2015 ആഗസ്റ്റ് 17-ാം തീയതി നിര്‍മ്മാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം 2019 ഡിസംബര്‍ 3 ന് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. ഈ പദ്ധതി പ്രതികൂലമായി ബാധിച്ച് ഭാഗികമായോ പൂര്‍ണ്ണമായോ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്കെല്ലാം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍, ഇത് കൂടാതെ വിഴിഞ്ഞം നിവാസികളും പരിസരവാസികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്നങ്ങളെല്ലാം സര്‍ക്കാരിന്റ ഫണ്ടും, കരാര്‍ കമ്പനിയുടെ CSR ഫണ്ടും ഉപയോഗിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഞാന്‍ വിശദമായി കഴിഞ്ഞ സഭയില്‍ അറിയിച്ചിട്ടുള്ളതാണ്.
സര്‍, ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം തുറമുഖ നിര്‍മ്മാണത്തില്‍ സ്വപ്നസമാനമായ പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത തുറമുഖ നിര്‍മ്മാണം മൂലം തീരശോഷണം ഉണ്ടാകുന്നുവെന്നും തൊഴില്‍ നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി സമരം ആരംഭിച്ചിട്ടുള്ളത്.
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക.
- മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക.
- വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനഃരധിവസിപ്പിക്കുക.
- അനിയന്ത്രിതമായ മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, തമിഴ്നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക.
- കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക.
- മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.
- തീരശോഷണത്തിനും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും, കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായിട്ടുള്ള വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക. എന്നിവയാണ് ലത്തീന്‍ അതിരൂപത ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍.
സര്‍, ഈ ആവശ്യങ്ങളോട് ഏറ്റവും അനുകൂലവും പ്രായോഗികവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
സര്‍, ഓഖി ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട 144 മത്സ്യതൊഴിലാളികളെ ഒന്നാം പിണറായി സര്‍ക്കാര്‍ ഫ്ലാറ്റുകളില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. 2019 ന് ശേഷം വലിയതുറ തുറമുഖ ഗോഡൗണുകളിലും ബന്ധു വീടുകളിലും മാറി താമസിക്കേണ്ടിവന്ന മത്സ്യതൊഴിലാളികളെയാണ് ഇനി പുനരധിവസിപ്പിക്കേണ്ടത്. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഇരു മതവിഭാഗങ്ങള്‍ തമ്മിലുള്ള ദൗര്‍ഭാഗ്യകരമായ തര്‍ക്കത്തെ തുടര്‍ന്ന് പുനരധിവാസം നടത്തുവാന്‍ കഴിഞ്ഞില്ല. അവരെ മനുഷ്യോചിതമായി പുനരധിവസിപ്പിക്കുക എന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്.
സര്‍, ഇതിലേക്കായി 12/10/2022 ന് മുട്ടത്തറ വില്ലേജില്‍ ക്ഷീര വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 8 ഏക്കര്‍ ഭൂമി മത്സ്യബന്ധന വകുപ്പിന് കൈമാറി ഉത്തരവായിട്ടുണ്ട്. അവിടെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്തു വരെ തുറമുഖ ഗോഡൗണുകളിലും ബന്ധു വീടുകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ച പ്രകാരം പ്രതിമാസം 5,500/- രൂപ വീതം വാടക അനുവദിച്ചു കൊണ്ട് 01/09/2022 ന് ഉത്തരവായിട്ടുണ്ട്. ഈ തുക സെപ്തംബര്‍ മുതല്‍ വിതരണം ആരംഭിച്ചു. രണ്ട് മാസത്തെ വാടക അഡ്വാന്‍സായി നല്‍കിയിട്ടുണ്ട്. പ്രസ്തുത തുക വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യത്തോടും സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രതിമാസം 8000 രൂപ കണക്കാക്കി ബാക്കി 2500 രൂപ കരാര്‍ കമ്പനിയുടെ CSR വിഹിതത്തില്‍ നിന്ന് അനുവദിക്കാമെന്ന് കമ്പനിയും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം കരാര്‍ കമ്പനി എഴുതി നല്‍കിയിട്ടുണ്ട്. ഈ വിവരം സമരക്കാരെ അറിയിക്കുകയും ചെയ്തതാണ്.
