ലീഗ് കോൺഗ്രസ് ചേരി

രാജ്യത്താകമാനം കോൺഗ്രസും സംഘപരിവാറും തമ്മിലുള്ള അകലം നേർത്തതായി തുടങ്ങിയ കാലം മുതലാണ് മുസ്ലിം ലീഗിൽ കോൺഗ്രസ് വിരുദ്ധ അഭിപ്രായങ്ങൾ പരസ്യമായി ഉയർന്നുവന്നു തുടങ്ങിയത്.

ലീഗിന്റെ കരുത്തിൽ മലബാറിൽ കോൺഗ്രസ് പല മണ്ഡലങ്ങളും ജയിച്ചു കയറുന്ന സമയത്ത് തന്നെ മറ്റ് ജില്ലകളിലെ ലീഗ് സ്ഥാനാർത്ഥികളെ കോൺഗ്രസ് കാല് വാരുന്ന വിഷയങ്ങളിൽ ഒതുങ്ങിരുന്ന ലീഗ് കോൺഗ്രസ് അഭിപ്രായ ഭിന്നത മറ്റൊരു നിലയിലേക്ക് ഉയർന്നത് കോൺഗ്രസിനെ ബാധിച്ച സംഘപരിവാർ പ്രണയം മുതലാണ്.

രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ രാഹുലിനെ സ്വീകരിക്കാൻ വലിയ പരിപാടികൾ സംഘടിപ്പിച്ച ലീഗിനെ അന്ന് കോൺഗ്രസ് നേതൃത്വം വിലക്കി. ലീഗിന്റെ പച്ചകൊടി ദേശീയ തലത്തിൽ തങ്ങൾക്ക് വിനയാകും എന്ന ഹിന്ദുത്വ വികാരമാണ് അന്ന് കോൺഗ്രസിനെ നയിച്ചത്.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ രഹസ്യമായി കോൺഗ്രസ് കൊണ്ടുനടന്നിരുന്ന ഹിന്ദുത്വ അജണ്ടകൾ പരസ്യമായി തന്നെ പറയാൻ തുടങ്ങിയതോടെ ലീഗ് ആശയക്കുഴപ്പത്തിലായി. കണ്ണൂരില്‍ ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന പ്രസ്താവനയെ ലീഗിന് പരസ്യമായി തള്ളി പറയേണ്ടി വന്നു.

ഈ വിവാദം കത്തിനില്‍ക്കേയാണ് നെഹ്റു ആർഎസ്എസിനോട് സന്ധിചെയ്തിരുന്നുവെന്ന കെ സുധാകരന്റെ പുതിയ പ്രസ്താവന വന്നത്. ഈ വിഷയത്തിലും തങ്ങളുടെ അസംതൃപ്തി ലീഗിന് പരസ്യമായി തന്നെ പറയേണ്ടി വന്നു.

സംസ്ഥാനത്തെ ഭരണ സ്ഥിരത ഇല്ലാതാക്കാൻ ബിജെപി തീരുമാനിച്ചയച്ച ആരിഫ് മുഹമ്മദ് ഖാന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചത്. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നിലപാടുകൾക്ക് കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും ലീഗിന്റെ നിലപാടിന് വിരുദ്ധമായിരുന്നു.

ഉന്നത വിദ്യഭ്യാസ മേഖലയെ സംഘപരിവാറിന്‌ കീഴ്‌പ്പെടുത്താനുള്ള ഗവർണറുടെ നീക്കത്തിന്‌ വഴിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ്‌ ലീഗ്‌ വിലയിരുത്തൽ

ദേശീയതലത്തിൽ എടുക്കുന്ന നിലപാട്‌ എന്തുകൊണ്ട്‌ കേരളത്തിൽ എടുക്കുന്നില്ലെന്ന ലീഗ് ചോദ്യത്തിനുമുന്നിൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഉത്തരമില്ല

ഗവർണർക്ക് പിന്തുണ നൽകുക വഴി സംഘപരിവാർ നയങ്ങൾക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന നയം ലീഗ് പറയാതെ പറഞ്ഞു കഴിഞ്ഞു.

ഏറ്റവും ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിൽ സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനമെന്ന നിലപാടും ലീഗ് സ്വീകരിച്ചു. ഇതും കോൺഗ്രസ് നിലപാടിന് വിരുദ്ധമാണ്.

രാജ്യസഭയിൽ ബിജെപി അംഗം ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമുണ്ടായില്ലെന്ന യാഥാർഥ്യം ലീഗ് നേതാവ് പി.വി അബ്ദുവഹാബ് പരസ്യമായി തന്നെ പറഞ്ഞത് ഈ അഭിപ്രായ വൈരുദ്ധ്യങ്ങളുടെ തുടർച്ചയാണ്.