കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്ത് നിന്ന് ഡോ എം എസ് രാജശ്രീയെ നീക്കം ചെയ്തു

കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്ത് നിന്ന് ഡോ എം എസ് രാജശ്രീയെ നീക്കം ചെയ്തു കൊണ്ടുള്ള സുപ്രിം കോടതി ഉത്തരവ് ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നു.
ഒന്നാമത്തെത് വിസി നിയമനത്തിന് വേണ്ടി നിയോഗിക്കപ്പെടുന്ന സെർച്ച് കമ്മിറ്റി മൂന്നു പേരുടെ പാനൽ സമർപിക്കണമെന്ന് യുജിസി ചട്ടങ്ങൾ നിഷ്കർഷിക്കുന്നുണ്ടെന്നും അതിനു പകരം ഒരാളുടെ പേരു മാത്രമാണ് നിർദേശിച്ചത് എന്നുമാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ പാനലിൽ എന്തു കൊണ്ട് മൂന്നു പേർ? സെർച് കമ്മിറ്റിയിൽ മൂന്നു അംഗങ്ങളാണുള്ളത്. യുജിസി പ്രതിനിധി, ചാൻസലർ നാമനിർദേശം ചെയ്യുന്ന സർക്കാർ സംസ്ഥാനഗവണ്മെന്റ് പ്രതിനിധി സെനറ്റ് നിർദേശിക്കുന്ന സർവകലാശാല പ്രതിനിധി എന്നിവരാണവർ. സെർച്ച് കമ്മിറ്റി ഒരാളെ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചാൽ അങ്ങനെ . സെർച് കമ്മിറ്റിയിൽ അഭിപ്രായഭിന്നതയുണ്ടെങ്കിൽ മൂന്നു പേരെ. അപ്പോൾ മാത്രമാണ് ചാൻസലർക്ക് അതായത് ഗവൺമെന്റിന് തീരുമാനമെടുക്കേണ്ടി വരുക. ഇതിൽ എന്തു കൊണ്ട് മാറ്റം വരുത്തണം എന്ന് യുജിസിയോ കോടതിയോ ഇതു വരെ പറഞ്ഞിട്ടില്ല. യുജിസിയുടെ വിവിധചട്ടങ്ങൾ ഏതെങ്കിലും നീയമസഭയൂടെയോ സർവകലാശാലകൾ അടക്കമുള്ള അകാദമിക് സമിതികളുടെയോ മുമ്പിൽ ചർച്ചക്കു വന്നതായി അറിയില്ല. 130കോടി ജനങ്ങളുടെ ഉന്നതവിദ്യാഭ്യാസലക്ഷ്യങ്ങൾക്ക് ചട്ടങ്ങൾ ഏർപെടൂത്തുന്നത് ഏതാനും ചില കോട്ടിട്ട ആളുകൾ മാത്രം അല്ലെന്ന് അവർക്കെങ്കീലും തോന്നണ്ടെ!
ഒരു സംസ്ഥാനത്തിൽ ഒരു സർവകലാശാല നിയമം നിലവിലിരിക്കുമ്പോൾ യുജിസിയുടെ എന്തു ചട്ടങ്ങളായാലും അതിനെ എങ്ങനെ മറികടക്കുമെന്ന് വിശദീകരിക്കണം.യുജിസി ഒരൂ നിർവഹണസമിതിയാണ്. ജനപ്രതിനിധിസഭയല്ല. ജനപ്രതിനിധി സഭയ്ക്കുമേൽ നിർവഹണസമിതിയ്ക്ക് അധികാരം നൽകുക ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര ഗവൺമെന്റിന്റെ നയം നടപ്പിലാക്കുകയാണ് യുജിസി ചെയ്യുന്നത് എന്നു വാദിക്കാം. നയം ഒരു കാഴ്ചപ്പാടാണ്. നിയമമല്ല. അതനുസരിച്ച് നിയമനിർമാണം നടക്കണം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ആയതു കൊണ്ട് ഈ പ്രക്രിയ രണ്ടിടത്തും നടക്കണം. ആവശ്യമായ ചട്ടങ്ങളും ഉത്തരവുകളുമുണ്ടാകണം. ഇതൊന്നും ചെയ്യാതെ എക്സിക്യൂട്ടീവ് അധികാരം മാത്രമുപയോഗിച്ച് ചട്ടങ്ങൾ നടപ്പിലാക്കുന്നത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുധ്ധമാണ്.
കോടതികളുടെ പങ്കും പരിശോധിക്കണം. കോടതികൾ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആധികാരികതയാണ് പരിശോധിക്കേണ്ടത്. അത് ന്യായവുമാണ്. എന്നാൽ ഇവയെ ക്കുറിച്ച് തർക്കങ്ങൾ ഉയരുകയും പ്രത്യേകിച്ച് ഫെഡറൽ തത്വത്തെ ബാധിക്കുകയും ചെയ്താൽ സ്വയം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു ന്യായമല്ല. സ്വന്തം ഉത്തരവാദിത്വങ്ങളെ മാറ്റി നിർത്തിയാൽ ഒരു ജഡ്ജി യും സാധാരണ പൗരനാണ്. ഒരു പ്രത്യേകചട്ടത്തിന്റെ നിയമസാധുതയെ കുറിച്ച് തർക്കമുണ്ടെങ്കിൽ നിയമനിർമാണം നടത്താൻ ജനപ്രതിനിധിസഭയോട് ആവശ്യപ്പെടാം. അതിൽ സംസ്ഥാനങ്ങൾക്കോ നിർവഹണ ഏജൻസികൾക്കോ അഭിപ്രായഭിന്നതയുണ്ടെങ്കിൽ ചട്ടങ്ങൾ പുനപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്യാം . ഇതൊന്നും ചെയ്യാതെ കേന്ദ്ര ഏജൻസി കൾ നടപ്പിലാക്കൂന്ന ചട്ടങ്ങൾ മാത്രം ആണ് ശരിയെന്ന് വിധിയെഴുതുന്നത് വിദ്യാഭ്യാസരംഗത്ത് ഫെഡറൽ തത്വങ്ങൾക്കും അക്കാദമിക് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കും വിരുദ്ധമാണ്.

നമുക്കിവിടെ 1968മുതൽ നിലനിൽക്കുന്ന സർവകലാശാലാനിയമം ഉണ്ട്. അതിന് പിന്നീട് ചിലമാറ്റങ്ങൾ വന്നിട്ടുണ്ട്. യുജിസി ഒരു സ്ററാറ്റ്യൂട്ടറി ബോഡിയാണ്. പക്ഷെ നീയമം നിർമ്മിക്കുന്നില്ല.ഒരു ജനാധിപത്യവ്യവസ്ഥയിൽ പരമാവധി ധികാരം നിയമസഭയ്കാണ്‌. ഇവിടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമസഭകളുണ്ട്. വിദ്യാഭ്യാസം കൺകറന്റ് ലിസ്ററിലുമാണ്. കേന്ദ്രചട്ടങ്ങൾ സംസ്ഥാനനിയമങ്ങളെ മറികടക്കുമെങ്കിൽ പിന്നെ സംസ്ഥാനനിയമസഭയ്ക്ക് എന്താണു പ്രസക്തി?വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ആകുന്നതിനു മുമ്പാണ് കേരളത്തിലെ നിയമം ഉണ്ടായതു എന്നും ഓർക്കുക.