വിഴിഞ്ഞം പൊളിഞ്ഞപ്പോൾ വരുന്നു ബഫർസോൺ സമരം

വിഴിഞ്ഞം നാണംകെടലിനു ശേഷം വിമോചനസമര സ്വപ്നസമിതി അവതരിപ്പിക്കുന്ന അടുത്ത നാടകമാണ് ബഫർ സോൺ സമരം. നാടകരചനയും സംവിധാനവും യുഡിഎഫ്. രംഗപടം ആർട്ടിസ്റ്റ് മനോരമയും മാതൃഭൂമിയും. ഒന്നാമങ്കത്തിൽ അരങ്ങത്ത് താമരശേരി മേഖലയിലെ വിമോചനസമരകലാവേദി പ്രവർത്തകരും - അണിയറയിൽ പതിവ് അവതാരങ്ങൾ. സർക്കാരിനെ പ്രതിരോധിച്ച് രംഗം കൊഴുപ്പിക്കുമെന്ന് നമ്മുടെ പ്രതിപക്ഷ നേതാവും KPCC പ്രസിഡണ്ടും .

പൊന്നു ചേട്ടന്മാരേ. പറയാതിരിക്കാൻ നിർവാഹമില്ല. നിങ്ങളുടെ ഈ നാടകവും പൊട്ടും. എട്ടുനിലയിൽപ്പൊട്ടും. തിരക്കഥയിലെ ആദ്യ സീനിൽത്തന്നെ കൂവലുയർന്നു കഴിഞ്ഞു. സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ വരവ് മാസ് എൻട്രിയായിരിക്കുമെന്നാണല്ലോ കിനാവു കണ്ടത്. പക്ഷേ, ഡയലോഗ് ചീറ്റിപ്പോയി. പഞ്ചു തീരെയില്ലാത്ത, ചതഞ്ഞ ഡയലോഗ്.

ബഫർ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവെ റിപ്പോർട്ട് പിൻവലിക്കണമെന്നാണ് ആവശ്യം. അതിനുവേണ്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ വനം മന്ത്രി വെടിപ്പായി പറഞ്ഞതെന്താണ്? . കേരള സ്‌റ്റേറ്റ്‌ റിമോട്ട്‌ സെൻസിങ്‌ ആൻഡ് എൻവയോൺമെന്റ്‌ സെന്റർ (കെഎസ്‌ആർഇസി ) ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത്‌ പ്രാഥമിക റിപ്പോർട്ട്‌ മാത്രമാണ്‌. എല്ലാ നിർമിതികളും ഇതിൽ ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ്‌ സർവേയിൽ കൂട്ടിച്ചേർക്കും. പരാതി നൽകാനുള്ള സമയപരിധി ദീർഘിപ്പിക്കും.

ഇതല്ലേ ചെയ്യേണ്ടത്? ഇപ്പോൾ പുറത്തു വന്ന ഉപഗ്രഹ സർവെ മാപ്പിനെക്കുറിച്ച് പൊതുജനങ്ങൾ ഉന്നയിക്കുന്ന ചില പരാതികളുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടും ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലുള്ളതല്ല എന്നാണ് പ്രധാന പരാതി. അതു പരിഹരിക്കാൻ ഫീൽഡ് സർവെ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിനോട് മുഖം തിരിഞ്ഞു നിൽക്കുകയല്ലല്ലോ സർക്കാർ ചെയ്തത്. തദ്ദേശസ്ഥാപനങ്ങൾ ഫീൽഡ്‌ സർവേ നടത്തുമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്നും സർക്കാർ നിലപാടു വ്യക്തമാക്കിക്കഴിഞ്ഞു.

