2007 ൽ കോൺഗ്രസ്സ് നയിച്ച യുപിഎ ഗവണ്മെന്റ് കേന്ദ്ര- സംസ്‌ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച എം എം പുഞ്ചി കമ്മീഷൻ 2010 ൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അതിലെ പ്രധാന വിഷയം രാജ്യത്തെ ഗവർണർ ഓഫീസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നു. ഗവർണറുടെ ഭാഗത്തുനിന്നുമുള്ള സർവ്വകലാശാലകളിലെ അനാവശ്യ ഇടപെടലുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായി.
ഭരണഘടന നൽകുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് തടസ്സമാകുന്ന രീതിയിൽ ഗവർണർക്ക് മറ്റു പദവികൾ നൽകി വിവാദത്തിനിടയാക്കുന്ന അവസരങ്ങൾ ഒഴിവാക്കുകയാണ് അഭികാമ്യമെന്ന് കൃത്യമായാണ് കമ്മീഷൻ പറഞ്ഞത്.
“To be able to discharge the Constitutional obligations fairly and impartially, the Governor should not be burdened with positions and powers which are not envisaged by the Constitution and which may expose the office to controversies or public criticism. Conferring statutory powers to the Governor by the State legislature has that potential and should be avoided.” (എം എം പുഞ്ചി കമ്മീഷൻ റിപ്പോർട്ട്, 2010)
ഗവർണർക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകുന്നത് ഗവർണർ ഓഫീസിനെ വിവാദങ്ങളിലേക്കും പൊതുവിമർശനങ്ങളിലേക്കും വലിച്ചിഴയ്ക്കുമെന്നും ആയതിനാൽ അത്തരം നടപടികൾ ഒഴിവാക്കണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ഗവർണർമാർ ചാൻസലർ പദവിയിൽ ഇരിക്കാത്തതാണ് അഭികാമ്യമെന്നാണ് കമ്മീഷൻ വ്യക്തമായി പറഞ്ഞത്.
“Making the Governor the Chancellor of the Universities and thereby conferring powers on him which may have had some relevance historically has ceased to be so with change of times and circumstances. The Council of Ministers will naturally be interested in regulating University education and there is no need to perpetuate a situation where there would be a clash of functions and powers” (എം എം പുഞ്ചി കമ്മീഷൻ റിപ്പോർട്ട്, 2010)
അതായത് സംഘർഷമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഗവർണർ ഓഫീസ് സർവ്വകലാശാലകളിൽ ഇടപെടുന്നത് ഒഴിവാക്കണം എന്ന്.
“ഭരണഘടനയുടെ 163(1) അനുച്ഛേദ പ്രകാരം ഗവർണറുടെ പ്രവർത്തനങ്ങൾ മന്തിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്നും” പുഞ്ചി കമ്മീഷൻ ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്.
“ഒരു നിയമത്തിന് കീഴിലും ഗവർണ്ണർക്ക് വെറുതേ അധികാരങ്ങൾ നൽകാൻ കഴിയില്ല” എന്നും “ഭരണഘടനാ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമായിരിക്കണം ചാൻസലറുടെ പദവി” എന്നും കമ്മീഷൻ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. അതായത്, വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണർ നിബന്ധമായും മുഖ്യമന്ത്രിയുമായും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സുമായും കൂടിയാലോചന ചെയ്യണമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
എല്ലാ കാര്യത്തിലും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടേണ്ടതില്ലെങ്കിലും, കൂടിയാലോചനകളിലൂടെ തീരുമാനത്തിലെത്തുന്നതാണ് അഭിമാക്യം എന്നാണ് കമ്മീഷൻ റിപ്പോർട്ട് അടിവരയിട്ടുപറയുന്നത്. എന്നാൽ സർവ്വകലാശാലകളിലെ നിർണ്ണായക തീരുമാനങ്ങളെടുക്കുമ്പോൾ ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്ന് സർവകലാശാലാ ചട്ടങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിൽ അത് പാലിക്കേണ്ടതാണ് എന്നും കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. അതായത്, അതാത് സർവ്വകലാശാല ചട്ടങ്ങൾക്ക് അവിടങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ വലിയ റോളുണ്ട്. (കേരളത്തിലെ സർവ്വകലാശാലകളിലെ വിസി നിയമനം അതാത് സർവ്വകലാശാല ചട്ടങ്ങൾ കൂടി അനുസരിച്ചാണ് നടത്തിയിട്ടുള്ളത്).
