“ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളുന്നതുകൊണ്ട് വായ്പയെടുത്തവർക്ക് നേട്ടമൊന്നും ഇല്ല” എന്ന വിചിത്ര പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. നേട്ടം ബാങ്കുകൾക്കാണത്രേ. വായ്പ എഴുതിത്തള്ളിയതുകൊണ്ട് റിക്കവറി നടപടികളൊന്നും അവസാനിപ്പിക്കുന്നില്ല. അതേസമയം ബാങ്കുകളുടെ കിട്ടാക്കടം ബാലൻസ്ഷീറ്റിൽ കുറയും. ബാങ്കുകളുടെ നികുതി ബാധ്യതയും കുറയും. അതുവഴി ബാങ്കുകളെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് അവരുടെ വാദം.
എഴുതിത്തള്ളിയതുകൊണ്ട് കടമെടുത്ത ആളിന്റെ ബാധ്യത ഇല്ലാതാകുന്നില്ലായെന്നതു ശരി. സർഫാസി നിയമപ്രകാരവും മറ്റു നടപടികളിലൂടെയും കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടരുമെന്നാണു മന്ത്രി പറഞ്ഞത്. മന്ത്രി പറയാതെ പോയ കാര്യം ഇത്തരത്തിൽ എത്ര തിരിച്ചുപിടിക്കുന്നുവെന്നുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10.1 ലക്ഷം കോടി രൂപ ഇപ്രകാരം എഴുതിത്തള്ളി. പക്ഷേ, ഈ അഞ്ച് വർഷക്കാലത്തിനിടയിൽ ആകെ തിരിച്ചുപിടിച്ചത് 1.3 ലക്ഷം കോടി രൂപ മാത്രമാണ്. എന്നുവച്ചാൽ എഴുതിത്തള്ളിയ തുകയുടെ വെറും 13 ശതമാനം മാത്രമാണ് തിരിച്ചു പിടിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്തെ ചരിത്രമെടുത്താലും ഇതുതന്നെയാണ് കഥ. അപ്പോൾ പറയൂ ആർക്കാണ് നേട്ടം?
കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം ഒരു നാണക്കേടാണ്. കോർപ്പറേറ്റുകളുടെ വായ്പ എഴുതിത്തള്ളുന്നതും (write off) കൃഷിക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പകൾ ഉപേക്ഷിക്കുന്നതും (waive off) രണ്ടും വ്യത്യസ്തമാണുപോലും. കോർപ്പറേറ്റുകളുടെ ബാധ്യത ഇല്ലാതാവുന്നില്ല. എന്നാൽ കൃഷിക്കാരുടെയും വിദ്യാർത്ഥികളുടെയും ബാധ്യത തന്നെ ഉപേക്ഷിക്കേണ്ടി വരും. കൃഷിക്കാർക്കും വിദ്യാർത്ഥികൾക്കും നൽകുന്നത് ഫ്രീബി അഥവാ സൗജന്യമാണ്. എന്നാൽ കോർപ്പറേറ്റുകൾക്കു നൽകുന്നത് റിസർവ്വ് ബാങ്ക് അംഗീകരിച്ച ബിസിനസ് നടപടിക്രമം മാത്രമാണ്.
ആരാണ് കിട്ടാക്കടം സൃഷ്ടിച്ചിട്ടുള്ളത്? നിർമ്മലാ സീതാരാമന്റെ പ്രസ്താവന വായിച്ചാൽ തോന്നുക കൃഷിക്കാരും വിദ്യാർത്ഥികളുമാണെന്നാണ്. 2016 ലോക്സഭയിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാൾ വലിയ വായ്പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കൃഷിക്കാർ കോടികൾ വായ്പയെടുക്കുന്നവരല്ലല്ലോ. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വൻകിട കമ്പനിക്കാരുടേതാണ്. ലോക്സഭാ ചോദ്യത്തിൽ നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയിൽ മാർച്ച് 2016-ൽ കിട്ടാക്കടം 22.33 ശതമാനമാണ്.
ബാങ്കുകളെ രാഷ്ട്രീയ ഒത്താശയോടെ കോർപ്പറേറ്റുകൾ കൊള്ളയടിക്കുകയാണ്. അവരുടെ വായ്പകൾ എഴുതിത്തള്ളുമ്പോൾ ബാങ്കുകൾ തുല്യമായ തുക പരിഹാര നിക്ഷേപമായി മാറ്റേണ്ടതുണ്ട്. എന്നുവച്ചാൽ ബാങ്കിന്റെ ലാഭത്തിൽ നിന്നോ മൂലധനത്തിൽ നിന്നോ എഴുതിത്തള്ളിയ തുകയ്ക്കു തുല്യമായ തുക കണക്കിൽ മാറ്റിവയ്ക്കണം. ഇങ്ങനെ മാറ്റുന്നതുകൊണ്ടാണ് ബാങ്കുകൾ നൽകേണ്ട ആദായനികുതിക്കു കുറവു വരുന്നത്. ഇതൊരു വലിയ നേട്ടമായി പ്രസംഗിക്കുന്ന കേന്ദ്ര ധനമന്ത്രിയുടെ തൊലിക്കട്ടി അപാരം തന്നെ.
നഷ്ടപരിഹാരത്തുക വകയിരുത്തി എഴുതിത്തള്ളുമ്പോൾ അത്രയും തുകയ്ക്കു ലാഭമില്ലെങ്കിൽ ബാങ്കിന്റെ മൂലധനത്തിൽ നിന്നും ശോഷിക്കും. ആസ്തികളുടെ എത്ര ശതമാനം ഓഹരി മൂലധനമായി വേണമെന്നും അന്തർദേശീയ ബേസിൽ കരാറിൽ വ്യവസ്ഥയുണ്ട്. ഈ തോതിനേക്കാൾ കുറയാതിരിക്കണമെങ്കിൽ സർക്കാർ ധനസഹായം കൊടുത്തേതീരൂ. അങ്ങനെ ബിജെപി സർക്കാർ 3.4 ലക്ഷം കോടി രൂപ ഖജനാവിൽ നിന്നും ബാങ്കുകൾക്കു ധനസഹായമായി നൽകിയിട്ടുണ്ട്.
പൊതുഖജനാവിൽ നിന്നുകൂടി പണം ചെലവഴിച്ചാണ് കോർപ്പറേറ്റുകളുടെ കിട്ടാക്കടങ്ങൾ എഴുതി തള്ളിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ കോർപ്പറേറ്റുകളുടെ പേര് പുറത്തു പറയാൻ ആർബിഐയോ കേന്ദ്ര സർക്കാരോ തയ്യാറല്ല. ഇതിനിടെ തമിഴ്നാട് സർക്കാർ ഫ്രീബി വിവാദത്തിൽ സുപ്രിംകോടതിയിൽ നൽകിയ പ്രസ്താവനയിൽ അദാനിയുടെ കമ്പനികളുടെ 70000 കോടി രൂപ എഴുതിത്തള്ളിയെന്നു പ്രസ്താവിച്ചു. ആരും ഇതുവരെ അതിനെ ചോദ്യം ചെയ്തിട്ടുമില്ല.