സംസ്‌ഥാന സർവ്വകലാശാലകളുടെ ചാൻസലർ ആരാവണം എന്ന് നിർണ്ണയിക്കുന്നത് നിയമസഭയാണ്

ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയിലൂടെ വിവിധ വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള അധികാരം ആർക്കാണ് എന്ന് നിർണ്ണയിച്ചിരിക്കുന്നത്.

യൂണിയൻ ലിസ്റ്റിൽ പാർലമെന്റിന് നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നുവെങ്കിൽ സ്റ്റേറ്റ് ലിസ്റ്റിൽ സംസ്ഥാന നിയമസഭകളുടെ നിയമ നിർമ്മാണ അധികാരവും കൺകറന്റ് ലിസ്റ്റിൽ സംയുക്ത അധികാരങ്ങളും നിർണയിച്ചിരിക്കുന്നു.

യൂണിയൻ ലിസ്റ്റിലെ എൻട്രി 44 ൽ വ്യത്യസ്ത സ്ഥാപനങ്ങൾ രൂപീകരിക്കുന്ന നിയമം നിർമ്മിക്കാൻ കേന്ദ്ര പാർലമെന്റിനുള്ള അധികാരമാണ് വിശദീകരിക്കുന്നത്.

Union List, Entry 44. "Incorporation, regulation and winding up of corporations, whether trading or not, with objects not confined to one State, but not including universities”

സർവ്വകലാശാലകൾ എന്നതു പ്രത്യേകമായി തന്നെ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.

എന്തൊക്കെയാണ് ഇങ്ങനെ ഒഴിവാകുന്നത് എന്നതും ശ്രദ്ധിക്കണം. സർവ്വകലാശാലകളുടെ Incorporation, regulation and winding up എന്നിവയെല്ലാമാണ് കേന്ദ്രത്തിന്റെ അധികാരത്തിൽ നിന്നും ഒഴിവാക്കിയത്.

അതായത് സംസ്‌ഥാന സർവ്വകലാശാലകളിൽ പാർലമെന്റിന് നിയമ നിർണ്ണയാവകാശമില്ല.

എന്നാൽ, പാർലമെന്റിന് നിയമം രൂപീകരിക്കാൻ അധികാരമുള്ള കേന്ദ്ര സർവ്വകലാശാലകൾ, ദേശീയ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ entry 62 മുതൽ 66 വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

യൂണിയൻ ലിസ്റ്റിലെ Entry 66 ൽ പറയുന്നത് ഇങ്ങനെയാണ്:

Union List, Entry 66. “ Co-ordination and determination of standards in institutions for higher education or research and scientific and technical institutions”.

അതായത് കേന്ദ്രത്തിന് (പാർലമെന്റിന്) ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുന്ന നിയമം ഉണ്ടാക്കാനുള്ള അധികാരമാണുള്ളത്. അതോടൊപ്പം ശാസ്ത്ര, സാങ്കേതിക ഗവേഷണത്തിലുള്ള അക്കാദമിക നിലവാരവും പാർലമെന്റിന് നിർണ്ണയിക്കാം. എന്നാൽ കേന്ദ്ര സർവ്വകലാശാലകൾ അല്ലാതെയുള്ള സർവ്വകലാശാലകളുടെ Incorporation , അഡ്മിനിസ്ട്രേഷൻ എന്നിവയൊന്നും ഈ ഇനത്തിന്റെ പരിധിയിൽ വരുന്നില്ല. ഈ അധികാരം ഉപയോഗിച്ചാണ് പാർലമെന്റ് UGC ACT നിർമ്മിച്ചതും ഇത് പ്രകാരം കാലാകാലങ്ങളിൽ യുജിസി റെഗുലേഷനുകൾ പുറപ്പെടുവിക്കുന്നതും.

അതേസമയം, സ്റ്റേറ്റ് ലിസ്റ്റിലെ ഇനം 32 ആയി സംസ്ഥാന നിയമസഭയ്ക്ക് സർവ്വകലാശാലകളെ നിയന്ത്രിക്കാനുള്ള അധികാരം നൽകുകയാണ് ഭരണഘടന ചെയ്തിരിക്കുന്നത്.

State List, Entry 32. “Incorporation, regulation and winding up of corporations, other than
those specified in List I, and universities; unincorporated trading, literary,
scientific, religious and other societies and associations; co-operative societies.”

