കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പൊതുവായി റിപ്പോർട്ട് ചെയ്ത ഒരു വ്യാജ വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് T21. സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ പച്ചനുണ എല്ലാ പത്രങ്ങളും ഐക്യത്തോടെ അടിച്ചിറക്കിയിരുന്നെങ്കിലും എല്ലാ പത്രവും ഒരുപോലെ വായിക്കുന്ന ഒരാൾക്ക് വാർത്ത വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.
അട്ടപ്പാടിയിലെ ഗർഭിണിയായ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ച സംഭവത്തെയാണ് മാധ്യമങ്ങൾ വളച്ചൊടിച്ചത്. സുമതിയും ഊരു നിവാസികളും താണ്ടി, 3 മണിക്കൂറും 3 കിലോമീറ്ററും നീണ്ട വേദന. മനോരമയുടെ തലക്കെട്ട് ഇങ്ങനെയാണ്. പ്രസവ വേദനയിൽ പുളഞ്ഞ യുവതിയെ 3 കിലോമീറ്ററോളം തുണിസഞ്ചിയിൽ ചുമന്നാണ് ആംബുലൻസിലെത്തിച്ചതെന്ന് മനോരമ എഴുതിയപ്പോൾ, മാതൃഭൂമി എഴുതിയത് 3 കിലോമീറ്റർ എടുത്താണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ്. NEWS 18 ഒന്നുകൂടി കടന്നു, യുവതിയെ ആംബുലൻസിൽ എത്തിക്കാൻ നടന്നത് 5 കിലോമീറ്ററായിരുന്നു എന്ന് സംഘപരിവാർ അനുകൂല വാർത്തകൾ പടച്ചുവിടുന്ന അംബാനിയുടെ സ്വന്തം NEWS 18 തട്ടി വിട്ടു.
സർക്കാരിനെതിരായ ജനവികാരം ഉണ്ടാക്കാൻ ഓരോ പത്രവും മെനഞ്ഞെടുത്തത് ഓരോ സ്റ്റോറിയാണ്. പക്ഷെ പറയുന്ന കണക്കിലൊക്കെ ഓരോതുക്കമൊക്കെ വേണ്ടേ? അതില്ല. സംഭവം വ്യാജമാണെന്ന് 3 വാർത്തയും ഒരുമിച്ച് വായിച്ചാൽ മനസിലാകും. പക്ഷെ മൂന്നുപത്രം അധികമാരും വായിക്കില്ലെന്ന് അവർക്കറിയാം. നുണയാണെന്ന് മനസ്സിലായി എങ്കിലും സത്യാവസ്ഥ എന്താണെന്ന് നമുക്ക് ഒന്ന് നോക്കണമല്ലോ!.
അഗളി, പുതൂർ ഗ്രാമപഞ്ചയത്ത് ഒന്നാം വാർഡ് കടുക്മണ്ണ പട്ടികവർഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ശനിയാഴ്ച രാത്രി നേരം വൈകി പ്രസവവേദന വന്നത്. പ്രസവവേദന വന്നപ്പോൾ തന്നെ നഴ്സും പട്ടികവർഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. തുടർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയതും ആരോഗ്യ പ്രവർത്തകരാണ്. കാട്ടിനുള്ളിൽ നിന്നും ഭവാനിപ്പുഴ മറികടന്ന് ഏതാണ്ട് 300 മീറ്റർ അപ്പുറത്തുള്ള ആംബുലൻസിലേക്ക് ആരോഗ്യ പ്രവർത്തകരും ബന്ധുക്കളും ചേർന്ന് എത്തിച്ചതിനെയാണ് മാധ്യമങ്ങൾ കെട്ടുകഥകളുണ്ടാക്കി എരിവും പുളിവും ചേർത്ത് 3 മുതൽ 8 കിലോമീറ്റർ വരെയായി അവതരിപ്പിച്ചത്. അതിപ്പോ മുന്നൂറാണോ അഞ്ഞൂറാണോ എന്ന തർക്കത്തിന്റെ പിന്നാലെ പോയിട്ടുണ്ട് പല മാധ്യമങ്ങളും. 300 മീറ്റർ ഒക്കെ നടന്നാൽ മാത്രം വാഹനത്തിൽ കയറാൻ കഴിയുന്ന ഒരുപാട് സ്ഥലങ്ങൾ കേരളത്തിലുണ്ട്. അതിപ്പോ ആദിവാസി സങ്കേതം പോലും ആകണമെന്നില്ല. എന്നാലും അത് വാർത്തയാക്കുന്നത് എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്ന നഗര മിഡിൽ ക്ലാസ് പ്രേക്ഷകർക്കും വായനക്കാർക്കും വേണ്ടിയാണ്. അവർ സങ്കടത്തോടെ കരുതണം, ഇതെന്തൊരു കഷ്ടമാണ്, ഈ സർക്കാരിന് ഇതൊക്കെ ശരിയാക്കിക്കൂടെ? എന്ന്.
