സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന സുപ്രീം കോടതിയുടെ വിധി കേരളത്തിലെ മലയോര മേഖലയിലെ ജനതയെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. എക്കാലത്തും മലയോര ജനതയുടെ താല്പര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന ഇടതുപക്ഷം ബഫർസോൺ വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ജനജീവിതത്തെ ഏതൊരു വിധത്തിലും ബാധിക്കാതെ ബഫർ സോണിനെ വനമേഖലയിൽത്തന്നെ ചുരുക്കും എന്നാണ് സംസ്ഥാന സർക്കാരിന്റെ നയം. ഇത് വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ പാസാക്കുകയും ചെയ്തു. പരാതികൾ പരിഹരിച്ച് ജനങ്ങൾക്കനുകൂലമായ റിപ്പോർട്ട് മാത്രമെ കോടതിയിൽ സമർപ്പിക്കൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച സംസ്ഥാനം കേരളമാണ്. സുപ്രീംകോടതി വിധിയെത്തുടർന്ന് ഉയർന്നുവന്ന നിയമപ്രശ്നത്തെ മറികടക്കാനായി ഹൈക്കോടതി മുൻ ജഡ്ജി തോട്ടത്തിൽ ബി രാധാകൃഷ്ണനെ ചെയർമാനാക്കി സർക്കാർ വിദഗ്ധസമിതിയെയും നിയമിച്ചിട്ടുണ്ട്.
ഈ ആശങ്കകളുടെ തുടക്കം തന്നെ കോൺഗ്രസിന്റെ വികലമായ പരിസ്ഥിതിനയത്തിൽ നിന്നാണ്. 2011ൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വനാതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിച്ചു. 2013 മെയ് എട്ടിന് ഉമ്മൻ ചാണ്ടി മന്ത്രിസഭ ഇതിനെ പൂജ്യം മുതൽ 12 കിലോമീറ്റർ വരെയാക്കി. ബഫർസോൺ ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലെ നഷ്ടപ്പെട്ട വനമേഖലകൾ തിരിച്ചു പിടിക്കാനാകൂ എന്നായിരുന്നു അന്നത്തെ ഹരിത എംഎൽഎ ആയിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് ഈ നടപടികൾ നിർത്തിവച്ചത്.
ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ ന്യൂനതകൾ പരിഹരിക്കാനായി ഫീൽഡ് സർവ്വേയും നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച എല്ലാ പരാതികളും ആശങ്കകളും പരിഹരിക്കാൻ വേണ്ടുന്ന നടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിക്കും. നിക്ഷിപ്ത താല്പര്യത്തോടെ ഈ വിഷയത്തിൽ പ്രചാരവേലകൾ നടത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. നിലവിലെ സുപ്രീം കോടതി വിധി കേരളത്തിന്റെ സാഹര്യങ്ങളിൽ അപ്രായോഗികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേരളത്തിന് അനുകൂലമായ രീതിയിൽ ബഫർസോൺ നിർദ്ദേശങ്ങൾ ചുരുക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സജീവമായി തന്നെ ഇടപെടുന്നുണ്ട്.