സർവ്വകലാശാലകൾ രൂപീകരിക്കാനും റെഗുലേറ്റ് ചെയ്യാനുമുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം പൂർണ്ണമായും സംസ്ഥാന നിയമസഭയ്ക്കാണ് ഭരണഘടന നൽകുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

ഈ അധികാരം ഉപയോഗിച്ചാണ് നിയമസഭ വിവിധ സർവ്വകലാശാലാ നിയമങ്ങൾ/ചട്ടങ്ങൾ നിർമ്മിക്കുന്നത്. ആ നിയമങ്ങളാണ് ബന്ധപ്പെട്ട സർവ്വകലാശാലയുടെ ചാൻസലർ ആരാവണം എന്ന് നിർണ്ണയിക്കുന്നതും.

ഗവർണർ പറയുന്നതുപോലെ ഭരണഘടനയിൽ എവിടെയും ഗവർണർ സർവ്വകലാശാലയുടെ ചാൻസലർ ആയിരിക്കണം എന്ന് പറയുന്നില്ല. അത്തരമൊരു കീഴ് വഴക്കവുമില്ല. നിയമസഭ നിർമ്മിച്ച നിയമം അങ്ങനെ വ്യവസ്ഥ ചെയ്തിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഗവർണർ സർവ്വകലാ ശാലയുടെ ചാൻസലർ ആയിരിക്കുന്നത്. നിയമസഭ മറിച്ചു നിയമനിർമ്മാണം നടത്തിയാൽ ചാൻസലർ പദവിയിൽ നിന്ന് ഗവർണർക്ക് മാറേണ്ടിയും വരും.

ഭരണഘടനയുടെ ഏഴാം പട്ടികയിൽ സ്റ്റേറ്റ് ലിസ്റ്റ് Entry 14 ൽ കാർഷിക വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയവ സംസ്‌ഥാന നിയമമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Entry 14. “Agriculture, including agricultural education and research, protection against pests and prevention of plant diseases”

അതായത് കാർഷിക വിദ്യാഭ്യാസം, ഗവേഷണം എന്നിവ സംസ്ഥാന നിയമസഭയുടെ അധികാരമാണ്. കൃഷി , കാർഷിക ഗവേഷണം, കാർഷിക വിദ്യാഭ്യാസം എന്നിവയിലെ നിയമ നിർമ്മാണം സംസ്ഥാന നിയമസഭകളുടെ അവകാശമാണ്. കുഫോസ് വിസി വിഷയത്തിൽ ഇത് പരിഗണിക്കാതെയാണ് കോടതി വിധി വന്നിട്ടുള്ളത്. സ്റ്റേറ്റ് ലിസ്റ്റിൽ പെട്ട സർവ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണം എന്ന് പറയുന്നതിലെ ലോജിക് എന്താണ്?

കെടിയു വിഷയത്തിലും കുഫോസ് വിഷയത്തിലും ഗവർണർ അനുകൂലികൾ പറയുന്ന വാദം തെറ്റാണ്. ഇത് ഭരണഘടനയെ പറ്റിയുള്ള അറിവില്ലായ്മ കൊണ്ടുമാത്രമാണ്.

യൂണിയൻ ലിസ്റ്റിലെ എൻട്രി 66 പ്രകാരമുള്ള അക്കാദമിക നിലവാരം നിശ്ചയിച്ച് ഏകോപിപ്പിക്കുക എന്നതുമാത്രമാണ് കേന്ദ്രത്തിനോ, പാർലമെന്റിനോ ഉള്ള അധികാരം.

സംസ്ഥാന സർവ്വകലാശാലകളുടെ രൂപീകരണം, നിയന്ത്രണം തുടങ്ങിയവയൊന്നും കേന്ദ്രത്തിന്റെയോ പാർലമെന്റിന്റെയോ അധികാരപരിധിയിൽ വരുന്നതല്ല. സംസ്ഥാന നിയമസഭയ്ക്ക് മാത്രമായുള്ള അധികാരമാണത്.

കൺകറന്റ് ലിസ്റ്റിലെ എൻട്രി 25 നെ പിടിച്ചുകൊണ്ട് കേന്ദ്രത്തിന് കയറി ഇടപെടാൻ പറ്റുകയില്ല. കൺകറന്റ് ലിസ്റ്റിൽ പറഞ്ഞ എൻട്രി 25 സംയുക്ത അധികാരമാണ്. കേന്ദ്രത്തിന് സവിശേഷ അധികാരം ഒന്നുമില്ല.

ഇവിടെ, സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ ആരുവരണം എന്നതിൽ സംസ്‌ഥാന നിയമസഭയുടെ തീരുമാനമാണ് നടപ്പിലാവേണ്ടത്.