ഹരി എസ് കർത്ത- പ്രൊഫൈൽ

എൽഡിഎഫ് സർക്കാരിനെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ സംഘപരിവാരം നടപ്പിലാക്കി വരുന്ന രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമാണ് കേരള ഗവർണറുടെ നടപടികൾ. ഇതിനായി അദ്ദേഹത്തിന് ലഭിക്കുന്ന സംഘപരിവാരത്തിന്റെ പിന്തുണ രഹസ്യമായ സംഗതിയല്ല. അദ്ദേഹത്തിന്റെ ഓഫീസിലെ പല നിയമനങ്ങളും ഈ ബാന്ധവത്തിന്റെ തെളിവുകളാണ്.

കഴിഞ്ഞ ജനുവരിയിൽ ഗവർണറുടെ അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ആയി നിയമിതനായ ഹരി എസ് കർത്തയുടെ കാര്യമെടുക്കാം.

(https://www.janmabhumi.in/news/kerala/hari-s-kartha-appointed-as-staff-kerala-governor)

40 വര്‍ഷത്തിലധികമായി മാധ്യമപ്രവർത്തകനായിരുന്ന ഇദ്ദേഹം അമൃത ടിവി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ, റോയിട്ടേഴ്‌സ്, ഗൾഫ് ന്യൂസ്, എക്കണോമിക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അതിനുപരി അദ്ദേഹം സംഘപരിവാരത്തിന്റെ സജീവ പ്രവർത്തകനും അവരുടെ വിവിധ സംഘടനാചുമതലകൾ വഹിക്കുകയും ചെയ്ത ആളാണെന്ന് നാം പ്രത്യേകം ഓർക്കണം. തിരുവന്തപുരത്തെ ആർഎസ്എസിന്റെ സ്വയംസേവകരിൽ ഒരാളായിരുന്ന കർത്തയുടെ നേതൃത്വത്തിലാണ് എബിവിപിയുടെ കേരള ഘടകം രൂപീകരിക്കുന്നത്. വിദ്യാർത്ഥി പരിഷത്തിന്റെ സംസ്ഥാന യൂണിറ്റ് സ്ഥാപകനേതാക്കളിൽ ഒരാളായി കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ ആദരിക്കുന്ന വ്യക്തിയാണിദ്ദേഹം. എബിവിപി സ്ഥാപക ദിനത്തിൽ (2021 ജൂലൈ 9 ന്) തന്റെ സംഘടനാ ഓർമ്മകളെ പറ്റി അദ്ദേഹം എഴുതിയ വൈകാരികമായ കുറിപ്പ് ഫെയ്‌സ്ബുക്കിൽ ഇപ്പോഴുമുണ്ട്.

(Redirecting...)

വിദ്യാർത്ഥികാലത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്കോ സംഘടനാ പ്രവർത്തനത്തിലേക്കോ തിരിയുന്നതിന് പകരം കർത്ത മാധ്യമപ്രവർത്തകനായി. സംഘപരിവാർ ജിഹ്വയായ ജന്മഭൂമിയുടെ പത്രാധിപരുമായി. എന്നാലും തന്റെ ഉള്ളിലെ സ്വയംസേവകൻ സജീവമായി തന്നെ നിലനിന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇതേ വ്യക്തി പിന്നീട് ബിജെപിയുടെ നേതൃനിരയിലേക്ക് ഉയർന്നു. കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കാലത്ത് അവരുടെ സംസ്ഥാന മീഡിയാ ചീഫ് ആയിരുന്നു കർത്ത. പിന്നീട് ബിജെപിയുടെ സംസ്ഥാന സമിതിയംഗമായി. ഗവർണറുടെ അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ആയി നിയമിതനാവുന്നത് വരെ ഈ സ്ഥാനത്തുണ്ടായിരുന്നു കർത്ത. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇടതുപക്ഷവും പുരോഗമന മതേതര കക്ഷികളും കർത്തയുടെ നിയമനത്തെ വിമർശിച്ചിരുന്നു.

ഇനി നിയമിതനായതിന് ശേഷമോ?