സര്‍, സമഗ്രവും ശാസ്ത്രീയവുമായ പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഈ പ്രൊജക്ടിന് പാരിസ്ഥിതിക അനമതി നല്‍കിയിട്ടുള്ളത്. വിഴിഞ്ഞത്തിന്റെ പ്രത്യേകമായ ആകൃതിയും ഘടനയും മൂലം സമീപ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള തീരശോഷണം ഉണ്ടാകില്ല എന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള expert appraisal committee കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ പാരിസ്ഥിതിക അനുമതിക്കെതിരെ ബഹു. സുപ്രീം കോടതിയിലും ഹരിത ട്രിബുണലിലും പരാതികളുണ്ടായി. ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഹരിത ട്രിബൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് ഈ കേസുകളെല്ലാം കേള്‍ക്കുകയും വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്.
സര്‍, പ്രധാന കക്ഷികളുടെ അപേക്ഷ പരിഗണിച്ച് രണ്ട് വിദഗ്ദ സമിതികള്‍ക്ക് ദേശീയ ഹരിത ട്രിബൂണല്‍ രൂപം നല്‍കിയിരുന്നു. രാജ്യത്തെ പ്രധാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഈ കമ്മറ്റികളില്‍ അംഗങ്ങളായിട്ടുള്ളത്. അവര്‍ 6 മാസത്തിലൊരിക്കല്‍ യോഗം ചേരുകയും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു വരുന്നുണ്ട്. ഇവയെല്ലാം നടപ്പാക്കുന്നതിന് വിഴിഞ്ഞം തുറമുഖ കമ്പനി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ദേശീയ ഹരിത ട്രിബൂണല്‍ നിശ്ചയിച്ച സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണംമൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍ അറബിക്കടലിന്റെ പടിഞ്ഞാറെ തീരപ്രദേശമായ കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒട്ടേറെ ചുഴലിക്കാറ്റുകളും തീരശോഷണവും ഉണ്ടാകുന്നുണ്ട്. ഇത് ലോകമാകമാനമുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്.
സര്‍,എന്നിരുന്നാലും തുറമുഖനിര്‍മ്മാണം തീരശോഷണം വരുത്തുന്നു എന്ന ആക്ഷേപം പഠിക്കുന്നതിനായി 06/10/2022 ന് Central Water and Power Research Station (CWPRS) മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ.കുടാലെ അദ്ധ്യക്ഷനായി നാല് വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണംമൂലം ഏതെങ്കിലും തരത്തിലുള്ള തീരശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും, അങ്ങനെ ഉണ്ടെങ്കില്‍ അതിന് പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുവാനുമാണ് ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പ്രദേശ വാസികളെ കേള്‍ക്കുവാനും അവരുടെ ആശങ്കകള്‍ കൂടി പരിഹരിക്കുവാനുതകുന്ന തരത്തില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുമാണ് സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സര്‍, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഉണ്ടെന്നും അതു മൂലം മണല്‍ തിട്ട രൂപപ്പെട്ട് അപകടം ഉണ്ടാകുന്നുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഇതിന് പരിഹാരമായി കരാര്‍ കമ്പനി മുംബൈയില്‍ നിന്നും പ്രത്യേകമായി രൂപകല്‍പന ചെയ്ത ഡ്രഡ്ജര്‍ കൊണ്ടുവന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഡ്രഡ്ജിംഗ് നടത്തി മണല്‍തിട്ടയും തീരത്തോടടുത്തുള്ള വലിയ കല്ലുകളും മാറ്റി കളഞ്ഞു. അതുമൂലം രണ്ട് വര്‍ഷമായി അപകടങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വേണ്ട പഠനം നടത്തി Rectification നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി 22/10/2022 ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനെയിലെ Central Water and Power Research Station (CWPRS) നെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ട്.
