ഇപ്പോഴത്തെ സര്‍വ്വേ എന്തിനുവേണ്ടി?
അത് അന്തിമമാണോ?
രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും
ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ട് സംസ്ഥാനം
ഇതിനോടകം തന്നെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള 03.06.2022 ലെ വിധിയില്‍ നിലവിലുള്ള നിര്‍മ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ (സാറ്റ്ലൈറ്റ് ഇമേജിംഗ്) അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാന്‍ ബഹു. സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണ്ണമാകാന്‍ സാധ്യതയില്ല എന്നും കെട്ടിടങ്ങള്‍, ചില ഭൂപ്രദേങ്ങള്‍ എന്നിവ നിഴല്‍ മൂലമോ മരങ്ങളുടെ തടസ്സങ്ങള്‍ വഴിയോ വ്യക്തമാകാന്‍ സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കിയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും രേഖപ്പെടുത്തി ബഹു. സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്‍റെ ഈ പുഃനപരിശോധന ഹര്‍ജിക്കൊപ്പം സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങള്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ക്രോഡീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടിയിട്ടാണ് കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ (കെ.എസ്.ആര്‍.എസ്.ഇ.സി)യെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഉപഗ്രഹ ചിത്രങ്ങളില്‍ ഉണ്ടായേക്കാവുന്ന അപാകതകള്‍ ഫീല്‍ഡ് പരിശോധനയിലൂടെ പരിശോധിച്ച് പൂര്‍ണ്ണമായും പരിഹാരം കണ്ടെത്തുന്നതിനാണ് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്.
ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹര്‍ജിയില്‍ ഒരു തെളിവായി ഹാജാരാക്കുകയാണ് ചെയ്യുക.
ശരിയായ രീതിയില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളും ബഹു.സുപ്രീംകോടതിയെ രേഖാമൂലം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ഇതിലൂടെ മാത്രമെ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു കി.മീ ബഫര്‍സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു.
സുപ്രീംകോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശമായ ഒരു കി.മീ പ്രദേശത്തു നിന്നും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളില്‍ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. അങ്ങനെയൊരു പ്രശ്നം യാതൊരു കാരണവശാലും ഉണ്ടാകുന്നതല്ല.
ഒപ്പം ഈ പ്രദേശത്ത് വാഹനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്, ഇത്തരം സ്ഥലങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം ആകും തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നുണ്ട്. ഈ തെറ്റായ പ്രചരണങ്ങള്‍ മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ വിശ്വസിക്കരുത് എന്ന് വനം മരന്തി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി ബഫര്‍ സോണ്‍ നിശ്ചിയിച്ചിട്ടുള്ളത് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ്. ഈ പ്രദേശത്ത് കേന്ദ്ര വന സംരക്ഷണ നിയമം ബാധകമാകുകയില്ല.
2022 ജൂണ്‍ മൂന്നിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. പാരിസ്ഥിതിക സംവേദക മേഖലകള്‍ തിരിച്ചറിയുന്നതിനുവേണ്ടി കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ്
ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ (കെ.എസ്.ആര്‍.ഇ.സി) ഉപഗ്രഹ സര്‍വ്വേ നടത്തിയത്.
കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ (വന്യജീവി സങ്കേതം, പക്ഷി സങ്കേതം, ദേശീയോദ്യാനം) മിനിമം ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്ന നിര്‍മ്മിതികളുടെ വിവരങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കുകയായിരുന്നു. കെ.എസ്.ആര്‍.ഇ.സിയുടെ ലക്ഷ്യം.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 12 ജില്ലകളിലെ 87 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 115 വില്ലേജുകളി മുള്‍പ്പെടുന്ന 49,374 നിര്‍മ്മിതികള്‍ കണ്ടെത്തി.
കണ്ടെത്തിയ നിര്‍മ്മിതികളില്‍ വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റുള്ളവ എന്ന തരത്തിലാണ് വേര്‍തിരിച്ചിരുന്നത്.
*ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്ന വിവരങ്ങള്‍ മാത്രമാണ് പഠന വിധേയമാക്കിയത്. *
ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങള്‍ തിങ്ങിയ മരങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാല്‍ *ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമല്ല *
ഈ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് തലത്തില്‍ സര്‍വ്വേ നടത്തി പൂര്‍ണ്ണമായ വിവരങ്ങള്‍ കണ്ടെത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
*ബഫര്‍ സോണില്‍ വരുന്ന എല്ലാ നിര്‍മ്മിതികളുടെയും വിവരം ശേഖരിക്കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കെ.എസ്ആര്‍.ഇ.സി തയ്യാറാക്കിയിട്ടുണ്ട്. *
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചെയര്‍മാനായി സമിതി പൊതുജനങ്ങളില്‍ നിന്ന് ഹിയറിങ്ങ് നടത്തും.
ഈ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കെ.എസ്.ആര്‍.ഇ.സി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ മാത്രം തയ്യാറാക്കിയ *പ്രാഥമിക റിപ്പോര്‍ട്ട് *സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നത് ഈ പ്രാഥമിക റിപ്പോര്‍ട്ടിനെ ചൊല്ലിയാണ്.
