കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി

കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി

ദേശീയതലത്തിൽ പുതിയ വിദ്യാഭ്യാസനയം 2020 ജൂലൈ 29 ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കാനുള്ള നിർദ്ദേശമുണ്ട്. സംസ്ഥാനങ്ങളെല്ലാം പാഠ്യ പദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്ന ഘട്ടമാണിത്. ഒരു രാഷ്ട്രത്തിന്റെ ഭരണഘടനക്കനുസൃതമായ പൗരസമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് പ്രസ്തുത രാഷ്ട്രത്തിന്റെ വിദ്യാഭ്യാസം കൊണ്ട് സ്വാഭാവികമായും ലക്ഷ്യമിടുന്നത്. എന്നാൽ ദേശീയവിദ്യാഭ്യാസനയം 2020 ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ ദർശനങ്ങളെ പാടെ തിരസ്ക്കരിക്കുന്നു എന്ന വിമർശനം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഈ പദങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾച്ചേർത്തിട്ടില്ല എന്നതാണ് വിമർശനങ്ങളുടെ കാതൽ.

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരണം ആസൂത്രണം ചെയ്തിരിക്കുന്നത്. സുതാര്യവും ജനാധിപത്യപരവുമായി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേരളത്തിലും കേരളത്തിന് പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരെയും സർവ്വകലാശാല പ്രൊഫസർമാരേയും കോളേജ് അധ്യാപകരെയും സ്കൂൾ അധ്യാപകരെയും ഉൾപ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഈ ഫോക്കസ് മേഖലകളെ സംബന്ധിച്ചുള്ള നിലപാട് രേഖകൾ (പൊസിഷൻ പേപ്പറുകൾ) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പ്രസ്തുത പൊസിഷൻ പേപ്പറുകൾ തയ്യാറാക്കുന്നതിന് സ്കൂൾതലം മുതൽ വിപുലമായ ജനകീയ ചർച്ചകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, ബ്ലോക്ക്, ജില്ല സംഘാടക സമിതികളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ഈ ചർച്ചകൾ ഫലപ്രദമായി നടത്തുന്നതിന് കുറിപ്പുകൾ അടങ്ങിയ ഒരു കൈപ്പുസ്തകം “പാഠ്യപദ്ധതി ചട്ടക്കൂടുകൾ - സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പുകൾ" എന്ന പേരിൽ എസ്.സി.ഇ.ആർ.ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇത് ചർച്ചകൾക്കുള്ള ചില സൂചകങ്ങൾ മാത്രമാണ്,  നിലപാട് രേഖയോ, പാഠ്യപദ്ധതി ചട്ടക്കൂടുകളോ അല്ല, ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചർച്ചാക്കുറിപ്പുകൾ മാത്രമാണെന്നതാണ് വസ്തുത. ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും സ്വതന്ത്രമായി അഭിപ്രായവും ആശങ്കകളും പങ്കുവയ്ക്കുന്നതിനുള്ള സുതാര്യമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റി നിർത്താൻ പാടില്ല എന്ന ആശയമാണ് ജനകീയ ചർച്ചയ്ക്കായി മുന്നോട്ട് വച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 അനുസരിച്ച് മതം, ജാതി, ലിംഗം, വർണം, വർഗം, പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല. ആർട്ടിക്കിൾ 14 എല്ലാതരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുന്നു. ജെൻഡർ എന്നത് ഒരു സാമൂഹ്യ നിർമ്മിതിയാണ് എന്നാണ് ചർച്ചാക്കുറിപ്പിൽ പറയുന്നത്. ജെൻഡർ സാമൂഹ്യ നിർമിതിയാണെന്നും സെക്സ് അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ആയതിനാൽ സ്ത്രീകൾക്ക് നൽകിവരുന്ന സവിശേഷ പരിഗണനയും സംരക്ഷണങ്ങളും  ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

സ്കൂൾ സമയമാറ്റത്തെക്കുറിച്ചുള്ള ചോദ്യം സംബന്ധിച്ച്, പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളയിടത്തെല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തിന്റെ അഭിപ്രായം ആരായുന്നതിനുള്ള ഒരു ആശയം മാത്രമാണ്. ഇത് ഒരു തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല.

ഇന്ത്യൻ ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങളും മൂല്യങ്ങളും സാർത്ഥകമാക്കുന്ന പാഠ്യപദ്ധതിയേ കേരളത്തിൽ വികസിപ്പിക്കുകയുള്ളൂ.  മതനിരപേക്ഷത, ജനാധിപത്യം എന്നിവ പുലരുക എന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. മതനിരപേക്ഷത എന്നാൽ മതനിഷേധമല്ല. ഭരണഘടനയുടെ ആമുഖം തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വത്തിനുള്ള അവകാശം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ആർട്ടിക്കിൾ 15 പ്രകാരം മതം, വർഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കുവാൻ പാടുള്ളതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൗലീക കർത്തവ്യങ്ങളുടെ ഭാഗമായി ആർട്ടിക്കിൾ 51 എ  -യിൽ ഉപവിഭാഗം എച്ച് -ൽ ശാസ്ത്രീയമായ കാഴ്ച്ചപ്പാടും, മാനവീകതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനുമുള്ള മനോഭാവം വികസിപ്പിക്കുക എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂട്ടായ ചർച്ചകളിലൂടെ നമ്മുടെ ഭരണഘടനാ ദർശനങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും സാമൂഹികമായ സമവായം ഉണ്ടാക്കാനും നമുക്ക് കഴിയും. മതനിഷേധം എന്നത് സർക്കാറിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സർക്കാറിനില്ല. ബഹുസ്വരതയെ, വൈവിധ്യങ്ങളെ, വൈജാത്യങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് തന്നെയാകും സർക്കാർ നയം.