കൊടകര കുഴല്‍പ്പണ കേസ്

കൊടകര കുഴല്‍പ്പണ കേസ്

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെൻറിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടി, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള പോലീസിനോട്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ചോദിച്ചിട്ടുണ്ടെന്നും വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആണ്.
പ്രതിപക്ഷ നേതാവും ഇ ഡി ക്ക് വിവരങ്ങൾ കൈമാറത്തത് എന്ത് എന്ന് ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോർമൻ ഡയറക്ടറേറ്റിന് കൃത്യസമയത്ത് അറിയിച്ചിട്ടുണ്ട്.

രണ്ടു തവണയാണ് എൻഫോഴ്സ്മെന്റ് മെയിൽ അയച്ച് വിവരങ്ങൾ ആരാഞ്ഞത്.

ആ രണ്ട് മെയിലിനും കൃത്യസമയത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മറുപടി നൽകിയിട്ടുണ്ട്

മറ്റ് കമ്യൂണിക്കേഷൻസുകൾ ഒന്നും തന്നെ ഇഡിയുടെ ഭാഗത്തുനിന്ന് കേരള പോലീസിനോ സർക്കാരിനോ ഉണ്ടായിട്ടില്ല.

അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചുവടെ

കൊടകര പോലീസ് സ്റ്റേഷന്‍ ക്രൈം നം. 146/2021 കേസ് അന്വേഷണത്തിന്റെ ഭാഗമായി 1 മുതല്‍ 22 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള ചാര്‍ജ്ഷീറ്റ് 23.07.2021 ന് കോടതിയില്‍ സമര്‍പ്പിച്ചു.

പത്താം പ്രതിയായ ഷാഹിദിന്റെ ഭാര്യയായ ജിന്‍ഷയെ (A23) ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തകയും ചെയ്തു.

നിലവില്‍ ഈ കേസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയിലാണ്.

കൊടകര എസ്.എച്ച്.ഒ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒരു മാരുതി എര്‍ട്ടിക കാര്‍ (KL 56 G 5687) ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോട്ട എന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ വാഹനമാണ് പണം കടത്താന്‍ ഉപയോഗിച്ചിരുന്നത്. വിശദമായ പരിശോധനയില്‍ പണം കടത്താന്‍ ഉപയോഗിച്ചിരുന്ന രഹസ്യ അറകള്‍ തുറക്കപ്പെട്ട നിലയില്‍ കണ്ടെത്താനായി.

25.04.2021 ന് ഈ കേസ് ചാലക്കുടി ഡിവൈഎസ്പി ഏറ്റെടുക്കുകയും ഭൂരിപക്ഷം പ്രതികളെ അറസ്റ്റ് ചെയ്യുകയും പണവും മറ്റു വസ്തുക്കളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പരാതിക്കാരായ ഷംജീറിന്റെയും ധര്‍മ്മജന്റെയും മൊഴി പ്രകാരം എര്‍ട്ടിക കാര്‍ വഴി കടത്തിയത് 25 ലക്ഷം രൂപയല്ലെന്നും 3.5 കോടി
രൂപയാണെന്നുമാണ്.

ഇതാകട്ടെ എറണാകുളത്തെ ചില ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എത്തിച്ചത്.

ഈ കേസില്‍ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സര്‍ക്കാര്‍ നിയോഗിക്കുകയും 15.05.2021 ന് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

ഈ പ്രത്യേക അന്വേഷണ സംഘം പ്രതികളെയും സാക്ഷികളെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും 1,16,04,701 രൂപയും സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍, വാച്ചുകള്‍ (13,29,100 വിലമതിക്കുന്നത്) എന്നിവ കണ്ടെത്തി.

17,00,000 രൂപ പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട നിലയിലായിരുന്നു.

ഇതും മരവിപ്പിച്ചു.

3.5 കോടി രൂപയില്‍ 56,64,710 രൂപ പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയെന്ന കുറ്റസമ്മതം നടത്തി.

1,47,01,489 രൂപ ഇനിയും കണ്ടെത്താനുണ്ട്. അതിനായുള്ള അന്വേഷണം തുടരുകയാണ്.

ആകെ 2,03,66,199 കോടി രൂപ ഇനിയും കണ്ടെടുക്കാനുണ്ട്.

23.07.2021 ന് ഇതുമായി ബന്ധപ്പെട്ട ചാര്‍ജ്ഷീറ്റ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്

ധര്‍മ്മജനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബിജെപി സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. ഗണേഷ്, ബിജെപി ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് 41.40 കോടി രൂപ കൊണ്ടുവന്നതായി മൊഴി നല്‍കി.

ഓരോ തവണയും പണം കൊണ്ടുവന്ന സാഹചര്യങ്ങളും, ആരാണ് പണം കൈപ്പറ്റിയതെന്നും എവിടെ വച്ചാണ് കൈപ്പറ്റിയതെന്നും ധര്‍മ്മജന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ നിയമപരമായ സ്രോതസ്സ് എന്താണെന്ന് വ്യക്തമാക്കാന്‍ ധര്‍മ്മജന്
കഴിഞ്ഞിട്ടില്ല.

ഷംജീര്‍, ഷിജിന്‍, ധനരാജന്‍, ഷൈജു, വിജിത്ത് എന്നിവരോടൊപ്പം ചേര്‍ന്നാണ് പണം കൊണ്ടുവന്നതെന്നും കൈമാറിയതെന്നും മൊഴിയിലുണ്ട്.

പണത്തിന്റെ സോഴ്‌സ് സംബന്ധിച്ച് ഇരിഞ്ഞാലക്കുട കോടതിയില്‍ ധര്‍മ്മജന്‍ നല്‍കിയ മൊഴി തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഒരു രേഖയും ഹാജരാക്കാനും ധര്‍മ്മജന് കഴിഞ്ഞിട്ടില്ല.

കെ. സുരേന്ദ്രന്റെ അറിവോടെ ബിജെപി നേതാക്കളായ എം ഗണേശ്, ഗിരീശന്‍ നായര്‍ എന്നിവര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പണം കൊണ്ടുവന്നതെന്നും വ്യക്തമായിട്ടുണ്ട്.

അനധികൃതമായി കണ്ടെത്തിയ പണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്‍കംടാക്‌സ് അതോറിറ്റിയെയും കൃത്യസമയത്ത് തന്നെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കും

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഐആര്‍എസിന് 01.06.2021 ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി കെ. രാജു കത്ത് മുഖാന്തിരം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

  1. ക്രൈം നം. 146/2021 ന്റെ എഫ്‌ഐആര്‍, എഫ്‌ഐഎസ് കോപ്പികള്‍

  2. ഇതുവരെ നടന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളുടെയും പ്രതികളുടെ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ ഈ കുറ്റകൃത്യത്തില്‍ എഫ്‌ഐഎസിലെ (പ്രാഥമിക മൊഴി) 25 ലക്ഷം രൂപയ്ക്ക് വ്യത്യസ്തമായി 3.5 കോടി രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് ഇഡിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇതു കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി, കെ. രാജു, ഇഡി ഡെപ്യൂട്ടി ഡയയറക്ടര്‍ (കൊച്ചി) ക്ക് 02.08.2021 ന് മറ്റൊരു കത്തു മുഖാന്തിരം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

അതില്‍ തന്നെ 31.05.2021 ന് നല്‍കിയ ഇ-മെയിലിന് മറുപടിയായി ഈ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍, എഫ്‌ഐ സ്റ്റേറ്റുമെന്റുകള്‍ 01.06.2022 ന് നല്‍കിയതായി അറിയിച്ചിട്ടുണ്ട്.