നിയമത്തിൽ ഒരു ലാറ്റിൻ പ്രയോഗം ഉണ്ട്. “നെമോ ജൂഡക്സ് ഇൻ കോസ സുവ” എന്നു വെച്ചാൽ ഒരാൾ ഒരിക്കലും തന്റെ കേസിൽ ജഡ്ജി ആകരുത് എന്ന്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ രണ്ടു ജീവനക്കാർക്ക് നിങ്ങളിപ്പോ പോവണ്ട, കുറച്ചുകാലം കൂടെ ഇവിടെ നിൽക്ക് എന്നു പറഞ്ഞ് റിട്ടയർമെന്റ് നീട്ടിക്കൊടുത്തത് കണ്ടപ്പോൾ ഓർത്തു പോയതാണ് ഈ പ്രയോഗം -
ഇതു വരെ നടക്കാത്ത കാര്യങ്ങളാണ് ഈ ഉത്തരവിൽ കണ്ടത്.
സാധാരണ ഗതിയിൽ ഒരു സർക്കാർ ജീവനക്കാരൻ വിരമിക്കൽ തലേന്ന് തനിക്ക് വിരമിക്കാൻ പ്രായമായില്ലെന്നും സർവീസ് നീട്ടിനൽകണമെന്നും അപേക്ഷിച്ച് ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയാൽ എന്താണ് സംഭവിക്കുക? ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ, ചെലവ് സഹിതം തള്ളും. കാരണം സർക്കാർ ജീവനക്കാരൻ എപ്പോൾ വിരമിക്കണമെന്ന് ജോലി ദാതാവായ സർക്കാരാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനിക്കാൻ പൂർണ സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഹൈക്കോടതിയിൽ ഇപ്പോൾ നടക്കുന്ന, വിരമിക്കൽ പ്രായത്തെപ്പറ്റിയുള്ള നിയമ നടപടി ശ്രദ്ധ ആകർഷിക്കുന്നത്.
ജസ്റ്റിസ് അനു ശിവരാമന്റെയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയും ബഞ്ചുകളിൽ പരിഗണനയിലുള്ള ഹർജികളിലെ അപേക്ഷ മോഡൽ ഡിജിറ്റൽ കോർട്ട് പ്രൊജക്റ്റ് നടപ്പാക്കാനുള്ള ട്രാൻസിഷൻ സ്റ്റേജിൽ പരിണതപ്രജ്ഞരായ ഉദ്യോഗസ്ഥരുടെ സേവനം കോടതിക്ക് ആവശ്യമുണ്ടെന്നും അതിലേക്കായി വിരമിക്കൽ പ്രായം നീട്ടണമെന്നുമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഈ പെന്റിങ് കേസ് കാരണമായി കാണിച്ച് സർവീസിൽ തുടരാൻ അനുവദിക്കണം എന്നു പറഞ്ഞ് ഹർജികൾ നൽകിയത് സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 56 വയസ് തികഞ്ഞതിനാൽ ഡിസംബർ 31ന് നിയമപരമായി വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാറും ഡഫെദാറും.ഇവർക്ക് ഡിജിറ്റൈസേഷനിൽ എന്താണ് റോൾ എന്ന് സംശയം ഉയരാമെങ്കിലും ഉത്തരവ് പുറപ്പെടുവിച്ച ബഹുമാനപ്പെട്ട ജസ്റ്റിസിന് അത്തരമൊരു സംശയം ഉണ്ടായിട്ടില്ല.
വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന .മൂന്ന് ഹൈക്കോടതി ജീവനക്കാരുടെ അപേക്ഷ
മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ്. സർക്കാർ നിലപാട് തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഈ ഹർജികൾ മാറ്റിവച്ചിരിക്കുകയാണ് 'ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം. ഉൾപ്പടെയുള്ളവരാണ് ഈ ബെഞ്ചിലെ ഹർജിക്കാർ.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള ഉത്തരവും പ്രകാരം റിട്ടയർമെന്റ് കാലാവധി കൂട്ടിക്കിട്ടിയ ജീവനക്കാർ
അദ്ദേഹത്തിന്റെ മുന്നിൽ തന്നെ കേസ് എത്തിച്ച സന്ദർഭവും ചർച്ചാ വിഷയമാണ് . മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടിയിരുന്ന ഈ കേസ് അവർക്ക് നിയമപരമായി പരിഗണിക്കാൻ കഴിയാത്ത ഒരു അഭിഭാഷകനെക്കൊണ്ട് സ്യൂട് മൂവ് ചെയ്യിച്ച് അത് സർവീസ് നീട്ടി ഉത്തരവു പുറപ്പെടുവിച്ച മുന്നിൽ എത്തിക്കുകയായിരുന്നു. ഹൈക്കോടതി 23 മുതൽ ജനുവരി മൂന്ന് വരെ ക്രിസ്മസ് അവധിക്ക് അടയ്ക്കുന്നതിനാൽ ഈ വിധിക്കെതിരെ അപ്പീൽ നല്കാൻ പോലും സർക്കാരിന് പ്രായോഗികമായി സാധ്യമാവുകയില്ല.
അടിക്കടി സർക്കാരിനെതിരെയുള്ള വിധികൾ ആണ് ഇവിടെ നിന്നു വന്നുകൊണ്ടിരിക്കുന്നത് -
സർവകലാശാലകൾ സംബന്ധിച്ച വിഷയത്തിൽ ഉൾപ്പെടെ ഇത് തന്നെയാണ് നടക്കുന്നത്. മാധ്യമങ്ങൾ ഇത് വലിയ തോതിൽ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ കേരള സർവകലാശാല വൈസ് ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും മലയാളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല