ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടി

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിലെ പ്രതി ദിവ്യ നായർ പൊലീസ്‌ കസ്റ്റഡിയിൽ. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ്‌ ഇവരെ നെടുമങ്ങാട്‌ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ (രണ്ട്‌) കോടതി പ്രതിയെ വെഞ്ഞാറമൂട്‌ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്‌.

75000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ ദിവ്യയും ഭർത്താവടക്കമുള്ള നാല്‌ കൂട്ടാളികളും ചേർന്ന്‌ കോടികൾ തട്ടിയെടുത്തത്‌. ഒന്നരക്കോടി രൂപയിലധികം തട്ടിയെടുത്തതായി അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. അതേസമയം, 15 കോടി രൂപയിലധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.
റൂറൽ, സിറ്റി പൊലീസ്‌ പരിധിയിലായി ഇതിനകം ഏഴ്‌ കേസുകളാണ്‌ ഇവർക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. എന്നാൽ, 27ൽ കൂടുതലാളുകളിൽ നിന്ന്‌ ഇവർ പണം തട്ടിയതായി കരുതുന്നുവെന്നും ഇക്കാര്യത്തിൽ വിശദശമായ അന്വേഷണം വേണമെന്നും കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ വെഞ്ഞാറമൂട്‌ പൊലീസ്‌ പറയുന്നു. തട്ടിയെടുത്ത പണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത്‌ കണ്ടെടുക്കാൻ വിശദമായ തെളിവെടുപ്പ്‌ ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

ടൈറ്റാനിയം ഡിജിഎം എൻ ശശികുമാരൻ തമ്പി, ദിവ്യയുടെ ഭർത്താവ്‌ രാജേഷ്‌, ഭർതൃസഹോദരൻ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികൾ. ഒളിവിൽ കഴിയുന്ന നാലുപേർക്കുമായുള്ള തെരച്ചിൽ പൊലീസ്‌ ശക്തമാക്കിയിട്ടുണ്ട്‌. കേസിൽ പ്രതിയായതിനെത്തുടർന്ന്‌ ശശികുമാരൻ തമ്പിയെ ടൈറ്റാനിയത്തിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. എംബിഎ ബിരുദധാരിയായ ദിവ്യ നേരത്തെ ചില സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്നു. 2019 മുതലാണ്‌ രാജേഷിനും പ്രേംകുമാറിനുമൊപ്പം ജോലിതട്ടിപ്പിലേക്ക്‌ തിരിഞ്ഞത്‌. ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ പരസ്യം നൽകുന്നതോടെയാണ്‌ തട്ടിപ്പിന്‌ തുടക്കം.

താൽപര്യം പ്രകടിപ്പിച്ച്‌ എത്തുന്നവരെ ശശികുമാരൻ തമ്പിയുടെ ടൈറ്റാനിയത്തിലെ ഓഫീസിലെത്തിച്ച്‌ അഭിമുഖം നടത്തി വിശ്വാസ്യത ഉറപ്പിക്കും. ജോലി ലഭിക്കുന്നതിന്‌ മുമ്പ്‌ പകുതി പണം നൽകണമെന്നും ബാക്കി പിന്നീടെന്നുമുള്ള കരാറിൽ ലക്ഷങ്ങൾ ഈടാക്കും. വെഞ്ഞാറമൂട്‌ കേസിലെ പരാതിക്കാരിയിൽ നിന്ന്‌ മാത്രം 14 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തിരിക്കുന്നത്‌. കേസന്വേഷണം ജില്ലയ്‌ക്ക്‌ പുറത്തേയ്‌ക്കും വ്യാപിപ്പിക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.


6-1058041