“വളർച്ച നിരക്കിൽ കേരളം തലതാഴ്ത്തുന്നു; ഏറ്റവും പതുക്കെ വളരുന്ന ഇന്ത്യൻ സംസ്ഥാനം” എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്. നുണ പറയുന്നൂവെന്നു പറയുന്നില്ല. പക്ഷേ, വസ്തുതകളെ വളച്ചൊടിക്കുന്നതിന് ഒരു ഉദാഹരണമാണിത്. 2012-നും 2022-നും ഇടയ്ക്കുള്ള വളർച്ച നിരക്കാണ് നൽകിയിരിക്കുന്നത്. എന്തുകൊണ്ട് 2012 എടുക്കുന്നു? എന്തുകൊണ്ട് 1987 ആയിക്കൂടാ? എന്തുകൊണ്ട് 2022 എടുക്കുന്നു? എല്ലാ സംസ്ഥാനങ്ങളുടെയും കണക്ക് റിസർവ്വ് ബാങ്ക് 2021 വരെ അല്ലേ കൊടുത്തിട്ടുള്ളൂ. 2022-ലെ കണക്ക് ആണെങ്കിൽ അത് താൽക്കാലികമാണ്. ഇപ്പോൾ പുതുക്കിയ കണക്ക് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളർച്ച 8.6 ശതമാനമാണ്.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചു പഠിക്കുന്ന എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ 1988-നു മുൻപും പിൻപും എന്നീ രണ്ട് ഘട്ടങ്ങളായി തിരിക്കാനാവും. 1961-നും 1987-നും ഇടയ്ക്ക് കേരളത്തിന്റെ സാമ്പത്തിക വളർച്ച പ്രതിവർഷം 2.93 ശതമാനം വീതമായിരുന്നു. രാജ്യത്തെ സാമ്പത്തിക വളർച്ച ഏതാണ്ട് 4 ശതമാനം ആയിരുന്നു. ഈ സാമ്പത്തിക മുരടിപ്പിൽ നിന്നും കേരളം കരകയറിയത് 1980-കളുടെ അവസാനത്തോടെയാണ്. 1988-നും 2018-നും ഇടയ്ക്ക് കേരള സമ്പദ്ഘടന 6.7 ശതമാനം വേഗതയിൽ വളർന്നു. പ്രതിശീർഷ വരുമാനം എടുത്താൽ ആദ്യഘട്ടത്തിൽ 0.99 ശതമാനം വീതമായിരുന്നു വളർച്ച. എന്നാൽ രണ്ടാംഘട്ടത്തിൽ അത് 6 ശതമാനമായി.
എന്നാൽ പല കാരണങ്ങൾകൊണ്ട് ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത മന്ദീഭവിക്കാൻ തുടങ്ങി. കേരളത്തിന്റെ ശരാശരി വളർച്ച 2011-12 മുതൽ 2020-21 വരെയുള്ള കാലയളവിൽ 5 ശതമാനമായി താഴ്ന്നു. ഇതു ദേശീയ ശരാശരിയേക്കാൾ താഴ്ന്ന വളർച്ച നിരക്കാണ്.
2016-ൽ തന്നെ ഇത്തരമൊരു പ്രാദേശിക സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ പ്രകടമായിരുന്നു. നാണ്യവിളകളുടെ വിലത്തകർച്ച ഒഴിയാബാധയായി. അതിനുപുറമേ ഗൾഫിൽ നിന്നുള്ള തിരിച്ചുവരവ് ശക്തിപ്പെടുന്നൂവെന്നും വ്യക്തമായിരുന്നു. ഇതൊരു പ്രാദേശിക മാന്ദ്യം സൃഷ്ടിക്കുമെന്നും അതിനെതിരായ പാക്കേജെന്ന നിലയിലാണ് കിഫ്ബി അവതരിപ്പിച്ചത്. 2016-17-ലേക്കുള്ള എന്റെ പ്രസംഗത്തിൽ നിന്ന് ഉദ്ദരിക്കട്ടെ:
“അത്രയ്ക്ക് ഭീതിജനകമായ സാമ്പത്തിക അന്തരീക്ഷമാണു നിലവിലുള്ളത്. ഗൾഫിലെ പ്രതിസന്ധി ശമിച്ചില്ലെങ്കിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം അതീവരൂക്ഷമാകും. റബർവിലയുടെ കാര്യത്തിലെപ്പോലെ ഗൾഫ് പ്രതിസന്ധിയും നമ്മുടെ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നായതിനാൽ ദേശീയപരിഗണന ലഭിക്കണമെന്നില്ല. എന്നാൽ വിധിക്കു വഴങ്ങാൻ നാം തയ്യാറല്ല. രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം നേരിടാൻ 2008-ലെപ്പോലെ ഒരു മാന്ദ്യവിരുദ്ധ പാക്കേജ് പുതിയ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. നാം അന്ന് എടുത്ത നടപടി റിസർവ്വ് ബാങ്കിന്റെ റിപ്പോർട്ടിലടക്കം ശ്ലാഘിക്കപ്പെട്ടു. യഥാർത്ഥത്തിൽ കേരളസംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2008-നേക്കാൾ ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് അന്ന് 5,000 കോടിയുടെ പാക്കേജ് ആയിരുന്നെങ്കിൽ ഇന്ന് 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജിൽ വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയ മൂലധനച്ചെലവുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്… ഇതിനുപുറമേ ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി രൂപ അടുത്ത വർഷം അവസാനിക്കുമ്പോഴേക്കും വേണ്ടിവരും. അങ്ങനെ മൊത്തം 20,000 കോടി രൂപ.”
