സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അദാനി ക്യാപിറ്റലും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു കരാർ നോക്കിക്കേ. കൃഷിക്കാരുടെ വായ്പാ ആവശ്യങ്ങൾ പരിശോധിച്ച് വായ്പാ കരാറുകളും അദാനി ഉണ്ടാക്കും. പണം എസ്ബിഐ നൽകും. പലിശ അദാനി നിശ്ചയിക്കും. തിരിച്ചടവ് ഉണ്ടായില്ലെങ്കിൽ 80 ശതമാനം എസ്ബിഐക്കു നഷ്ടം. 20 ശതമാനം മാത്രം അദാനി വഹിച്ചാൽ മതിയാകും. കോ-ലെൻഡിംഗ് എന്നാണ് ഇതിന്റെ ഓമനപ്പേര്. എസ്ബിഐക്ക് ഇതിന്റെ ആവശ്യമെന്ത്?
എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. 22200 ബ്രാഞ്ചുകൾ, 46 കോടി ഇടപാടുകാർ, 2.5 ലക്ഷം ജീവനക്കാർ, 48 ലക്ഷം കോടിയുടെ ആസ്തികൾ ഉള്ള ബാങ്ക്. എന്നാൽ അദാനിയുടെ ബാങ്കേതര ധനകാര്യ സ്ഥാപനമോ? 6 സംസ്ഥാനങ്ങളിലായി 63 ബ്രാഞ്ചുകൾ, 760 ജീവനക്കാർ, 28000 ഇടപാടുകാർ, 1300 കോടി രൂപയുടെ ആസ്തികൾ. രണ്ടും തമ്മിൽ അജഗജാന്തരം.
അദാനിയുടെ ലക്ഷ്യം വ്യക്തം. സ്റ്റേറ്റ് ബാങ്കിന്റെ ചുമലിൽ കയറി കാർഷിക വായ്പാ മേഖലയിലെ പിടി അതിവേഗം വ്യാപിപ്പിക്കുക. സ്റ്റേറ്റ് ബാങ്കിന് 1.37 കോടി കാർഷിക അക്കൗണ്ടുകൾ ഉണ്ട്. ഏതാണ്ട് 2 ലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്. കാർഷിക വിപണന മേഖലയിലെ 42000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്. 72000 ബിസിനസ് കറസ്പോണ്ടൻസിന്റെ ശൃംഖലയുണ്ട്. ഇവർ വഴിയുള്ള ബിസിനസിലെ ഒരു ഭാഗം അദാനിയുടേതുംകൂടി ആക്കി കണക്കെഴുതി അദാനിയുടെ കമ്മീഷൻ വെറുതേ കൊടുക്കുകയല്ലാതെ അദാനിയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് ഒന്നും കിട്ടാനില്ല.
കാർഷിക വായ്പ മാത്രമല്ല, മൈക്രോ ഫിനാൻസിംഗും ഇതുപോലെ ഇസാഫ്, ഇക്വിറ്റാസ്, ആശിർവാദ് തുടങ്ങിയ മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് വഴിയാക്കുകയാണ്. അവർക്കു വായ്പ നൽകിയാൽ മുൻഗണനാ വായ്പ കൊടുത്തതായി റിസർവ്വ് ബാങ്ക് കരുതിക്കൊള്ളും. മൈക്രോം ഫിനാൻസിംഗ് ഇൻസ്റ്റിറ്റ്യൂഷൻസിനാകട്ടെ ബാങ്ക് പലിശയേക്കാൾ 12 ശതമാനം കൂടുതൽ പലിശ ഈടാക്കാനുള്ള അനുവാദവും ഉണ്ട്.
ഇത്തരം നടപടികൾ വഴി ലാഭം വർദ്ധിപ്പിക്കാമെന്നാണ് എസ്ബിഐയുടെ വാദം. 2020-21-ൽ 31,820 കോടി രൂപ അറ്റാദായം ഉണ്ടായത് 2021-22-ൽ 66,541 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. പ്രവർത്തന ലാഭമാവട്ടെ 1.97 ലക്ഷം കോടി രൂപയിൽ നിന്ന് 2.08 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. കോർപ്പറേറ്റ് നിഷ്ക്രിയാസ്തികൾ എഴുതിത്തള്ളുമ്പോൾ പരിഹാരത്തുകയായി വകയിരുത്തിയ ഭീമമായ തുക കിഴിച്ചശേഷമാണ് 66,541 കോടി രൂപ ലാഭമുണ്ടാക്കിയത്.
