കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊ:ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നു വിളിച്ച കേരളഗവർണരുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊ:ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നു വിളിച്ച കേരളഗവർണരുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്.
പുതിയ.തലമുറയിലെ ശ്രദ്ധേയനായ സാമ്പത്തിക ചരിത്രകാരന്മാരിൽ ഒരാളാണ് പ്രൊഫസർ ഗോപിനാഥ്. ജാമിയ മില്ലിയയിലെ ചരിത്രപ്രൊഫസറായിരുന്ന അദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്ററോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി ആയി. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം ഐസിഎച്ച്ആറിനെ സംഘ്പരിവാർ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിനെ എതിർത്തതിന് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് പുറത്തു പോയി. പിന്നീടാണ് അദ്ദേഹം കണ്ണൂർ സർവകലാശാല വി സി യാകുന്നത്. അദ്ദേഹത്തിന്റെ താൽപര്യം മൂലമാണ് 2019ലെ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്. ഗവർണർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാനെ ഉൽഘാടനത്തിനു ക്ഷണിച്ചതും വി സി തന്നെയാണ്. അലിഗഡ് സർവകലാശാല യിലെ മുൻ വിദ്യാർത്ഥി എന്ന നിലയിലും അദ്ദേഹം ഹിസ്റ്ററി കോൺഗ്രസിന് പരിചിതനായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ട സമയത്താണ് ഹിസ്റ്ററി കോൺഗ്രസ് ചേരുന്നത്. മതനിരപേക്ഷ ജനാധിപത്യ സ്വഭാവമുള്ള ഹിസ്റ്ററി കോൺഗ്രസ് പ്രവർത്തകർ പൊതുവിൽ.പ്രക്ഷോഭകാരികൾക്ക് അനുകൂലമായിരുന്നു. ഇവിടെയാണ് സ്വന്തം ഉൽഘാടനപ്രസംഗം മാറ്റി വെച്ച് പൗരത്വനിയമഭേദഗതിക്കനുകൂലമായി അദ്ദേഹം സംസാരിച്ചത്. ഇത് പ്രതിനിധികളുടെ പ്രതിഷേധത്തീനിടയാക്കി. ഗവർണരൂടെ ഗുരു കൂടിയായ പ്രൊഫസർ ഇർഫാൻ ഹബീബ്. തന്നെ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദഹം പ്രസംഗം അവസാനിപ്പിച്ചത്. ഗവർണരുടെ പദവിയ്ക്കോ അക്കാദമിക് മൂല്യങ്ങൾക്കോ ഒട്ടും യോജിക്കാത്ത പ്രകടനമാണ് അദ്ദേഹം നടത്തിയത്. പ്രൊഫസർ ഗോപിനാഥിന്റെ ജാഗ്രതയാണ് കോൺഗ്രസ് അലങ്കോലപ്പെടാതിരി ക്കുന്നതിൽ പ്രധാനപങ്കു വഹിച്ചത്.
പിന്നീട് കണ്ണൂർ വി സി ഗവർണരുടെ നോട്ടപ്പുള്ളിയായിരുന്നു. വി സിയുടെ ടേം ഒരു തവണ നീട്ടി കൊടുക്കുന്നതിന് നിയമപരമായ തടസം ഇല്ലാതിരുന്നിട്ടും തടയാൻ പരമാവധി ശ്രമിച്ചു. മലയാളം ഡിപ്പാർട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസരിന്റെ നിയമനം സ്റ്റേ ചെയ്തത് വിസിയുടെ അക്കാദമിക് യോഗ്യതക്കെതിരായ രാഷ്ട്രീയനീക്കം കൂടിയായിരുന്നു. അതിനെതിരെ കോടതിയിൽ പോകാൻ സർവകലാശാല തീരുമാനിച്ചതാണ് ഗവർണറെ
ക്ഷുഭിതനാക്കിയിരിക്കുന്നത്. ഹിസ്റ്ററി കോൺഗ്രസ് ഓർമ്മകൾ അദ്ദേഹത്തെ അസ്വസ്ഥനും ആക്കുന്നു.
അതേ സമയം പ്രൊഫസർ ഗോപിനാഥിനെ ക്രിമിനൽ എന്ന് വിളിച്ചതോടെ അക്കാദമിക് മൂല്യങ്ങളും ജനാധിപത്യപ്രതിബദ്ധതയൂം നില നിർത്തുന്ന എല്ലാവരെയൂം അടച്ചധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിനെതിരെ നിലപാട് എടുക്കേണ്ടത് എല്ലാ ജനാധിപത്യവാദികളുടെയും അടിയന്തര കടമയാണ്.