അന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ രണ്ട് കാരണങ്ങൾക്കുപുറമേ 2018-ലേയും 2019-ലേയും പ്രകൃതി ദുരന്തങ്ങളും കോവിഡും ചേർന്നപ്പോൾ നാം ഭയപ്പെട്ടിരുന്ന പ്രാദേശിക മാന്ദ്യം യാഥാർത്ഥ്യമായി. 2010-11 മുതൽ 2020-21 വരെയുള്ള കാലയളവിൽ കേരളത്തിന്റെ കാർഷിക വളർച്ച -1.25 ശതമാനം വീതം കുറഞ്ഞു. എന്നുവച്ചാൽ 2020-21-ൽ കേരളത്തിലെ കാർഷികോൽപ്പാദനം 2010-11-നേക്കാൾ താഴ്ന്ന നിലയിലാണ്. വിലയിടിവിനു പുറമേ പ്രകൃതിദുരന്തങ്ങൾകൂടി ചേർന്നപ്പോൾ അതിവേഗത്തിൽ ആളുകൾ കൃഷിയിൽ നിന്നു പിന്തിരിയുകയാണ്. ഈ അതീവഗുരുതരമായ സാഹചര്യത്തെ വേണ്ടത്ര ഗൗരവത്തിൽ നാം എടുത്തിട്ടുണ്ടോയെന്നകാര്യം സംശയമാണ്. വ്യവസായ വളർച്ചയിലും തിരിച്ചടിയാണ്. വ്യവസായ വളർച്ച ഈ കാലയളവിൽ 3.73 ശതമാനം വീതം മാത്രമാണ് വർദ്ധിച്ചത്.
ഈയൊരു പശ്ചാത്തലത്തിലാണ് 2021-22-ൽ 8.6 ശതമാന വളർച്ച പ്രത്യേക പ്രാധാന്യം നേടുന്നത്. ഇത് ടൂറിസത്തിന്റെ വളർച്ചയുടെ ഫലമാണെന്നാണ് പരക്കെയുള്ള വ്യാഖ്യാനം. ടൂറിസത്തിന്റെ മുന്നേറ്റം നടപ്പുവർഷത്തിലാണ് (2022-23). കൃഷിയും വ്യവസായവുമെല്ലാം പരിങ്ങലിലിൽ ആയിരുന്നകാലത്തും എന്താണ് സാമ്പത്തിക ഉത്തേജനമായി പ്രവർത്തിച്ചത്? അവിടെയാണ് 2016-ലെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ സജീവമായി പ്രവർത്തനപഥത്തിൽ എത്തിയ കിഫ്ബി പാക്കേജിന്റെ പ്രസക്തി. ദേശീയപാത നിർമ്മാണത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വില മാത്രം 20000-ത്തിൽപ്പരം കോടി രൂപ വരും. ഇതിനുള്ള സംസ്ഥാനവിഹിതം കിഫ്ബിയിൽ നിന്നു തരും. ഇതിനു പുറമേയാണ് കിഫ്ബിയിൽ നിന്നുള്ള മറ്റു നിർമ്മാണ പ്രവർത്തനങ്ങളും. കേരളത്തെ പരിപൂർണ്ണ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതു കിഫ്ബി വഴിയും മറ്റുമുള്ള കേരളത്തിലെ പശ്ചാത്തലസൗകര്യ നിക്ഷേപമാണ്. ഈ വസ്തുത മനസിലാക്കിക്കൊണ്ടാണ് കിഫ്ബിയെ തകർക്കുന്നതിനു കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന് ഒത്താശ ചെയ്യുകയാണ് കേരളത്തിലെ പ്രതിപക്ഷം. 2021-22-ൽ പ്രകടമായ സാമ്പത്തിക ഉത്കർഷം മുതലാക്കിക്കൊണ്ട് കാർഷിക വ്യവസായ ഉണർവ്വിനുവേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.