വിഴിഞ്ഞത്ത് ഓണത്തിന് കപ്പൽ നങ്കൂരമിടും

കലാപവും വിവാദവും എല്ലാം അവസാനിച്ചതോടെ കേരളത്തിന്റെ വികസനത്തിന് വേഗം കൂട്ടുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഓണത്തിന് തന്നെ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും. കേരളക്കരയിലുള്ളവർക്കെല്ലാം സർക്കാരിന്റെ ഒരു ഓണസമ്മാനം കൂടിയാണത്.

കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ വികസനത്തിനും പ്രതിരോധ സംവിധാനത്തിനും വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ മറ്റേതൊരു തുറമുഖത്തേക്കാളും കൂടുതൽ സാധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. കേരളത്തിലേക്കുള്ള ചരക്ക് മഹാഭൂരിപക്ഷവും വരുന്നത് ശ്രീലങ്കൻ, ദുബായ് പോർട്ടുകൾ വഴിയാണ്. വിഴിഞ്ഞം പോർട്ട് യാഥാർത്ഥ്യമായാൽ കപ്പൽ ചാനലിനോട് ഏറ്റവും അടുത്ത് കരയുള്ള പ്രദേശമെന്ന നിലയ്ക്ക്, ലോകത്തെ ഏതൊരു തുറമുഖത്തോടും കിടപിടിക്കാൻ കഴിയുന്ന പോർട്ടായി വിഴിഞ്ഞം മാറും. വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രൂയിസ് കപ്പലുകൾ കൂടുതലായി കേരളത്തിലെത്തും. അതുവഴി കേരളത്തിന്റെ ടൂറിസം രംഗത്തും വികാസമുണ്ടാകും. ടൂറിസ്റ്റുകൾ കൂടുതലായെത്തുന്നതോടെ നിലവിലുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ബിസിനസ് വർദ്ധിക്കുകയും പുതിയ സംരംഭങ്ങൾ ഉണ്ടാകുകയും ചെയ്യും. പ്രദേശത്തിന്റെ വില വർദ്ധിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയും ചെയ്യും. അതിനോടനുബന്ധമായി റോഡ്, റെയിൽവേ സംവിധാനങ്ങളിലും വികാസമുണ്ടാകും. കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ ചെലവിലെത്തിക്കാനുകുമെന്നതിനാൽ കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങളും ലഭിക്കും. . രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിനും വിഴിഞ്ഞം തുറമുഖം കരുത്തേകും.

ഇതിനെല്ലാം പുറമെ ഇതുവരെ കാര്യമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വലിയ പദ്ധതികൂടി സംസ്ഥാനത്ത് യാഥാർഥ്യമാകും. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ 60,000 കോടി രൂപ ചെലവിൽ സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക്, അഥവാ Capital City Region Development Program-ന് രൂപം നൽകിയിട്ടുണ്ട്‌. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന്‌ ആരംഭിച്ച്‌ ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 കിലോമീറ്റർ കടന്ന്‌ ദേശീയപാതയിൽ വന്നുചേരുന്ന നാലുവരിപ്പാതയ്‌ക്ക്‌ ഇതിനോടകം അംഗീകാരം നൽകിക്കഴിഞ്ഞു. ഇതു പിന്നീട്‌ ആറുവരി പാതയാക്കുന്നതിനും പരിപാടിയുണ്ട്‌.

