കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ പോലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സര്‍വ്വേ പ്രകാരം കേരള പോലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് തെളിവുകള്‍ ശേഖരിക്കുന്നതില്‍ മികവു പുലര്‍ത്തിയ സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതെല്ലാം ഇവിടെ പറയുന്നില്ല.
കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ പോലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനും പോലീസിനു കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാന്‍ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതില്‍ ആദ്യത്തെ കേസില്‍ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുള്ള എല്ലാ നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ എല്ലാ ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.
പോലീസ് സേനയിലേക്ക് ആദ്യമായി വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേരിട്ടുള്ള നിയമനം നടത്തിയതും ഇക്കാലയളവിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.
പോലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുദ്യോഗ സ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും
2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പോലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പോലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് 2 പോലീസുദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ച പ്രത്യേക സംഭവങ്ങളില്‍ ഒന്നില്‍പ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും തന്നെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുകൊണ്ട് തക്കതായ നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ട്.
പ്രമേയാവതാരകന്‍ പറയുന്നത് 828 പോലീസ് സേനാംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പോലീസ് സേനയില്‍ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നതാണ് ഇതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുത.
അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.
സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും, കോവിഡ് മഹാമാരിയുടെയും ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച പോലീസ് സേനയെ ഇത്തരത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓര്‍മ്മിക്കേണ്ടതാണ്.
രണ്ടാം മറുപടിയിൽ നിന്ന്
ഇവിടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നത് ഒരു അപാകമായാണ് പ്രമേയാവതാരകന്‍ പറയുന്നത്.
സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ / പരാതി ലഭിക്കുമ്പോള്‍ പോലീസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നു എന്നതിന്റെ തെളിവുകൂടിയല്ലേ ഇത്.
ഇത്തരം കേസുകളില്‍ അന്വേഷണത്തില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് പറയാന്‍ കഴിയുമോ?
ഇവിടെയൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള കേസിന്റെ എണ്ണം അദ്ദേഹം പറഞ്ഞു. 15 ആണത്രേ, അതില്‍ എത്ര കേസ് അദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നുവെന്നത് മനസ്സിലാക്കിയിട്ടുണ്ടോ? ഒന്ന് അന്വേഷിച്ചു നോക്കണം.
അമ്പലവയല്‍ പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിനിടെ എ.എസ്.ഐ. പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം
ക്രൈം നം. 641/2022 പ്രകാരം പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ യൂണിറ്റ് ഡി.വൈ.എസ്.പി. അന്വേഷിച്ചു വരുന്നു.
പ്രഭാത സവാരിക്കു പോയ വനിതയെ തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആക്രമിച്ച പ്രതിയെ കാലതാമസം കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയിട്ടുണ്ട്.
തലശ്ശേരിയില്‍ കാറില്‍ ചാരിനിന്ന കുട്ടിയെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യുകയും വധശ്രമത്തിന് കേസ്സെടുത്ത് റിമാന്റ് ചെയ്തിട്ടുമുണ്ട്.
കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ അന്വേഷണം സംസ്ഥാന പോലീസ് നടത്തുകയില്ലായെന്നും അത് സി ബി ഐ പോലുള്ള ഏജന്‍സിളെ ഏല്‍പ്പിക്കുമെന്നും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവങ്ങളെല്ലാം തന്നെ സി ബി ഐ അന്വേഷണത്തിന് വിട്ടിട്ടുമുണ്ട്.
മൂന്നാംമുറയോടും കസ്റ്റഡി മര്‍ദ്ദനങ്ങളോടും സംസ്ഥാന സര്‍ക്കാരിന് സീറോ ടോളറന്‍സാണുള്ളത്. ഈയവസരത്തില്‍ പോലീസ് സംവിധാനത്തെ ഭരണകൂടം ഏതെല്ലാം തരത്തില്‍ വിനിയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ചരിത്രത്തിലേക്ക് കൂടുതൽ പോകുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നാടുവാഴി ഭരണത്തിന്റെയും കാലത്ത് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ മുഖ്യമായും പോലീസിനെയാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടും പോലീസിന്റെ വിനിയോഗത്തില്‍ കാര്യമായ മാറ്റം വന്നില്ല.
ജനാധിപത്യ വ്യവസ്ഥയില്‍ പോലീസ് ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കാതലായ വ്യത്യാസമുള്ള സമീപനം നമ്മുടെ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്തതും നടപ്പില്‍ വരുത്തിയതും 1957 ലെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച സര്‍ക്കാരാണ്.
2016 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സേവനമനോഭാവമുള്ള പോലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ട്.
സേനയുടെ ആധുനികവത്ക്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതൃകാപരമായ നടപടികള്‍ പോലീസ് സേന സ്വീകരിച്ചുവരുന്നുണ്ട്.
പോക്‌സോ കേസുകള്‍ സമയബന്ധിതമായി വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാന്‍ 58 പുതിയ പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടുണ്ട്.
2016 മേയ് മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 504 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് നടപടികള്‍ക്കൊപ്പം ശക്തമായ സാമൂഹിക ബോധവത്ക്കരണവും കൗണ്‍സലിംഗും നടക്കുന്നുണ്ട്.
തുമ്പില്ലായെന്ന് വിലയിരുത്തപ്പെട്ട കേസുകളില്‍ പോലും പ്രത്യേക ശ്രദ്ധപതിപ്പിച്ച് തെളിവുകള്‍ ശേഖരിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ റിക്കോര്‍ഡ് പോലീസിനുണ്ട്.
യു.ഡി.എഫ് കാലത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത് 976 പോലീസ് ഉദ്യോഗസ്ഥർ
യു.ഡി.എഫ് കാലത്ത് 976 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എൽ.ഡി.എഫ് കാലത്ത് 828 പോലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.