സര്‍, കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ പോലെ 25 രൂപയ്ക് മണ്ണെണ്ണ നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് സംബന്ധിച്ച് ഫിഷറീസ് മന്ത്രി കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മണ്ണെണ്ണ വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറല്ല. Pollution തടയുന്നതിന് മണ്ണെണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ മണ്ണെണ്ണക്ക് 25 രൂപ വീതം സബ്സിഡി നല്‍കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത മത്സ്യതൊഴിലാളികളുടെ എണ്ണം കേരളത്തില്‍ മൂന്നരലക്ഷത്തോളം വരും. ഈ സാഹചര്യത്തില്‍ പ്രസ്തുത തുക വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനത്തിന് വരുന്ന സാമ്പത്തിക ബാധ്യത ഭീമമായിരിക്കുന്നതിനാല്‍ ഇത് പ്രായോഗികമല്ല. എന്നാല്‍ പരിസ്ഥിതി സൗഹൃദമായ മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് എഞ്ചിന്‍ വാങ്ങുന്നതിലേക്ക് സബ്സിഡി നല്‍കുവാന്‍ തയ്യാറാണെന്ന് ക്യാബിനെറ്റ് സബ്കമ്മറ്റിയും, ഫിഷറീസ് മന്ത്രിയും സമരക്കാരെ അറിയിച്ചിട്ടുണ്ട്.
സര്‍, ഇക്കാര്യത്തിലും സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിര്‍മ്മാണ കാലയളവില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും എന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അനുകൂലമായി പരിഗണിച്ചു. ഓരോ ബോട്ടിനും എഞ്ചിന്‍ കപ്പാസിറ്റി അനുസരിച്ച് 3 മുതല്‍ 7 ലിറ്റര്‍ വരെ മണ്ണെണ്ണ വീതം 2017 മുതല്‍ സൗജന്യമായി നല്‍കി വരുന്നുണ്ട്. ഇതിന് മാത്രം സര്‍ക്കാര്‍ പ്രതിവര്‍ഷം 23 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം 41 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇത് തുടരുന്നതിനായി 30/04/2022 ന് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുമുണ്ട്.
സര്‍, കാലാവസ്ഥാ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനം നടത്തുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് കൂലി നല്‍കണമെന്ന ആവശ്യം നടപ്പാക്കുന്നതിന് വലിയ തുക വേണ്ടി വരും. ഇത് ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നിലവിലില്ല. ഇത് ഫിഷറീസ് വകുപ്പിന്റെ ഇപ്പോഴത്തെ ബജറ്റ് അലോക്കേഷന്‍ കൊണ്ട് നടപ്പാക്കുവാനും കഴിയില്ല. അതുകൊണ്ട് ഇക്കാര്യം പ്ലാനിംഗ് ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ പ്രയായം നേരിട്ട എല്ലാ ഘട്ടങ്ങളിലും അവരെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തി സംരക്ഷിച്ചിട്ടുണ്ട്. അത് ഇടതുപക്ഷസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.
സര്‍, നിലവില്‍ ട്രോളിംഗ് നിരോധന സമയത്ത് സൗജന്യ റേഷന്‍ അനുവദിച്ച് നല്‍കുന്നുണ്ട്. ഓഖി പോലെ വലിയ കെടുതികള്‍ ഉണ്ടായപ്പോള്‍ തീരദേശത്തുള്ള മുഴുവന്‍ പേര്‍ക്കും സൗജന്യ റേഷനും മത്സ്യ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ധനസഹായവും നല്‍കിയിട്ടുണ്ട്.
സര്‍, എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുക എന്ന ആവശ്യം പരിഗണിക്കുവാന്‍ ഒരു ഘട്ടത്തിലും നിര്‍വ്വാഹമില്ല. 2015 യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച കണ്‍സഷന്‍ കരാര്‍ പ്രകാരം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കികൊടുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടിവരും. നേരത്തെ വിഴിഞ്ഞം തീരവാസികള്‍ സമരം ചെയ്തത് മൂലം നഷ്ടപ്പെട്ട ദിവസങ്ങള്‍ക്ക്പോലും നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ആര്‍ബിട്രേഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരിക്കെ നിര്‍മ്മാണ കമ്പനിക്ക് ആര്‍ബിട്രേഷനില്‍ സംസ്ഥാനത്തെ കൂടുതല്‍ പ്രിതിരോധത്തിലാക്കുവാനേ ഇപ്പോഴത്തെ സമരം ഉപകരിക്കൂ.
