ചാൻസലറായി ഗവർണർ തുടരേണ്ടതില്ല എന്ന കാര്യത്തിൽ നിയമസഭയിൽ ഏകകണ്ഠമായ തീരുമാനം
ആരായിരിക്കണം ചാൻസലർ എന്നതുസംബന്ധിച്ചാണ് ആകെ കോൺഗ്രസിന് തർക്കമുള്ളത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ സമിതി രൂപീകരിക്കാമെന്നും ആ സമിതി നിശ്ചയിക്കുന്നതുപ്രകാരം ചാൻസലറെ നിശ്ചയിക്കാമെന്നുമാണ് സർക്കാരിൻ്റെ അഭിപ്രായം.
പ്രതിപക്ഷനേതാവ് പറയുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതിയായിരിക്കണം ചാൻസലറെ നിശ്ചയിക്കേണ്ടത് എന്നാണ്. നിർദേശത്തിൻ്റെ പരിമിതി സർക്കാർ ചൂണ്ടിക്കാണിച്ചതോടെ പ്രതിപക്ഷം ഈ വാദത്തിൽ നിന്ന് പിന്മാറി.
സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിമോ മാത്രമേ ചാൻസലർ ആകാവൂ എന്നും പ്രതിപക്ഷം
സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസോ ചാൻസലറാകുന്നതിൽ പ്രശ്നമില്ല. എന്നാൽ അത് മാത്രമേ ആകാവൂ എന്ന പ്രതിപക്ഷ ശാഠ്യം അംഗീകരിക്കാൻ പറ്റില്ല. ഏറ്റവും യോഗ്യനായ ആൾ എപ്പോഴും ജഡ്ജിയാകണമെന്നില്ല. വിശാലമായി പ്രതിപക്ഷം ചിന്തിച്ചില്ല (ഈ ഒരു പോയിൻ്റിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് എന്നത് സങ്കുചിത മനോഭാവത്തിന് ഉദാഹരണമാണ്. പൊതുസമൂഹം ഭരണപക്ഷത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെയും വാദം ചർച്ച ചെയ്യട്ടെ)
വിദഗ്ധരായ ചാൻസലർമാരെ നിയമിക്കില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്, അവരോട് മല്ലികാ സാരാഭായിയേക്കാൾ മികച്ച ആളെ കലാമണ്ഡലം ചാൻസലർ സ്ഥാനത്തേക്ക് നിയമിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചതിന് പ്രതിപക്ഷത്തിന് നിയമസഭയിൽ മറുപടി ഉണ്ടായിരുന്നില്ല.
എല്ലാ യൂണിവേഴ്സിറ്റിക്കും കൂടി ഒരു ചാൻസലർ എന്നോ ഓരോ യൂണിവേഴ്സിറ്റിക്കും ഓരോ ചാൻസലർ എന്നോ ബില്ലിൽ പറയുന്നില്ല. ഒരാൾക്ക് ഒന്നിലധികം യൂണിവേഴ്സിറ്റികളുടെ ചാൻസലറാകാൻ സാധിക്കില്ല എന്ന് ബില്ലിൽ നിഷ്കർഷിച്ചിട്ടില്ല.
വളരെ പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണനെ അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെടെയുള്ള ശാസ്ത്രം, സാങ്കേതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം അല്ലെങ്കില്‍ പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാഗത്ഭ്യമുള്ള ഒരാളെ സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയിന്‍മേല്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറായി നിയമിക്കേണ്ടതാണ് എന്നാണ് സർക്കാർ പറയുന്നത്.
നിയമസഭ പാസാക്കുന്ന ബില്ല് വിയോജിപ്പുകളുണ്ടെങ്കിലും ജനാധിപത്യത്തിൻ്റെ അന്തസത്ത പരിഗണിച്ച് ഗവർണർ അംഗീകരിക്കണമെന്ന ഏകകണ്ഠമായ നിലപാട് സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭയിൽ മൂന്ന് ബില്ലുകൾ ഗവർണർ ഒപ്പിടരുതെന്ന് പറഞ്ഞ പ്രതിപക്ഷം ഈ തവണ ജനാധിപത്യത്തിന് യോജിക്കാത്ത അത്തരമൊരു നിലപാടിൽ നിന്ന് പിന്മാറി എന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുക. ഞങ്ങൾക്കെതിർപ്പുള്ള ബില്ലുകളും നിയമസഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണമെന്ന് പ്രതിപക്ഷം ഇത്തവണ അംഗീകരിച്ചു.
കൺകറൻ്റ് ലിസ്റ്റിലായതുകൊണ്ട് പുതിയ ബിൽ അവതരിപ്പിക്കാൻ കേന്ദ്രത്തിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ആവശ്യമില്ല. കേന്ദ്രനിയമത്തിനോട് ഘടകവിരുദ്ധമായാൽ മാത്രമാണ് പ്രശ്നം.
ചാൻസലറായ ഗവർണർ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെടുന്നതിൻ്റെ പുറകിലെ രാഷ്ട്രീയ താൽപര്യം മനസിലാക്കുന്നു എന്നാണ് മുസ്ലീം ലീഗും കോൺഗ്രസിൻ്റെ അഖിലേന്ത്യാ നേതൃത്വവും പറഞ്ഞത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അധികാരം കിട്ടാൻ വേണ്ടി മാത്രമായി ബിജെപിക്ക് അനുകൂലമായ വിധത്തിൽ നിലപാട് സ്വീകരിക്കുകയാണ്.
ഇറങ്ങിപ്പോകൽ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവിനെ മുന്നണിയിൽ നിന്നാരും പിന്തുണച്ചില്ല. ഇത്രയും ഗൗരവമായ വിഷയത്തിൽ കോൺഗ്രസിനെതിരായ തങ്ങളുടെ അഭിപ്രായം സഭാ റെക്കോഡിൽ വരാതിരിക്കാൻ ലീഗും മറ്റ് പ്രതിപക്ഷ കക്ഷികളും വാക്ക് ഔട്ട് പ്രസംഗം നടത്തിയില്ല.
സർക്കാരിനെ ഗവർണർ പിരിച്ചുവിടണം എന്ന് കെ പി സി സി പ്രസിഡൻ്റ് പറഞ്ഞിടത്തു നിന്ന് ചാൻസലർ എന്ന നിലയിൽ ഗവർണർ ഒരു നിമിഷം പോലും തുടരുത് എന്ന നിലയിലേക്ക് കോൺഗ്രസ് എത്തി എന്ന കാര്യം പോസിറ്റീവാണ്.