മനോരമയുടെ ഇക്കൊല്ലത്തെ അൽ സൈക്കോ റിപ്പോർട്ടർ പുരസ്കാരം എസ് വി പ്രദീപിന്

Screenshot 2022-12-20 122331

അൽ സൈക്കോ റിപ്പോർട്ടറെയും എഡിറ്ററെയും തിരഞ്ഞെടുക്കാനുള്ള ഒരു ഇൻഹൗസ് മത്സരം നടത്തുകയാണ് മനോരമ എന്നു തോന്നുന്നു. അല്ലെങ്കിൽ, പരീക്ഷ ജയിക്കാത്തവരും ഡോക്ടർ എന്ന തലക്കെട്ടിൽ എസ് വി പ്രദീപിന്റെ ബൈലൈനോടെ ഒരു വാർത്ത വരില്ല. അസംബന്ധം എന്നുവെച്ചാൽ അൽ അസംബന്ധം. ഈ റിപ്പോർട്ടോടു കൂടി ഇക്കൊല്ലത്തെ അൽ സൈക്കോ റിപ്പോർട്ടർ പുരസ്കാരം എസ് വി പ്രദീപ് കൈക്കലാക്കിയെന്നു തന്നെ പറയാം.

ഒരു സാധാരണ സംഭവത്തെ അസംബന്ധങ്ങളും ജൽപനങ്ങളും കൂട്ടിക്കലർത്തി വക്രീകരിച്ച്, എങ്ങനെ എസ്എഫ്ഐയ്ക്കോ ഡിവൈഎഫ്ഐയ്ക്കോ സിപിഎമ്മിനോ സർക്കാരിനോ എതിരാക്കാം. അതാണ് അൽ സൈക്കോ പുരസ്കാരത്തിനുള്ള മാനദണ്ഡം. തിരുവനന്തപുരം ഗവ. ആയൂർവേദ കോളജിൽ ഡിസംബർ 15ന് സംഘടിപ്പിച്ച ചടങ്ങാണ് എസ് വി പ്രദീപ് തിരഞ്ഞെടുത്ത വിഷയം.

എല്ലാ കോളജുകളിലും കോൺവൊക്കേഷൻ ചടങ്ങ് നടത്താറുണ്ട്. ഒരു ബാച്ചിലെ കുട്ടികളെല്ലാം ഒരുമിച്ചു കൂടി സന്തോഷം പങ്കുവെച്ച് ഫോട്ടോയെടുത്തു പിരിയും. മെഡിക്കൽ കോളജിലോ ആയുർവേദ കോളജിലോ ഹോമിയോ കോളജിലോ നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുത്തുവെന്ന് ആരും ഡോക്ടറാവില്ല. ചടങ്ങിന്റെ ഫോട്ടോ പ്രദർശിപ്പിച്ച് ചികിത്സയ്ക്കുള്ള ലൈസൻസ് എന്ന് അവകാശപ്പെടാനും പറ്റില്ല. അതിന് പരീക്ഷ ജയിക്കണം. ഡിഗ്രി നൽകേണ്ടത് യൂണിവേഴ്സിറ്റിയും. അസോസിയേഷനോ എസ്എഫ്ഐയ്ക്കോ ഇതിലൊന്നും ഒരു പങ്കുമില്ല.

പരീക്ഷ ജയിക്കാത്തവരും ഡോക്ടർ എന്ന വാർത്തയുടെ സബ് ടൈറ്റിൽ നോക്കുക. ആയുർവേദ ബിരുദം നൽകിയത് എസ്എഫ്ഐ അസോസിയേഷൻ നൽകിയ പട്ടിക പ്രകാരം. വാർത്തയുടെ ലീഡും കൂടി വായിക്കാം.