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ മെയ് 1 ന് കർത്ത പറഞ്ഞത് ഓർക്കുന്നുണ്ടോ? രാജ്ഭവനിൽ മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്കു കൊളുത്തിയത് മുസ്ലിമായ ആരിഫ് മുഹമ്മദ് ഖാനെന്നാണ് അദ്ദേഹം പറഞ്ഞത്. വിളക്കു കൊളുത്താനായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
‘രാജ്ഭവനിൽ ഒരു പൂജാ മുറിയുണ്ട്. 140ലേറെ വർഷം പഴക്കമുണ്ട് രാജ്ഭവന്. അത് പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്നു. അവിടെ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന ഒരു പൂജാമുറി. അവിടെ നിലവിളക്കു കൊളുത്താറുണ്ടായിരുന്നില്ല. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ഒരു മുറി ആരിഫ് മുഹമ്മദ് ഖാൻ എന്ന മുസ്ലിം ഗവർണർ വന്നപ്പോൾ അതു തുറന്നു, വൃത്തിയാക്കി, എന്നും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്ക് കൊളുത്തുന്നു. വിളക്കു കൊളുത്താൻ വേണ്ടി പ്രത്യേകം ഒരാളിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. എത്രയോ ഹിന്ദു ഗവർണർമാർ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവൻ വാണിട്ടുണ്ട്. എന്നാൽ ഈ പൂജാമുറി വൃത്തിയാക്കുവാനും അന്തിത്തിരി കത്തിക്കുവാനും ഒരു മുസൽമാൻ വേണ്ടി വന്നു.’ എന്നാണ് കർത്ത പറഞ്ഞത്.

('രാജ്ഭവനിലെ പൂജാമുറി തുറന്ന് വിളക്കു കത്തിക്കാൻ ഒരു മുസ്ലിം വേണ്ടി വന്നു': ഗവർണറുടെ എപിഎസ് – News18 മലയാളം )

ഇതേ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം ഹിന്ദുത്വ സൈദ്ധാന്തികൻ വിഡി സവർക്കർ മതേതരവാദിയായിരുന്നു എന്നാണ്. മതവിശ്വാസമോ മതമോ ഇല്ലാത്ത ആളായിരുന്നു സവർക്കർ എന്നാണ് അന്നദ്ദേഹം പറഞ്ഞത്. സവർക്കറുടെ ഭൂതകാലത്തെയും ഹിന്ദുത്വ വർഗീയവാദിയെന്ന നിലയിലുള്ള പ്രവർത്തന ചരിത്രത്തെയും വെള്ളപൂശുന്ന ഈ പ്രസ്താവന വലിയ ശ്രദ്ധ നേടിയില്ല. പക്ഷെ സംഘപരിവാരം ഏറ്റെടുത്തിരിക്കുന്ന ചരിത്ര പുനർനിർമാണ പ്രക്രിയയുടെ ഭാഗമാണ് ഈ വാക്കുകളും.

(https://www.youtube.com/watch?v=PTxVPt6unPc&ab_channel=TatwamayiNews )

ഇങ്ങനെയുള്ള ഒരു വ്യക്തി ഗവർണറുടെ ഓഫീസിൽ ജോലി ചെയ്യുന്നത് എന്തായാലും സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ പുരോഗമനത്തിന് വേണ്ടിയായിരിക്കില്ല. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഹരി എസ് കർത്തയെ ഗവർണർ ഓഫീസിൽ അവരോധിച്ചത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദ നാടകങ്ങൾക്ക് പുറകിൽ സംഘപരിവാരത്തിന്റെ കൈകളുണ്ടെന്ന് മനസ്സിലാക്കാൻ ഈ നിയമനം മാത്രമെടുത്താൽ മതിയാകും. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നയിക്കുന്ന യുദ്ധം സംഘപരിവാരം രാജ്യവ്യാപകമായി പിന്തുടരുന്ന അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ്. ഈ ഗൂഢ ലക്ഷ്യങ്ങൾ തിരിച്ചറിയാനും ഗവർണറുടെ സംഘപരിവാര ബാന്ധവത്തിന്റെ പിന്നണിക്കഥകൾ മനസിലാക്കാനും കേരള ജനതക്ക് സാധിക്കും. ഈ ഹീന നീക്കങ്ങളെ പ്രബുദ്ധ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും.