ഭിമാ കൊറേഗാവ് കേസിലെ പ്രതികളായ റോണാ വിൽസൺ, ഹാനി ബാബു, സ്റ്റാൻ സ്വാമി എന്നിവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് പല തെളിവുകളും കിട്ടി എന്ന് അന്വേഷണ ഏജൻസിയായ എൻ ഐ എ പറഞ്ഞിരുന്നു. ഒരുപക്ഷേ അവർക്കെതിരെയുള്ള തെളിവുകൾ ഏല്ലാം ഡിജിറ്റൽ തെളിവുകളാണ്. കൊറേഗാവ് പ്രദേശത്തേക്ക് താൻ പോയിട്ടേയില്ലെന്ന് സ്റ്റാൻസ്വാമി ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവരുടെയെല്ലാം കമ്പ്യൂട്ടറുകളിൽ കണ്ടെത്തിയ തെളിവുകൾ എന്നുപറയുന്ന ഫയലുകൾ അവർ സൃഷ്ടിച്ചതല്ല എന്ന് അവർ എന്നേ പറഞ്ഞുകഴിഞ്ഞു.
റോണ വിത്സന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയെന്ന് പോലീസ് പറയുന്നത് പ്രധാനമന്ത്രിയെ വധിക്കാൻ പ്ലാൻ ചെയ്യുന്ന ചില കത്തുകളാണ്. എന്നാൽ ഈ കത്ത് മാൽവേയറുകൾ ഉപയോഗിച്ച് റോണയുടെ ലാപ്ട്ടോപ്പിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്ന് ആർസനൽ കൺസൾടിംഗ് എന്ന അമേരിക്കയിലെ പ്രശസ്ത ഡിജിറ്റൽ ഫോറെൻസിക് ഏജൻസി കണ്ടെത്തുകയും അത് വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
ഈ കേസിലെ പ്രതിയായ ഹാനി ബാബുവിന്റെ കാര്യത്തിലും ഇതുതന്നെസംഭവിച്ചു. ഹാനി ബാബുവിന്റെ ലാപ്ടോപ് അറസ്റ്റിനും മാസങ്ങൾക്കുമുൻപ് കസ്റ്റഡിയിലെടുത്ത് 62 ഡോക്യൂമെന്റസ് അതിൽ ഇടുകയായിരുന്നു എന്ന് ബാബുവിന്റെ ഭാര്യ ജെന്നി റെനോവ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പറഞ്ഞിരുന്നു. ഇതേ കേസിലെ പ്രതിയും തെലുങ്ക് കവിയും വായോധികനുമായ വരവര രാവുവിന്റെ ഇ മെയിലും ഹാക്കുചെയ്യപ്പെട്ട് അതുവഴി 22 മെയിലുകൾ അയച്ചിരുന്നു. അറസ്റ്റുചെയ്യപ്പെട്ട അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ഗിലിന്റെ ലാപ്ടോപിൽ നിന്നും ഇത്തരം മെയിലുകൾ കണ്ടെത്തിയിരുന്നു. മുമ്പ് കാരവാൻ മാഗസിൻ മുൻകൈ എടുത്ത് നടത്തിയ ഫോറെൻസിക് പരിശോധനയിലും തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. ആർസനൽ ഇടപെട്ട ഇത്തരത്തിലുള്ള പരിശോധനയിൽ ഏറ്റവും ഗൗരവമുള്ള കേസാണിത്. ഏതാണ്ട് മുന്നൂറിലേറെ മണിക്കൂറുകൾ ചെലവഴിച്ചാണ് ആർസനൽ ഈ പരിശോധന നടത്തിയത്.
ഇപ്പോഴിതാ ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഫാ. സ്റ്റാൻസ്വാമിയുടെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ ഫയലുകളും കൃത്രിമമായി സൃഷ്ടിച്ച് അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ കടത്തിവിട്ടതാണെന്ന് അർസനൽ കൺസൾടിംഗ് കണ്ടെത്തിയിരിക്കുന്നു. വാഷിങ്ടൻ പോസ്റ്റ് അത് റിപ്പോർട്ട് ചെയ്യുന്നു. ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാൻ ഒരു സിപ്പർ ചോദിച്ചിട്ട് അതുപോലും കൊടുക്കാതെ പൈശാചികമായി ജയിലിലിട്ട് പീഡിപ്പിച്ച് സ്റ്റാൻ സ്വാമിയെ ഭരണകൂടം കൊലചെയ്തത് ഈ കേസിന്റെ പേരിലാണ്. ഈ കേസാവട്ടെ, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായപ്പോൾ മഹാരാഷ്ട്ര സക്കാർ പിൻവലിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ വളരെപ്പെട്ടെന്ന് കേന്ദ്രസർക്കാർ കേസ് എൻ ഐ എ യെ ഏൽപ്പിക്കുകയായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഞാനോ നിങ്ങളോ സ്റ്റാലിനോ പിണറായി വിജയനോ ആരുമാകട്ടെ, ബിജെപിയെയോ ആർഎസ് എസിനെയോ എതിർക്കുന്ന ആരുടെയും ഫോണിലോ കമ്പ്യൂട്ടറിലോ പെഗാസസ് പോലെയുള്ള സ്പൈവെയറുകളോ മറ്റോ ഉപയോഗിച്ച് കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് ഏതു നിമിഷവും അറസ്റ്റുചെയ്യാനും സ്റ്റാൻസ്വാമിയെപ്പോലെ പീഡിപ്പിക്കാനും വേണ്ടിവന്നാൽ കൊല്ലാനും ഇന്ത്യൻ ഭരണകൂടത്തിന് നിസ്സാരമായി കഴിയും.
ജർമനിയിൽ പണ്ട് റെയ്ഗ് സ്റ്റാഗ് തീവച്ച കേസിൽ നുണപറഞ്ഞും കള്ളത്തെളിവുകൾ ഉണ്ടാക്കിയും എങ്ങനെയാണോ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയത്, അതിലും ഭീകരമായി മതന്യൂപക്ഷങ്ങളെയും ദളിതരെയും കമ്മ്യൂണിസ്റ്റുകളെയും വേട്ടയാടാനുള്ള പരിപാടികൾ തയ്യാറായിക്കഴിഞ്ഞു, അതിന്റെ പ്രയോഗവും തുടങ്ങി.