സര്‍, പ്രതിദിനം ലക്ഷക്കണക്കിന് രൂപ വാടകയുള്ള വലിയയന്ത്രങ്ങളും ബാര്‍ജുകളും വിദഗ്ദ തൊഴിലാളികളെയുമാണ് കരാര്‍ കമ്പനി എത്തിച്ചിട്ടുള്ളത്. ഇതുവരെ ഏതാണ്ട് 200 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രൊജക്ട് കമ്മീഷന്‍ ചെയ്യാനുള്ള കാലതാമസത്തിന് പുറമെ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അവര്‍ ആര്‍ബിട്രേഷനെ സമീപിക്കുവാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് വലിയ ബാധ്യത വരുത്തും.
സര്‍, സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. സമരക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കുവാനും അവ നടപ്പാക്കുന്നതിനുമായി ബഹു. ഫിഷറീസ്, ഗതാഗതം, റവന്യൂ, ഭക്ഷ്യ സിവില്‍ സപ്ലൈസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരടങ്ങിയ സബ് കമ്മറ്റിയെ ബഹു.മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അതനുസരിച്ച് ഈ സബ് കമ്മറ്റി രൂപതാ അധികൃതരുമായി നാല് വട്ടം ഔദ്യോഗികമായി ചര്‍ച്ച നടത്തുകയുണ്ടായി. ഇത് കൂടാതെ ഫിഷറീസ്, പൊതുവിദ്യാഭ്യാസ മന്ത്രിമാരുമായി നിരവധി അനൗദ്യോഗിക ചര്‍ച്ചകളും നടന്നിട്ടുണ്ട്.
സര്‍, സെപ്തംബര്‍ 26 ന് ക്യാബിനറ്റ് സബ് കമ്മറ്റിയുമായുള്ള നാലാമത്തെ ചര്‍ച്ചയില്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യമൊഴികെ മറ്റ് കാര്യങ്ങളില്‍ ഏത് വിട്ട് വീഴ്ചക്കും തയ്യാറാണെന്ന് മന്ത്രിസഭാ ഉപസമിതി സമരക്കാരെ അറിയിക്കുകയും, രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വരാമെന്ന് സമ്മതിച്ചിട്ടാണ് അവര്‍ പിരിഞ്ഞത്. എന്നാല്‍ പിന്നീട് അവര്‍ ചര്‍ച്ചക്ക് വന്നില്ല. തുടര്‍ന്ന് ചീഫ് സെക്രട്ടറി തലത്തിലും ചര്‍ച്ച നടത്തി. ചര്‍ച്ച തൃപ്തികരമാണെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പിലെത്താമെന്നും സമ്മതിച്ചു പിരിഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ ഈ ധാരണയില്‍ നിന്നും പിന്‍മാറി. പിന്നീട് ചര്‍ച്ചക്ക് വന്നിട്ടില്ല.
സര്‍, അതേ സമയം സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും നിര്‍മ്മാണത്തെ ഒരര്‍ത്ഥത്തിലും തടസ്സപ്പെടുത്തില്ലെന്നും സമരക്കാര്‍ ബഹു.കോടതിക്ക് ഉറപ്പുനല്‍കി. എന്നാല്‍ എല്ലാ ഉറപ്പുകളും കാറ്റില്‍ പറത്തി അക്രമാസക്തമായി നിര്‍മ്മാണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതും, തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം പിന്നീട് സാക്ഷിയായത്. ഈ സാഹചര്യത്തില്‍ ബഹു. ഹോക്കോടതിയുടെ 02/12/2022 ലെ ഉത്തരവു കൂടി പരിഗണിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, അതുവഴി സംസ്ഥനത്തിന്റെ ടൂറിസം, ഗതാഗത, വ്യവസായ, വാണിജ്യ, സാമ്പത്തിക മേഖലകളില്‍ വമ്പിച്ച കുതിപ്പ് ഉണ്ടാക്കുന്നതിന്നുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.