രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താത്പര്യങ്ങൾ കുത്തിനിറക്കുന്നതിന്റെ അവസാന പദ്ധതിയാണ് ഗവർണറിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ആർഎസ്എസിന്റെ ആ വേല പക്ഷെ കേരളത്തിൽ നടക്കില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുകയാണ് ഹൈക്കോടതിയും സർക്കാരും.
സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന ഹൈക്കോടതി നിലപാട് ഗവർണറുടെ സംഘപരിവാർ താത്പര്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ്. കെടിയു വിസി നിയമന സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവിലെ, 144, 145 ഖണ്ഡികകൾ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് ജസ്റ്റിസ് രാമചന്ദ്രന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. സർവകലാശാലകളുടെ പ്രവർത്തനത്തിൽ നിന്ന് സംസ്ഥാന സർക്കാരുകളെ മാറ്റിനിർത്താനാകില്ലെന്നും ഇത് സംസ്ഥാനത്തിന്റെ മൊത്തം സർക്കാരാണെന്നും കൂടി കോടതി പറഞ്ഞതോടെ ഗവർണറുടെ പത്തിയാണ് ഇല്ലാതായത്.
അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദമായിരുന്നു ഇത്രനാൾ കോൺഗ്രസ് ഏറ്റുപിടിച്ചിരുന്നത്. എന്നാൽ സംഘപരിവാർ താത്പര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ കുത്തിനിരക്കുന്ന ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റിയെ തീരു എന്ന് ലീഗ് നിലപാട് കടുപ്പിച്ചതിനു പിന്നാലെ മറ്റു മാർഗങ്ങളൊന്നും ഇല്ലാതായതോടെയാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിനെ മനസില്ലാമനസോടെ കോൺഗ്രസ് പിന്തുണച്ചത്. പുതിയ ബിൽ പാസാകുന്നതോടെ ഗവർണർ ചാൻസലർ സ്ഥാനത്ത് നിന്ന് തെറിക്കും. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ തെറിക്കുന്നത് ആർഎസ്എസിന്റെ പോഷക സംഘടനായി മാറിയ കോൺഗ്രസിന് വിഷമമുണ്ടാക്കുമെങ്കിലും സംഘപരിവാറിനായി പണിയെടുക്കുന്ന ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ബിൽ കേരളനിയമസഭയുടെ ചരിത്രത്തിൽ എക്കാലവും സുവർണ ലിപികളാൽ രേഖപ്പെടുത്തും.
എന്നാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബില്ല് പിന്തുണച്ച കോൺഗ്രസ് ആ സങ്കടം തീർത്തത് പുതിയ ചാൻസലറെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ മുട്ടാപോക്ക് ന്യായം പറഞ്ഞുകൊണ്ടാണ്. അങ്ങനെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ ഗവർണറുടെ നടപടികൾക്കെതിരെയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ മാറ്റാണ് കുറഞ്ഞു പോയത്. കാവിവൽക്കരണത്തിന് തടയിടലും ഉന്നതവിദ്യാഭ്യാസ മേഖലയുടെ കുതിപ്പുമാണ് സർവകലാശാലാ ബില്ലിന്റെ ലക്ഷ്യമെന്ന് തെളിവെള്ളംപോലെ പ്രതിപക്ഷത്തിനുതന്നെ വ്യക്തമായിട്ടും ബഹിഷ്‌കരിക്കുകയായിരുന്നു. ബില്ലിനെ എതിർത്ത് സഭ ബഹിഷ്കരിക്കുന്നത് സാധൂകരിക്കുന്ന യുക്തിപൂർവമോ പ്രായോഗികമോ ആയ ഒരു കാരണംപോലും പ്രതിപക്ഷം മുന്നോട്ട് വെക്കുന്നില്ല.
കോൺഗ്രസ് സർക്കാരുകൾ സർവകലാശാല ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ ചാൻസലർ സ്ഥാനത്തേക്ക് അക്കാദമിക മേഖലയിലെ പ്രഗത്ഭരെയാണ് നിയമിക്കുന്നത്. കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി നിയമിച്ചത് ലോകപ്രശസ്‌ത്ര നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയെയാണെന്നത് ഏറ്റവും വലിയ ഉദാഹരണം. അതുപോലെ സർവ്വകലാശാലയെ ആകെ ദീർഘ വീക്ഷണത്തോടെ മുന്നോട്ട് നയിക്കുന്നവരായിരിക്കും സംസ്ഥാനത്തെ സർവകലാശാലകളിൽ ആകെ ചാന്സലര്മാരായി വരുന്നത്. അതിനും പുറമെ ചാൻസലറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും അടങ്ങുന്ന ഭരണസമിതിക്കാണ്. ചാൻസലർ നിയമനത്തിന് പ്രതിപക്ഷം കൂടി ഉൾപ്പെടുന്ന സമിതി വന്നിട്ടും പിന്നെയും എതിർക്കുന്ന പ്രതിപക്ഷം കേരള സമൂഹത്തിന് മുന്നിൽ സ്വയം അപഹാസ്യരാകുകയാണ്. സർക്കാരിന്റെ എന്തും തീരുമാനത്തെയും എതിർക്കുകയും ബിജെപി പറയുന്നതൊക്കെ ഏറ്റുപാടുകയുമാണ് പ്രതിപക്ഷ ധർമ്മമെന്ന തെറ്റിദ്ധരിച്ചതുകൊണ്ടാണ് യുഡിഎഫിനെ രണ്ടാം തവണയും ജനങ്ങൾ ഭരണത്തിൽ നിന്ന് പുറത്തിട്ടത്. ഇനിയെങ്കിലും അത് തിരിച്ചറിഞ്ഞാൽ നന്ന്.