ഈ റിങ്‌ റോഡിന്‌ ഇരുവശത്തുമായി അനുയോജ്യമായ സ്ഥലങ്ങളിൽ വൈജ്ഞാനിക നഗരങ്ങൾ, ലോജിസ്റ്റിക്‌ പാർക്ക്‌, വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവയ്‌ക്ക്‌ രൂപം നൽകാനാണ്‌ പരിപാടി. സർക്കാർ ഭൂമി ഏറ്റെടുക്കാൻ പോകുന്നുവെന്നു പറഞ്ഞ്‌ ആരും ഇറങ്ങണ്ട. താൽപ്പര്യമുള്ളവരുടെ ഭൂമി മിനിമം മൂല്യവർധന ഉറപ്പുനൽകി, വിവിധങ്ങളായ ലാൻഡ്‌ പൂളിങ്‌ സമ്പ്രദായത്തിലൂടെ ഉപയോഗപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌. റബറിന്റെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തെ റബർ ഭൂമിയുടെ ഉടമസ്ഥർക്ക്‌ ഇതൊരു വലിയ അനുഗ്രഹമായിരിക്കും. ഇതൊക്കെ ദിവാസ്വപ്‌നമല്ലേ എന്ന്‌ പറയുന്നവരുണ്ടാകും. ദേശീയപാതയടക്കം ദിവാസ്വപ്നമായി കരുതിയിരുന്ന എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതി യാഥാർഥ്യമാക്കിയ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ട് ഈ പദ്ധതികളും യാഥാർഥ്യമാകുമെന്ന കാര്യത്തിലും അതിലൂടെ മലയാളികളുടെ ജീവിത നിലവാരം ഉയരുമെന്ന കാര്യത്തിലും ഞങ്ങൾക്ക് ലവലേശം സംശയമില്ല…

എന്നാൽ രാജ്യത്തിന്റെയാകെ സമൂലമായ വികസനത്തിന് വേഗം കൂട്ടാൻ പോകുന്ന ഈ പദ്ധതി കേരളത്തിൽ ഒരു ദിവസം വെറുതെ പൊട്ടിമുളച്ചതല്ല. കൊടിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. കാൽ നൂറ്റാണ്ട് കാലത്തെ കേരളത്തിന്റെ സ്വപ്‌നമായിരുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി അദാനിയുമായി കരാറിൽ ഒപ്പിട്ടത് ഉമ്മൻ‌ചാണ്ടി സർക്കാരായിരുന്നെങ്കിലും പിന്നീട് പിണറായി സർക്കാർ വന്നതോടെ പദ്ധതിയെ തുരങ്കം വെക്കാൻ പഠിച്ചപണി പതിനെട്ടും എടുത്തവരാണ് കോൺഗ്രസ്. പിണറായി സർക്കാരിന്റെ കാലത്ത് കേരളം വികസിക്കരുതെന്ന ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തുറമുഖം നിർമ്മാണത്തിനായി മുറവിളി കൂടിയവർ തന്നെ പിന്നീട് തുറമുഖം നിർമ്മാണത്തിന്റെ 80 % പണിയും പൂർത്തിയായ ഘട്ടത്തിൽ പദ്ധതിക്കെതിരെ സമരവുമായി വന്നതും തുറമുഖം നിർമ്മാണത്തിന് വെല്ലുവിളിയായി. തുറമുഖ നിർമ്മാണം നിർത്തിക്കാൻ സമരത്തിനിറങ്ങിയവരുടെ അക്കൗണ്ടിലേക്ക് അനധികൃതമായി വിദേശത്തുനിന്ന് ഫണ്ടും ഒഴുകിയെത്തിയിരുന്നു. ഏറ്റവുമൊടുവിൽ തുറമുഖ നിർമ്മാണം അവസാനിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചും മുസ്ലിം മതസ്ഥരെ തീവ്രവാദികളാക്കി മുദ്രകുത്തിയും സംസ്ഥാനത്താകെ വർഗീയ കലാപം സൃഷ്ടിക്കാനും ശ്രമം നടന്നു. എന്നാൽ സർക്കാരിന്റെ സംയമനത്തോടെയുള്ള ഇടപെടലുകൾ കൊണ്ട് മാത്രം ആ ശ്രമങ്ങളെല്ലാം തകർന്നില്ലാതെയായി. ഏറ്റവും ഒടുവിൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ ചർച്ചയും വിജയിച്ചതോടെയാണ് തുറമുഖ നിർമ്മാണത്തിന് പുനർജീവൻ വച്ചത്. അതുകൊണ്ട് കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ ചരിത്രത്തിൽ പിണറായി സർക്കാരിന്റെ നിശ്ചയദാർട്യവും എക്കാലവും വാഴ്ത്തപ്പെടും.