“ഗവ. ആയൂർവേദ കോളജിൽ ഈ മാസം 15ന് ആയൂർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്) ബിരുദം സ്വീകരിച്ച 65 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ പാസാകാത്തവർ”

രണ്ടാം വർഷ പരീക്ഷ പാസാകാത്ത ഏഴു പേർക്ക് എസ്എഫ്ഐ അസോസിയേഷന്റെ ശിപാർശ പ്രകാരം ഡിഗ്രി കിട്ടി എന്നല്ലേ മനോരമ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ. ആകെ നടന്നത് ചടങ്ങിന്റെ ഗ്രൂപ്പു ഫോട്ടോയിൽ ഇവർ ഏഴു പേർക്കും കൂടി ഇടം കിട്ടി. അല്ലാതെ എസ്എഫ്ഐയുടെ ഇടപെടൽ കൊണ്ട് ഇവർ യൂണിവേഴ്സിറ്റി പരീക്ഷ ജയിച്ചിട്ടുണ്ടോ? ഇല്ല.

എസ്എഫ്ഐയുടെ ഇടപെടൽ കൊണ്ട് ഇവർക്ക് ഡോക്ടർ ബിരുദം കിട്ടിയിട്ടുണ്ടോ. ഇല്ല.

എസ്എഫ്ഐയുടെ ഇടപെടൽ കൊണ്ട് ഇവർക്ക് ആരെയെങ്കിലും ചികിത്സിക്കാൻ പറ്റുമോ? ഇല്ല.

പിന്നെന്താണ് വാർത്ത.

തിരുവനന്തപുരം ഗവ. ആയൂർവേദ കോളജിലെ ഫൈനൽ ഇയർ വിദ്യാർത്ഥികൾ ഒന്നിച്ചു കൂടി ഗ്രൂപ്പു ഫോട്ടോയെടുക്കുന്ന ഒരു ചടങ്ങു നടന്നു. പരീക്ഷ പാസായവരും പാസാകാനുള്ളവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വാഭാവികം. പരീക്ഷ പാസാകാത്തവരെ വിജയികളായി പ്രഖ്യാപിച്ച് ഡോക്ടർ ബിരുദം നൽകാനുള്ള വല്ല അധികാരവും കോളജിനോ ഹൗസ് സർജൻസ് അസോസിയേഷനോ എസ്എഫ്ഐയ്ക്കോ ഉണ്ടോ? ഇല്ലേയില്ല.

പക്ഷേ, ആയൂർവേദ കോളജിലെ ഫൈനൽ ഇയർ കുട്ടികൾ ഒന്നിച്ചുകൂടി ഫോട്ടോയെടുക്കുന്ന ചടങ്ങു നടന്നു എന്നു പറഞ്ഞാൽ ഏതെങ്കിലും പത്രം ഒന്നാം പേജിൽ പോയിട്ട് പ്രാദേശികപേജിലെങ്കിലും വാർത്ത കൊടുക്കുമോ?

ഇല്ലേയില്ല.

ഇത്തരമൊരു നിസാര സംഭവം എങ്ങനെ ഒന്നാം പേജിലെത്തിക്കാം. അതാണ് എസ് വി പ്രദീപ് തെളിയിച്ചത്. പരീക്ഷ ജയിക്കാത്ത പിടിഎ ഭാരവാഹിയുടെ മകനെ ഗ്രൂപ്പു ഫോട്ടോയിൽ തിരുകിക്കയറ്റി, അതിൽ പ്രതിഷേധിച്ച് ഇതാ മറ്റു കുട്ടികൾ ചാൻസലർക്കു പരാതി കൊടുക്കാൻ പോകുന്നു എന്നൊക്കെ ഹൈ വോൾട്ടേജ് പരാമർശങ്ങൾ കൂടി കുത്തിക്കയറ്റിയതോടെ സംഗതി ഒന്നാം പേജിലെത്തി.

അതാണ് അൽ സൈക്കോ റിപ്പോർട്ടർ. ഈ അസംബന്ധ റിപ്പോർട്ടിന് പരീക്ഷ ജയിക്കാത്തവരും ഡോക്ടർ എന്ന തലക്കെട്ടു ചാർത്തിയതോടെ സബ് എഡിറ്ററും അൽ സൈക്കോ പുരസ്കാരത്തിന് അർഹനായി.

ഇനിയങ്ങോട്ട് അൽ സൈക്കോ വാർത്തകളുടെ പൂണ്ടു വിളയാട്ടമായിരിക്കും. കണ്ടോളൂ…