പത്തനംതിട്ട കലക്ടർ എഫ് ബി പോസ്റ്റ്
ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചിട്ട് ഇന്നേക്ക് മുപ്പതു ദിനങ്ങൾ ആകുന്നു. ഇതിനോടകം ഇരുപതു ലക്ഷത്തിലേറെ ഭക്തർ 1600 അടി ഉയരത്തിൽ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പാവനഭൂമിയിലെത്തി പുണ്യദർശനം നടത്തി മടങ്ങിക്കഴിഞ്ഞു.
കോവിഡ്, പ്രളയം തുടങ്ങി നിരവധി കാരണങ്ങൾ മൂലം മുടങ്ങിക്കിടന്ന യാത്രകൾ ഇപ്പോൾ സാക്ഷാത്കരിക്കുകയാണ് പലരും എന്നതിനാൽ തന്നെ ഇതുവരെ നാം കണ്ടിട്ടുള്ളതിൽ ഏറ്റവും അധികം ഭക്തജനങ്ങൾ നമ്മുടെ ജില്ലയിലേക്ക് എത്തിച്ചേർന്നിട്ടുള്ള ഒരു തീർത്ഥാടനക്കാലമായി ഇതു മാറിക്കഴിഞ്ഞിരിക്കുകയാണ്.
തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ മാസങ്ങൾക്കു മുൻപ് തന്നെ ആരംഭിച്ചു, യാത്ര സുഗമം ആക്കാൻ ഉതകുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തിയിരുന്നു.
ദുഷ്കരമായ ഭൂപ്രകൃതിയിലും നല്ല റോഡുകൾ, 1855 കുടിവെള്ള കിയോസ്‌ക്കുകൾ, 2406 ശൗചാലയങ്ങൾ, 34100 വിരി വെക്കുവാനുള്ള ഇടങ്ങൾ, ആരോഗ്യകേന്ദ്രങ്ങളിൽ 78020 പരിശോധനകൾ, വിവിധ വകുപ്പുകളുടെ 2000ലേറെ സ്‌ക്വാഡ് പരിശോധനകൾ, 200ലേറെ ബസുകൾ നടത്തിയ 39000 നിലക്കൽ-പമ്പാ സർവീസ്കൾ, ശുചീകരണ പ്രവർത്തികൾക്കായി 1000 പേർ അടങ്ങുന്ന വിശുദ്ധ സേന, എന്നിങ്ങനെ സമഗ്രമായ ക്രമീകരണങ്ങൾ നടത്തിയാണ് തീർത്ഥാടനം മുന്നേറുന്നത്.
ഓരോ ദിവസവും ഏകദേശം ഒരു ലക്ഷം ഭക്‌തർ നമ്മുടെ ജില്ലയിലൂടെ പോയി-വരവിനായി സഞ്ചരിക്കുകയും മലകയറുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഉൾപ്പടെ 18000ത്തോളം വ്യക്തികളുടെ പ്രയത്‌നം ദിനരാത്രഭേദമന്യേ തുടരുന്നു. ഈ ജനബാഹുല്യം ഭക്തരുടെ യാത്രക്ക് ക്ലേശങ്ങൾ ഉണ്ടാക്കാതിരിക്കുവാനുള്ള എല്ലാ നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നും എടുക്കുന്നു . ബഹുമാനപ്പെട്ട ഹൈകോടതിയുടെ നിർദ്ദേശങ്ങൾക്കു അനുസരിച്ചു വേണ്ടുന്ന വ്യതിയാനങ്ങളും വരുത്തുന്നുണ്ട്.
ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ അധ്യക്ഷതയിൽ ഈ വാരം നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നു നിലവിൽ ഒരു ദിവസത്തെ virtual queue ബുക്കിങ് 90000 ആയി ക്രമീകരിക്കുകയും, ദർശനനേരം 19 മണിക്കൂറുകളായി വർധിപ്പിക്കുകയും, നിലക്കൽ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് സൗകര്യം 7500 വാഹനങ്ങൾക്കായി ഉയർത്തുവാൻ വേണ്ടുന്ന നിർദ്ദേശം നൽകുകയും ചെയ്തു.
വ്രതശുദ്ധിയോടെ ആയാസപ്പെട്ട് മലകയറി ഇരുമുടിക്കെട്ടേന്തി പതിനെട്ടു തൃപ്പടികൾ പ്രാർത്ഥനാപൂർവ്വം കയറുന്ന ഭക്തരെ തള്ളിവിടാതെ കൈപിടിച്ചു കയറ്റുവാനും ബലം പ്രയോഗിക്കാതെ പിൻബലം ആയി നിൽക്കുവാനും rapid action force, പോലീസ് സേനാ അംഗങ്ങളും ഉണ്ടു. അങ്ങനെ ഒരു മിനിറ്റ് ഇൽ ശരാശരി 80 ഭക്തർ പടികയറി സോപാനത്തിൽ എത്തി നാല് വരികളിലായി 3 സെക്കന്റ് തൃക്കോവിലിനു മുന്നിൽ ദർശനം ലഭിച്ചു തിരികെ മടങ്ങുമ്പോൾ ഒരു ദിനത്തിലെ സംതൃപ്തഭക്തരുടെ എണ്ണം 91200 ആകും.
ഇതിലും ഏറെ ഭക്തർ വന്നെത്തുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടു ഇന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ ശ്രീ കെ രാധാകൃഷ്ണൻ, ശ്രീ എം ബി രാജേഷ്, ശ്രീ കെ രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ പമ്പയിൽ കൂടിയ യോഗത്തിൽ ചുവടെ പറയുന്ന തീരുമാനങ്ങൾ കൂടി എടുത്തു.
വയോജനങ്ങൾ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക ആവശ്യങ്ങൾ ഉള്ള ഭക്തർക്ക് പ്രത്യേക പരിഗണന നൽകി വെവ്വെറെ ക്യൂ സൗകര്യം നടപ്പന്തലിൽ ഒരുക്കും,
ശരംകുത്തി കഴിഞ്ഞുള്ള ആറ് ക്യൂ കോംപ്ലക്സ്കൾ പ്രവർത്തനസജ്ജമാക്കും, ഇടത്താവളങ്ങളിൽ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ തയ്യാറാക്കും , നിലക്കലിലെ പാർക്കിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും , ബസ്സുകളിലേക്ക് കയറുന്ന boarding പോയിന്റുകൾ ചിട്ടയോടെ ക്രമീകരിക്കും… എന്നിങ്ങനെ നിരവധി നടപടികൾ തീർത്ഥാടനാനുഭവം മെച്ചപ്പെടുത്താനായി തുടർന്നും കൈക്കൊണ്ടു വരുന്നു.
ലോകത്തിനു മുന്നിൽ ഒരു എടുത്തുകാട്ടായി ഈ ശബരിമല തീർത്ഥാടനം മാറുവാനായി ഈ സേവനകാലത്തിൽ ഏവരും തുടർന്നും സമർപ്പിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.