ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിൽ മറ്റ്‌ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നിലപാട്

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിൽ മറ്റ്‌ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നിലപാട്.

ഗവർണറുടെ ചാൻസലർ പദവി എടുത്തുമാറ്റുന്ന വിഷയത്തിൽ കോൺഗ്രസ്സിന്റെ എംഎൽഎമാർ നടത്തുന്ന കോലാഹലം കാണുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. മറ്റ്‌ സംസ്‌ഥാനങ്ങളിലെ കോൺഗ്രസ്സ് പാർടിയുടെ ഈ വിഷയത്തിലെ നിലപാട് എന്താണ്? അവരുടെ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ്സുകാരെ പോലെ തന്നെയാണോ?

രാജസ്ഥാൻ

കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്‌ഥാനമാണല്ലോ രാജസ്ഥാൻ. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ വശംകെട്ടപ്പോഴാണ് രാജസ്ഥാൻ സംസ്‌ഥാന സർക്കാർ നിയമഭേദഗതികൾക്കായി ജയ് നാരായൺ വ്യാസ് സർവ്വകലാശാലയിലെ മുൻ വിസി പിസി ത്രിവേദി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. വൈസ് ചാൻസലർമാരെ മുഖ്യമന്ത്രി നിയമിക്കണമെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത്. ചാൻസലർ പദവിക്ക് പകരം ഗവർണറെ വിസിറ്റർ ആക്കണമെന്നാണ് കമ്മിറ്റി നിർദ്ദേശം. 28 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നാണ് ഗവർണറെ നീക്കാനാണ് രാജ്സ്‌ഥാൻ സർക്കാർ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ബിൽ സർക്കാരിന്റെ പരിഗണനയിലാണ്. അടുത്ത സഭാ സമ്മേളനത്തിൽ തന്നെ അത് പാസാക്കാനാണ് രാജസ്‌ഥാൻ സർക്കാരിന്റെ ശ്രമം. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം രാജസ്ഥാൻ സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

“The Governor of Rajasthan shall be the Visitor of the University. The Visitor when present will preside over the Convocation of the University. The Visitor shall have other powers as prescribed by the Statutes of the University. The Chief Minister of Government of Rajasthan shall appoint a Chancellor for the University. The tenure of the Chancellor will be Five years or till the appointment of the next Chancellor by the Chief Minister whichever is earlier”.

രാജസ്ഥാനിൽ ഗവർണർ കൽരാജ് മിശ്രയുമായി നിരന്തര പോരാട്ടത്തിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങൾ അംഗീകരിക്കാതെ തള്ളിക്കളയുകയാണ് ഗവർണർ ചെയ്യുന്നത്.
ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ (എച്ച്ജെയു) ലെ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരുമായി ഗവർണർ കൊമ്പുകോർത്തിരുന്നു.

ഛത്തീസ്‌ഘഡ്

കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭരണം കയ്യാളുന്ന രണ്ടാമത്തെ സംസ്‌ഥാനമാണ് ഛത്തീസ്‌ഘഡ്. റായ്പൂരിലെ ഇന്ദിര ഗാന്ധി കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിലാണ് കോൺഗ്രസ്സ് സർക്കാരും ഗവർണറും തമ്മിൽ ഈയിടെ ഏറ്റുമുട്ടിയത്.

ഖുഷ്ഭാവു താക്കറെ സർവ്വകലാശാലയിലെയും പണ്ഡിറ്റ് സുദർശൻ ലാൽ ശർമ ഓപ്പൺ സർവ്വകലാശാലയിലെയും വൈസ് ചാൻസലർ നിയമനങ്ങളും നേരത്തെ ഗവർണർ അനസൂയ ഉയികേ നേരിട്ട് നടത്തുകയുണ്ടായി.

ഇതിൽ ഖുഷ്ഭാവു താക്കറെ സർവ്വകലാശാലയിൽ വിസിയായി നിയമിക്കപ്പെട്ട ബൽദേവ് ഭായ് ശർമ്മ ആർഎസ്എസ് മുഖമാസികയായ പഞ്ചാജന്യത്തിന്റെ എഡിറ്റർ ആയിരുന്നു. ആർഎസ്എസ് മുൻ തലവനായ കെഎസ് സുദർശന്റെ ജീവചരിത്രമെഴുതിയതാണ് ഇയാളുടെ മറ്റൊരു യോഗ്യത.

തുടർന്ന് 2020 മാർച്ച്‌ 26 ന് വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബില്ലുകൾ നിയമസഭയിൽ കോൺഗ്രസ്സ് സർക്കാർ പാസ്സാക്കി.

മഹാരാഷ്ട്ര

കോൺഗ്രസ്സ് പാർടി ഉൾപ്പെട്ട മഹാരാഷ്ട്രയിലെ അന്നത്തെ മഹാവികാസ് അഘാടി സർക്കാർ 2020 ലാണ് സർവ്വകലാശാല നിയമങ്ങളിൽ മാറ്റം വരുത്താൻ മുൻ യുജിസി ചെയർമാൻ സുഖദേവ് തൊറാട്ട് അധ്യക്ഷനായുള്ള 14 അംഗ കമ്മിറ്റിയെ നിയോഗിച്ചത്. കോൺഗ്രസ്സ് നോമിനിയായി യുജിസി അധ്യക്ഷ പദവിയിലിരുന്ന തൊറാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് 2021 ൽ മഹാരാഷ്ട്ര സർക്കാർ സർവ്വകലാശാല നിയമം ഭേദഗതി ചെയ്തു. ഇതുവഴി വിസി നിയമനങ്ങളിൽ ഗവർണറുടെ അധികാരം എടുത്തുകളഞ്ഞു. (ബിജെപി സർക്കാർ വന്നപ്പോൾ ഇത് മരവിപ്പിച്ചു).

തമിഴ്നാട്

തമിഴ് നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണല്ലോ കോൺഗ്രസ്സ്. 2022 ഏപ്രിൽ മാസത്തിലാണ് തമിഴ് നാട്ടിലെ ഡിഎംകെ സർക്കാർ വൈസ് ചാൻസലർ നിയമനാധികാരം ഗവർണറിൽ നിന്നും സംസ്‌ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകൾ പാസ്സാക്കിയത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും ഒഴിവാക്കുന്ന ബില്ലും പാസാക്കി.

ബംഗാൾ

2022 ജൂൺ 13 നാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റി തൽസ്‌ഥാനത്ത് മുഖ്യമന്ത്രിയെ അവരോധിക്കാനുള്ള ബിൽ പശ്ചിമ ബംഗാൾ സർക്കാർ പാസ്സാക്കിയത്. കോണ്ഗ്രസ് പാർടി ഇതിനെ എതിർത്തില്ല എന്നത് ശ്രദ്ധിക്കണം.