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനാഭിപ്രായം തേടി ആവശ്യമായ രേഖകള്‍ പരിശോധിച്ച് ഒരു നിര്‍മ്മിതി പോലും ബഫര്‍ സോണില്‍ ഉള്‍പ്പെടാത്ത വിധത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യറാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ വെബ്സൈറ്റില്‍ വന്നിട്ടുള്ള രേഖകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ഫീല്‍ഡ് സര്‍വ്വേ നടത്തി ഉറപ്പാക്കാവുന്നതാണ് എന്നിരിക്കെ കേവലം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് യുഡിഎഫ് ഇല്ലാത്ത കോലാഹലം അത്രയും ഉണ്ടാക്കുന്നത്.
കെ.എസ്.ആര്‍.ഇ.സി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ല, വില്ലേജ്, ബ്ലോക്ക് നമ്പര്‍, സര്‍വ്വെ നമ്പര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൂര്‍ണ്ണമായി ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പരുകളും ഭാഗീകമായി
ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പരുകളും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ പ്രദേശത്തെയും സംബന്ധിച്ചു. ലഭ്യമായ സ്ഥലനാമങ്ങള്‍ ഓരോ ഭൂപടത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദാഹരണത്തിനു എറണാകുളം ജില്ലയിലെ ചിലപ്രദേശങ്ങള്‍ കൊച്ചി നഗരത്തിനുള്ളില്‍ ആയതിനാല്‍ കൂടുതല്‍ സ്ഥലനാമങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇടുക്കി ജില്ലയിലെ പ്രദേശങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളാണ്. അവിടെ കൂടുതല്‍ സ്ഥലനാമങ്ങളോ ലാന്‍ഡ് മാര്‍ക്കുകളോ ലഭ്യമല്ലാത്തതിനാലാണ് അവ ഭൂപടത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. എല്ലാ ഭൂപടത്തിലും നിശ്ചിത കളര്‍ കോഡ് തന്നെ യാണ് നല്‍കിയിരിക്കുന്നത്. ഇത് ഭൂപടത്തില്‍ തിരിച്ചറിയാവുന്ന തരത്തിലാണ് നല്‍കിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഭൂപടങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വാര്‍ഡ് അതിര്‍ത്തികളുടെ സ്ഥലപരമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാര്‍ഡ് തല ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍
കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത.്
ഓരോ പഞ്ചായത്തിലും ഉള്‍പ്പെടുന്ന ബഫര്‍ സോണ്‍ പ്രദേശം
വ്യക്തമായി മനസ്സിലാക്കാവുന്ന തരത്തിലാണ് ഭൂപടങ്ങളുടെ തോത് നിശ്ചയിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് വിവിധ ഭൂപടങ്ങള്‍ പല തരത്തിലായി കാണപ്പെടുന്നതും പഞ്ചായത്ത് പ്രദേശം കൂടുതലായി ഉള്‍പ്പെട്ടിരിക്കുന്നതായി ഒറ്റനോട്ടത്തില്‍ കാണുന്നതും.
കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്ള പ്രദേശങ്ങളും കുറവ് കെട്ടിടങ്ങള്‍ ഉള്ള പ്രദേശങ്ങളും ഉള്ളതിനാല്‍ ഭൂപടങ്ങള്‍ വ്യത്യസ്ത തോതിലാണ് തയ്യറാക്കിയിട്ടുള്ളത്.
റവന്യൂ സബ് ഡിവിഷന്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് റിപ്പോര്‍ട്ടില്‍ സര്‍വ്വ നമ്പര്‍ വരെ മാത്രം നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായി ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പരുകളും ഭാഗികമായി ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പരുകളും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാഗികമായി ഉള്‍പ്പെട്ടിരിക്കുന്ന സര്‍വേ നമ്പറുകളില്‍ സബ് ഡിവിഷന്‍ വിവരങ്ങള്‍ വേണ്ടിവരുന്നതാണ്. ഇത് റവന്യൂ വകുപ്പിലെ (എഫ്.എം.ബി) യില്‍ നിന്ന് മാത്രമാണ് ലഭ്യമാകുന്നത്. മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ഉപയോഗിച്ചുള്ള ഫീല്‍ഡ് സര്‍വ്വേ കൂടി കഴിയുമ്പോള്‍ ഈ വിവരങ്ങള്‍ കൂടി ലഭിക്കുന്നതാണ്.
ചില വന്യജീവി സങ്കേതത്തിന്‍റെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വ്വെ ഭൂപടങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ടിലെ പട്ടികയില്‍ നല്‍കാത്തത്. ഈ പ്രദേശത്തെ വിവരങ്ങള്‍ ഫീല്‍ഡ് സര്‍വ്വെയില്‍ കണ്ടെത്തി ഉള്‍പ്പെടുത്തും.
ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ സ്ഥലപരമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂപടത്തില്‍ നിന്നും ലഭിക്കുന്നതാണ്.
പൊതുജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ സര്‍വ്വേ പ്ലോട്ട് തിരിച്ചുള്ള നിര്‍മ്മിതി കളുടെ വിവരങ്ങള്‍ കൂടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവില്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ ലഭിച്ച ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ഗ്രൗണ്ട് ട്രൂത്തിങ് (പരിശോധിച്ചുറപ്പിക്കല്‍) നടത്തുന്നതാണ്.
ഇത് കൂടാതെ ജനങ്ങളെ നേരിട്ട് കേട്ട് റിട്ട. ചീഫ്ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന കമ്മിഷന്‍ നടപടി സ്വീകരിക്കും.
പഞ്ചായത്തുകള്‍ തോറും ഇതിനായി ഹെല്‍പ്പ് ഡസ്ക്കുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. (ഉത്തരവ് മുകളില്‍ തന്നിട്ടുണ്ട്)