പക്ഷെ, കുറച്ചുകാലം മുൻപ് സ്ഥിതി ഇതിലും കഷ്ടമായിരുന്നു എന്ന് വാർത്ത വന്നിട്ടുണ്ടാവില്ല. ഈ ഊരിൽ നിന്നും പുറത്തേയ്ക്ക് എത്താൻ ഭവാനിപ്പുഴക്ക് മുകളിലൂടെ ഇരുമ്പ് തൂക്കുപാലം നിർമ്മിച്ചതും ഇതേ പിണറായി സർക്കാരാണ്. അതുനുപുറമെ ആ ഭാഗത്തേക്കുള്ള 5 കോളനികളിലേക്കും തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്. ഈ തൂക്കുപാലം ഇല്ലായിരുന്നെങ്കിൽ കാട്ടിൽ നിന്നും യുവതിയെ ആംബുലൻസിലേക്ക് എത്തിക്കാൻ ഇപ്പോൾ പത്രങ്ങൾ പറഞ്ഞതുപോലെ നിരവധി മണിക്കൂറുകൾ എടുക്കുമായിരുന്നു. അങ്ങനെയെങ്കിൽ യുവതിയുടെ സ്ഥിതി മോശമാകുകമായിരുന്നു. അതില്ലാതാക്കിയത് പിണറായി സർക്കാർ നിർമ്മിച്ച തൂക്കുപാലമാണ്. അത് വാർത്തയായി വരില്ല, മുന്നൂറു മീറ്റർ എടുത്തു നടന്ന വാർത്ത വെണ്ടയ്ക്ക വലിപ്പത്തിൽ വരികയും ചെയ്യും. അതാണ് കറുത്ത വറ്റ് ഛർദിച്ചാൽ കാക്കയെ ഛർദിച്ചു എന്ന് എഴുതുന്ന മാധ്യമങ്ങളുടെ രീതി.
അടുത്ത ജനുവരി എട്ടിനായിരുന്നു യുവതിയുടെ പ്രസവ തീയതി. ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരമായി യുവതിയുടെ ആരോഗ്യനില വിലയിരുത്തുന്നുമുണ്ടായിരുന്നു. എന്നാൽ പെട്ടന്ന് പ്രസവവേദന വന്നതോടെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തുകയും ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തുകയുമായിരുന്നു. ഈ സത്യങ്ങളെല്ലാം മറച്ചുവെച്ചാണ് പത്രങ്ങൾ കള്ളങ്ങൾ മാത്രം പറയുന്നത്.
ഒരു കാര്യം കൂടി, ഇപ്പോൾ വലിയ വായിൽ നിലവിളിക്കുന്ന മാധ്യമങ്ങളോട് മറ്റൊരു കാര്യം ചോദിച്ചോട്ടെ, ഈ ഊര് സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി ലോല പ്രദേശമായ സംരക്ഷിത മേഖലയിലാണ്. നാഷണൽ പാർക്കായ സൈലന്റ് വാലിയോട് ചേർന്നുള്ള പ്രദേശം. അവിടെയുള്ള പുഴയിൽ വലിയ കോൺക്രീറ്റ് പാലമുണ്ടാക്കുന്നതിനെയും, കിഴുക്കാത്തൂക്കായ മലയിടിച്ച് വഴി വിശാലമാക്കുന്നതിനെയും നിങ്ങൾ അനുകൂലിക്കുമോ? അതിനെയൊക്കെ എതിർത്ത് പലതവണ വാർത്തയെഴുതിയ നിങ്ങൾക്ക് ഇപ്പോൾ കണ്ണീർ പൊഴിക്കാൻ എന്താണാവകാശം?. ആദിവാസിയുടെ സഞ്ചാരത്തിന് റോഡ് വേണമെന്നും പറയും അതെ ശ്വാസത്തിൽ റോഡ് വന്നാൽ അതിനെതിരെ ശബ്ദിക്കുകയും ചെയ്യും. ഇതിനെയാണ് പച്ചമലയാളത്തിൽ ഇരട്ടത്താപ്പെന്ന് പറയുക. സത്യത്തിൽ നിങ്ങളുടെ പ്രശ്നമെന്താണ് ബ്രോസ്? ഞാൻ പറയട്ടെ, പ്രശ്നം പിണറായി കേരളം ഭരിക്കുന്നു എന്നതല്ലേ? അതുപക്ഷേ, ഉടനെ തീരില്ല. അപ്പോൾ കൂട്ടമോങ്ങൽ നടക്കട്ടെ.