എങ്ങനെയാണ് ഇത്ര വലിയ ലാഭം നേടിയത്? സ്വകാര്യ ബാങ്കുകളുടെ കഴുത്തറുപ്പൻ നയം സ്വീകരിച്ചു. 18 ശതമാനം കൃഷിക്കു വായ്പ നൽകണം. എസ്ബിഐ നൽകിയതാവട്ടെ 13.4 ശതമാനവും. 40 ശതമാനം മുൻഗണനാ മേഖലകൾക്കു വായ്പ നൽകണം. എസ്ബിഐ നൽകിയതാവട്ടെ 29.5 ശതമാനവും. 46.77 കോടി ഇടപാടുകാരുള്ളതിൽ കൃഷിക്കാർ 1.37 കോടി മാത്രം. കോർപ്പറേറ്റുകൾക്ക് 8.71 ലക്ഷം കോടിയുടെ വായ്പകൾ നൽകിയപ്പോൾ ചെറുകിട മേഖലയ്ക്കുള്ള വായ്പ 3.06 ലക്ഷം കോടി മാത്രം.
വായ്പ നൽകുന്നതു തന്നെ കുറച്ചു. പകരം ഇപ്പോൾ ഡെപ്പോസിറ്റുകൾ നിക്ഷേപമായി മാറ്റുകയാണ്. കഴിഞ്ഞ വർഷത്തെ നിക്ഷേപം 4.56 ലക്ഷം കോടി രൂപയാണ്. ഇതിൽ 3.30 ലക്ഷം കോടി രൂപ സർക്കാരുകൾക്കുള്ള സ്റ്റാറ്റ്യൂട്ടറി വായ്പകൾക്കു പുറത്തുള്ള നിക്ഷേപങ്ങളാണ്. തന്മൂലം 4.1 ലക്ഷം കോടി രൂപ വരുമാനം ഉണ്ടായതിൽ 1.17 ലക്ഷം കോടി രൂപ നിക്ഷേപത്തിൽ നിന്നാണ്.
ലാഭം ഉണ്ടാക്കാൻ ഉപയോഗിച്ച മറ്റൊരു മാർഗ്ഗം പരമാവധി ബാങ്കിംഗ് പ്രവൃത്തികൾ സബ് കോൺട്രാക്ട് കൊടുക്കുകയാണ്. പ്രത്യേക ജോലികൾക്കായി സബ്സിഡിയറി കമ്പനികൾ രൂപീകരിക്കുകയാണ്. ലാഭകരമായ ഇടപാടുകൾ ഇങ്ങോട്ടു മാറ്റുന്നു. സ്വീപ്പർ, പ്യൂൺ തസ്തികകൾ പുറംകരാറിലേക്കു മാറ്റി. ഇപ്പോൾ എസ്-ബോസ് എന്നൊരു സബ്സിഡിയറി രൂപീകരിച്ച് ക്ലറിക്കൽ ജോലികളെല്ലാം അവരുടെ കീഴിലാക്കാൻ ശ്രമിക്കുകയാണ്. ഇവയിൽ ജോലി ചെയ്യുന്നവർ എസ്ബിഐയുടെ ജീവനക്കാർ അല്ല. ആനുകൂല്യങ്ങളും ഇല്ല. ഒരു ജീവനക്കാരന് എസ്ബിഐ 1915 കസ്റ്റമേഴ്സിനെ നോക്കണം. എച്ച്ഡിഎഫ്സി ബാങ്കിൽ ഈ തോത് 501 ആണ്.
എസ്ബിഐ സ്വകാര്യവൽക്കരിക്കാൻ ഇപ്പോൾ ഉദ്ദ്യേശമില്ലായെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. സ്വകാര്യവൽക്കരിക്കാതെ തന്നെ എസ്ബിഐയെ ഒരു സ്വകാര്യ ബാങ്കാക്കി രൂപാന്തരപ്പെടുത്താനാണ് മോദി സർക്കാരിന്റെ അണിയറ നീക്കങ്ങൾ.