല മോഹനൻ സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് സ്വന്തം കൈപ്പടയിൽ സജീവ്‌ബാബുവിനായി 18/07/2011 ന് മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ചത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് എംഎ സലാമും ഇതേ വ്യക്തിയായി 01/10/2011 ന് മുഖ്യമന്ത്രിക്ക് കത്തുനല്കുകയുണ്ടായി.
ഇങ്ങനെ നിയമനങ്ങൾക്കായി വന്നെത്തിയ ശുപാർശക്കത്തുകൾ അനവധിയാണ്. ഇവിടെ വിവരിച്ചത് പ്ലീഡർ തസ്തികകളിൽ ശുപാർശകൾക്കനുസരിച്ചു നടന്ന നിയമനങ്ങളും അതിനു പിന്നിൽ കളിച്ച നേതാക്കളുടെയും കഥകളാണ്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും എംഎൽഎമാരും എംപിമാരും മുതിർന്ന നേതാക്കളുമടക്കം പലരും സ്വന്തക്കാർക്കായി ശുപാർശ നടത്തിയവരിലുണ്ട്. മേയർ ആര്യ രാജേന്ദ്രനെതിരെ സമരം നടത്തുന്ന കോൺഗ്രസ് നേതൃത്വം എന്തായാലും ഇതൊന്നും മറന്നുകാണില്ല. എന്നിട്ടും ഇത്തരം കസർത്തുകളുമായി വിവാദം സൃഷ്ടിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.