2015 ആഗസ്ത് 26 ന് കേരള സർക്കാരിനുവേണ്ടി അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ പുഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർമാർ സർവകലാശാലാ ചാൻസലറാകേണ്ടെന്ന് നിലപാടെടുത്ത് കേന്ദ്രത്തിനു കത്തയച്ചിരുന്നു. അന്ന് മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സമാനമായ നിലപാടെടുത്തതും പുഞ്ചി കമ്മീഷൻ റിപ്പോർട്ടിനെ ആധാരമാക്കിയാണ്.
2013 ൽ നരേന്ദ്ര മോദി സർക്കാർ ഗുജറാത്ത് യൂണിവേഴ്സിറ്റീസ് ലോ (അമെൻഡ്‌മെന്റ്) ബിൽ അവതരിപ്പിച്ചു പാസ്സാക്കി. ബില്ലിൽ സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കി. എന്നാൽ ഈ ബില്ല് ഗവർണർ കോൺഗ്രസ്സ് നോമിനിയായ കമലാ ബേനിവാൽ തിരിച്ചയച്ചു. 2015 ൽ ചുമതലയേറ്റ ഗവർണർ ഒ. പി. കോഹ്ലിയാണ് പിന്നീട് ഈ ബില്ലിൽ ഒപ്പിട്ടത്.
ഗവർണർക്ക് അയക്കുന്ന ഫയലുകളിൽ തീർപ്പുകൽപ്പിക്കാൻ കൃത്യമായ സമയപരിധി വേണമെന്നും പുഞ്ചി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. മുട്ടാപ്പോക്ക് നയം പറഞ്ഞുകൊണ്ട് ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്നതിനെ റിപ്പോർട്ട് ശക്തമായി വിമർശിച്ചു. “ബൊമ്മൈ” കേസിനെ പരാമർശിച്ചുകൊണ്ട് ഗവർണർ പദവി ഒരു നോമിനേറ്റഡ് പോസ്റ്റ് മാത്രമാണെന്ന് എടുത്തുപറയുകയുമുണ്ടായി. കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന സർക്കാരിയാ കമ്മീഷൻ റിപ്പോർട്ടിലെ വാദങ്ങൾ ഈ റിപ്പോർട്ടും ഉയർത്തിപ്പിടിച്ചു.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ എംഎം പുഞ്ചിക്ക് പുറമേ മുൻ ഗവണ്മെന്റ് സെക്രട്ടറിമാരായ ധിരേന്ദ്ര സിംഗ്, വികെ ദുഗ്ഗൽ, നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ എൻആർ മാധവ മേനോൻ, മുൻ സിബിഐ ഡയറക്ടർ വിജയ് ശങ്കർ എന്നിവരായിരുന്നു പുഞ്ചി കമ്മീഷൻ അംഗങ്ങൾ. ഇതിൽ വികെ ദുഗ്ഗലിനെ കോൺഗ്രസ്സ് 2013 ൽ മണിപ്പൂർ ഗവർണറായി നിയമിച്ചിരുന്നു. 2014 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ രാജിവെക്കേണ്ടിവന്ന ഗവർണർമാരിൽ ഒരാളുമായിരുന്നു ഇദ്ദേഹം.
വിഡി സതീശനും കൂട്ടാളികളും അറിഞ്ഞിരിക്കാൻ മാത്രമാണ് ഇത്രയും പറഞ്ഞത്. പുഞ്ചി കമ്മീഷനെ നിയോഗിച്ചത് കോൺഗ്രസ്സ് പ്രധാനമന്ത്രിയാണ്. ഗവർണർ വിഷയത്തിൽ ആ റിപ്പോർട്ടിന്റെ സ്പിരിറ്റിനൊപ്പം നിൽക്കാനുള്ള മിനിമം ബാധ്യത നിങ്ങൾക്കുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്റെ സംഘപരിവാർ രാഷ്ട്രീയത്തോട് കണ്ണടച്ചുകാട്ടുന്നവർ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നുമാത്രം പറഞ്ഞുകൊള്ളുന്നു.