ബഫർസോൺ; നേരും നുണയും
എൽ ഡി എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും മറ്റൊരു ഗൂഢ പദ്ധതി കൂടി തുറന്നുകാട്ടപ്പെടുകയാണ്. ബഫർ സോൺ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത് ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുള്ള ഭൂപടമാണെന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ ഇളക്കിവിടാൻ പ്രതിപക്ഷം ആവോളം ശ്രമിച്ചു, എപ്പോഴും പ്രതിപക്ഷത്തിന്റെ അട്ടിമറിപദ്ധതികൾക്ക് കുടപിടിക്കുന്ന മാധ്യമങ്ങളുടെ ഇത്തവണത്തെ സമീപനവും വ്യത്യസ്തമായിരുന്നില്ല.
ബഫർ സോൺ സംബന്ധിച്ച് വനം, തദ്ദേശം, റവന്യൂ വകുപ്പുകൾ ചേർന്ന് സംയുക്ത സർവേ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായത് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.
ഈ ഭൂപടത്തിൽ ഉൾപ്പെടുത്തേണ്ട അധികവിവരമോ, പരാതികളോ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ ജനങ്ങൾക്ക് സർക്കാർ അവസരമൊരുക്കും. പഞ്ചായത്ത് സെക്രട്ടറിമാർക്കും വനംവകുപ്പിനും നേരിട്ടും വിവരം നൽകാം. വിവരം ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴുവരെ ദീർഘിപ്പിച്ചു. സുപ്രീം കോടതിയിൽ വിവരം കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാൻ സർക്കാർ അപേക്ഷയും നൽകും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്‌റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടും. തദ്ദേശ, റവന്യു, വനം മന്ത്രിമാർ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം ചേർന്നു.
വിവരങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ പഞ്ചായത്തുതലത്തിൽ റവന്യു, വനം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കു ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവിഭാഗം ആളുകളും ഉൾപ്പെടുന്ന സമിതി ജനങ്ങളിൽനിന്ന് വിവരശേഖരണം നടത്തുന്നത് പരിഗണിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
ബഫർസോണിന്റെ പേരിൽ സർക്കാരിനെതിരെ സമരവുമായി പുറപ്പെട്ട കോൺഗ്രസ് അവരുടെ ഭരണകാലയളവിലെ ചെയ്തികൾ മറച്ചുവയ്ക്കാനുള്ള വിഫല ശ്രമത്തിലാണ്. 2011 ലാണ് കേന്ദ്ര സർക്കാർപരിസ്ഥിതി ലോല പ്രദേശമെന്ന നിർദേശം മുന്നോട്ടുവച്ചത്. അന്ന് കേരളവും കേന്ദ്രവും ഭരിച്ചുകൊണ്ടിരുന്നത് കോൺഗ്രസ് .അതെ വർഷം തന്നെ ബഫർസോൺ നിശ്‌ചയിച്ച് ഉത്തരവും ഇറക്കി. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അന്ന് ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച കമ്മറ്റിയുടെ ചെയർമാൻ മറ്റാരുമല്ല ഇപ്പോൾ സർക്കാർ വിരുദ്ധ സമരം നയിക്കുന്ന സാക്ഷാൽ വി ഡി സതീശൻ തന്നെ. ബഫർസോൺ 10 കിലോമീറ്റർ ആകണമെന്ന് അന്ന് സതീശനും, ടി എൻ പ്രതാപനും ഉൾപ്പെട്ട മൂന്നംഗ സമിതി റിപ്പോർട്ടും നൽകി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ജനവാസ മേഖല ഒഴിവാക്കണമെന്ന് 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചെങ്കിലും കേന്ദ്ര വിദഗ്ദ്ധസമിതിക്ക് വിശദാംശങ്ങൾ കൈമാറാത്തതിനാൽ വിജ്ഞാപനം കാലഹരണപ്പെട്ടു. ഇടുക്കിയിൽ മതികെട്ടാൻചോല, ആനമുടിച്ചോല, പാമ്പാടുംചോല, എന്നി ദേശീയോദ്യാനങ്ങൾ പുതുതായി പ്രഖ്യാപിച്ച് സംരക്ഷിത പ്രദേശത്തിന്റെ അളവ് കൂട്ടിയത് കെ സുധാകരൻ വനം മന്ത്രിയായിരിക്കുമ്പോഴാണ്. ഇടുക്കിയിലെ 47 വില്ലേജും ഇ എസ് എൽ ആക്കണമെന്ന് ശുപാർശ ചെയ്ത ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് കെ സുധാകരനും വി ഡി സതീശനുമാണെന്നത് ആരും മറന്നിട്ടില്ല. ഈ വസ്തുതകൾ മറച്ചുവച്ചാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബഫർസോൺ പൂജ്യം ആക്കണമെന്നും വനാതിർത്തിക്ക് പുറത്തേക്ക് ബഫർസോൺ പാടില്ലെന്നും നിലപാടെടുത്തു. ഈ തീരുമാനം സുപ്രിംകോടതിയെയും എംപവേർഡ് കമ്മിറ്റിയെയും അറിയിച്ചു. 2018 ൽ പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ പൊതുജനാഭിപ്രായം ഉയർന്നപ്പോഴാണ് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല പ്രദേശമാക്കാൻ തത്വത്തിൽ തീരുമാനിക്കുന്നത്.
20 എണ്ണത്തിൽ കേന്ദ്ര കരട് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ ജനവാസ, സർക്കാർ, അർധസർക്കാർ തുടങ്ങിയ സ്ഥാപനങ്ങളെ ഒഴിവാക്കി കരട് ഭേദഗതി നിർദേശിച്ചു. പരിസ്ഥിതിലോല മേഖലയുമായി ബന്ധപെട്ട് കേരളം കേന്ദ്രത്തിന് സമർപ്പിച്ച ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കാനുള്ള ഭൂപടം പ്രസിദ്ധികരിക്കാനും സർക്കാർ തീരുമാനിച്ചു. ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും വാഹനങ്ങൾക്കും കൃഷിക്കും നിയന്ത്രണമുണ്ടാകുമെന്നും പരിസ്ഥിതി ദുർബല പ്രദേശമാകുമെന്നുമൊക്കെ പ്രതിപക്ഷംനട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു. ബഫർ സോണിന്റെ പേരിൽ ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിന് ജനപക്ഷത്തു നിന്ന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നു. ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനും അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാനും വാർഡ് അടിസ്ഥാനത്തിൽ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി ജനവാസമേഖലയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിക്കും. ഇതിനൊക്കെ വേണ്ടി ഹെൽപ്പ് ഡെസ്കുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രശ്നത്തിന്റെ ആഴം മനസിലാക്കിയാണ് സർക്കാരിന്റെ നടപടികൾ.
കലക്കവെള്ളത്തിൽ മീൻ പിടിക്കുക. അതിന് അസത്യങ്ങളും അർദ്ധസത്യങ്ങളും പെരുങ്കള്ളങ്ങളും പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കുക. എല്ലാക്കാലത്തും യുഡിഎഫ് ഇങ്ങനെയൊക്കെത്തന്നെയാണ് നാട്ടിൽ പ്രവർത്തിക്കുന്നത്. അവർക്കു വേണ്ട പിന്തുണയുമായി എല്ലാക്കാലത്തും സാമുദായികവേഷമിട്ട് വലതുപക്ഷ രാഷ്ട്രീയം കളിക്കുന്നവരും ഇറങ്ങും.
ഈ മുന്നണിയുടെ തന്ത്രങ്ങൾ നാടെത്ര കണ്ടതാണ്? ഇതേ തന്ത്രം വിഴിഞ്ഞത്തു പരാജയപ്പെട്ടിട്ട് ആഴ്ചകളേ ആയുള്ളൂ. ബഫർ സോൺ സമരത്തിന്റെ ഗതിയും മറ്റൊന്നാവില്ല.