ദാരിദ്ര്യം മറച്ചുവെക്കാൻ ബിജെപി തുടച്ചുമാറ്റാൻ ഇടതുപക്ഷം

G20 സമ്മേളനത്തോട് അനുബന്ധിച്ച് മുംബൈയിൽ വച്ചു നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാനായി എത്തുന്ന വിദേശപ്രതിനിധികളിൽ നിന്ന് നഗരത്തിലെ ദാരിദ്ര്യവും ശോച്യാവസ്ഥയും മറച്ചു പിടിക്കാനായി നഗരമാകെ കർട്ടനുകളും ബാരിക്കേടുകളും സ്ഥാപിച്ചിരിക്കുകയാണ് മുംബൈ നഗരസഭ. ബിജെപി സ്വാധീനത്തിലുള്ള മഹാരാഷ്ട്ര സർക്കാർ നിയമിച്ച ഒരു ഉദ്യോഗസ്ഥനാണ് നിലവിൽ മുംബൈ നഗരസഭ ഭരിക്കുന്നത്. മുമ്പ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ അഹമ്മദാബാദിലെ ചേരികളെ മതിൽ കെട്ടി മറച്ച ഗുജറാത്ത് മാതൃകയുടെ ആവർത്തനമാണ് ഇപ്പോൾ മുംബൈയിൽ നടന്നത്.

രാജ്യത്തെ ദാരിദ്ര്യവും പാവപ്പെട്ട ജനാവിഭാഗങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും മറച്ചുപിടിച്ച് ശീലിച്ച മോദി സർക്കാരിന്റെ നയത്തിന്റെ ഒരു തനത് മാതൃക തന്നെയാണ് മുംബൈയിലും അഹമ്മദാബാദിലും കണ്ടത്. കോവിഡിന് ശേഷം ലോകജനസംഖ്യയിലെ ദാരിദ്ര്യത്തിലായ ജനങ്ങളിൽ 80 ശതമാനത്തോളവും ഇന്ത്യയിലാണെന്നാണ് ലോകബാങ്കിന്റെ അനുമാനം. എന്നാൽ ദാരിദ്ര്യം നിർണ്ണായിക്കാൻ ആവശ്യമായ സർക്കാർ മാനദണ്ഡങ്ങൾ പുതുക്കി രാജ്യത്തെ ദാരിദ്രരുടെ ജനസംഖ്യ നിർണ്ണായിക്കാൻ സർക്കാർ ഇനിയും ശ്രമിച്ചിട്ടില്ല. വിശപ്പ്, പോഷകാഹാരക്കുറവ്, കോവിഡ് കാലത്തുണ്ടായ കുടിയേറ്റത്തൊഴിലാളികളുടെ മരണങ്ങൾ, ഓക്സിജൻ ലഭ്യതക്കുറവ് മൂലമുണ്ടായ മരണങ്ങൾ എന്നിവയുടെ കണക്കുകൾ പുറത്തുവിടുന്നതിലും മോദി സർക്കാർ കപടത തുടരുന്നു. സത്യാവസ്ഥ ഇതാണെങ്കിലും ബിജെപിയുമായി ചേർന്ന് നിൽക്കുന്ന ചില സാമ്പത്തികവിദഗ്ദരുടെ ഊതിപെരുപ്പിച്ച ദാരിദ്ര്യ നിർമ്മാർജ്ജന കണക്കുകൾ കാട്ടി സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി വൃത്തങ്ങൾ.

രാജ്യത്ത് ദരിദ്രജനവിഭാഗങ്ങൾ അരക്ഷിതാവസ്ഥയിൽ ഉഴലുമ്പോഴും പ്രത്യാശയുടെ തുരുത്തായി നിൽക്കുകയാണ് കേരളം. നിതി ആയോഗിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും കുറവ് ദാരിദ്ര്യനിരക്കായ 0.7% ആണ് കേരളത്തിന്റേതെങ്കിലും ഇടതുപക്ഷം ഉയർത്തി പിടിക്കുന്ന വികസന മാതൃകയുടെ ഗുണഫലങ്ങൾ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാനാവശ്യമായ പരിപാടികൾ രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കുകയാണ്. കേരളത്തിലെ മുഴുവൻ അതിദരിദ്ര വ്യക്തികളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മൈക്രോ പദ്ധതികൾ തയ്യാറാക്കി ദാരിദ്ര്യത്തെ തുടച്ചു മാറ്റാൻ ശ്രമിക്കുന്ന ഇടത് ബദലാണ് ഇന്ത്യക്ക്‌ വഴി കാട്ടേണ്ടത്. അതല്ലാതെ ദാരിദ്ര്യത്തെ ബാരിക്കേഡ് കെട്ടിമറയ്ക്കുന്ന മോദി സർക്കാരല്ല.