പിന്നെന്തിനാണ് സമരമെന്ന് സ്വാഭാവികമായും നാട്ടുകാർ ചോദിക്കും. അങ്ങനെയാണ് സമരത്തിന്റെ തിരക്കഥ ഒന്നാമത്തെ സീനോടെ ചീറ്റിപ്പോയത്. ഉപഗ്രഹ സർവെ റിപ്പോർട്ട് പിൻവലിക്കണമെന്ന മുറവിളിക്ക് വിഴിഞ്ഞം തുറമുഖ നിർമ്മാണം മതിയാക്കണമെന്ന സമരാവശ്യത്തിന്റെ അതേ ഈണം. ഉപഗ്രഹ സർവെ നടത്തണമെന്നു പറഞ്ഞതാരാ… സുപ്രിംകോടതി. സുപ്രിംകോടതി ഉത്തരവു പ്രകാരം നടത്തിയ സർവെ റിപ്പോർട്ട് തള്ളണം എന്നു പറഞ്ഞാൽ അതു നടക്കുന്ന കാര്യമല്ലെന്ന് എല്ലാവർക്കുമറിയാം. അപ്പോ നടക്കാത്ത ആവശ്യം ഉന്നയിച്ചാണ് സമരപ്രഖ്യാപനം.

വിഴിഞ്ഞത്തു പരാജയപ്പെട്ടുപോയി എന്നുവെച്ച് വിമോചനസമര കലാവേദി അടങ്ങിയിരിക്കുന്നില്ല. അവർക്ക് സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞ് തെരുവിലിറങ്ങണം. ളോഹയിട്ട് രാഷ്ട്രീയം കളിക്കുന്നവർക്കാണെങ്കിൽ ഇരുപ്പുറയ്ക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ എന്താണ് കാര്യം. ജനവാസ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങൾ ബഫർസോണിൽ ആക്കാൻ സാധിക്കില്ലെന്നു കാണിച്ച്‌ ഇതിനകം സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ച സർക്കാരാണിത്. ആ സർക്കാരിനെതിരെ എന്തിന് സമരം.

ലക്ഷ്യം ഒന്നേയുള്ളൂ. ജനങ്ങളിൽ ആശങ്ക നിറയ്ക്കണം. അരക്ഷിത ബോധം വളർത്തണം. അതിനെന്തു ചെയ്യുന്നു? ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും വാഹനങ്ങൾക്കും കൃഷിക്കും നിയന്ത്രണമുണ്ടാകുമെന്നും പരിസ്ഥിതി ദുർബല പ്രദേശമാകുമെന്നുമൊക്കെ യുഡിഎഫ് പ്രചരിപ്പിക്കുന്നു. നട്ടാൽ കുരുക്കാത്ത നുണകളുമായി വി ഡി സതീശനും കെ സുധാകരനും രംഗത്തു വന്നതിന്റെ തൊട്ടുപിന്നാലെയാണ് താമരശേരി ബിഷപ്പിന്റെ സമരപ്രഖ്യാപനം.

ബഫർ സോണിന്റെ പേരിൽ ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിന് ജനപക്ഷത്തു നിന്ന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നു. ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനും അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാനും വാർഡ് അടിസ്ഥാനത്തിൽ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി ജനവാസമേഖലയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിക്കും. ഇതിനൊക്കെ വേണ്ടി ഹെൽപ്പ് ഡെസ്കുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

പ്രശ്നത്തിന്റെ ആഴം മനസിലാക്കിയാണ് സർക്കാരിന്റെ നടപടികൾ. എന്നാൽ പ്രതിപക്ഷത്തിനു വേണ്ടതോ? ജനങ്ങളെ പരിഭ്രാന്തരാക്കുക. കലക്കവെള്ളത്തിൽ മീൻ പിടിക്കുക. അതിന് അസത്യങ്ങളും അർദ്ധസത്യങ്ങളും പെരുങ്കള്ളങ്ങളും പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കുക. എല്ലാക്കാലത്തും യുഡിഎഫ് ഇങ്ങനെയൊക്കെത്തന്നെയാണ് നാട്ടിൽ പ്രവർത്തിക്കുന്നത്. അവർക്കു വേണ്ട പിന്തുണയുമായി എല്ലാക്കാലത്തും സാമുദായികവേഷമിട്ട് വലതുപക്ഷ രാഷ്ട്രീയം കളിക്കുന്നവരും ഇറങ്ങും.

ഈ മുന്നണിയുടെ തന്ത്രങ്ങൾ നാടെത്ര കണ്ടതാണ്? ഇതേ തന്ത്രം വിഴിഞ്ഞത്തു പരാജയപ്പെട്ടിട്ട് ആഴ്ചകളേ ആയുള്ളൂ. ബഫർ സോൺ സമരത്തിന്റെ ഗതിയും മറ്റൊന്നാവില്ല