സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൻകടവിലെ ആശ്രമത്തിന് തീയിട്ടത്

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൻകടവിലെ ആശ്രമത്തിന് തീയിട്ടത് കഴിഞ്ഞ ജനുവരിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ആശ്രമം കത്തിച്ചത് താനാണെന്ന് പ്രകാശ് പറഞ്ഞിരുന്നതായി സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

ആശ്രമം കത്തിച്ച സംഭവം പുറത്താകുമെന്ന് ഭയന്ന് കഴിഞ്ഞ ജനുവരി 2ന് ആർഎസ്എസുകാർ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇതിൽ മനംനൊന്താണ് പ്രകാശ് വീട്ടിൽ ആത്മഹത്യ ചെയ്‌തതെന്നുമാണ് പ്രശാന്തിന്റെ മൊഴി. പ്രകാശിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുണ്ടായിരുന്നതായും പ്രശാന്ത് പറയുന്നു. കുണ്ടമൻഭാഗം ശാഖയിലെ മുഖ്യശിക്ഷക് ആയിരുന്ന പ്രകാശിനെ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ആർഎസ്എസുകാർ പുറത്താക്കിയിരുന്നതായാണ് വിവരം.

എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവരെ കൃത്യമായ തെളിവുകളോടെ പൊലീസ്‌ പിടികൂടും.ഇതിനായി പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലും പൊലീസ്‌ അന്വേഷിക്കും. എകെജി സെന്റർ അക്രമിച്ചവരെയും ആശ്രമം കത്തിച്ചവരെയും പിടിക്കുന്നില്ലെന്നായിരുന്നു മാധ്യമങ്ങളുടെ പ്രചരണം. എകെജി സെന്റർ അക്രമിച്ചവരെ പിടികൂടിയപ്പോൾ മാധ്യമങ്ങൾക്ക്‌ മിണ്ടാട്ടംമുട്ടി. ആശ്രമം കത്തിക്കുക മാത്രമല്ല, അത്‌ ചെയ്‌തത്‌ മറ്റാരോ ആണെന്ന രീതിയിലുള്ള ഫാസിസ്‌റ്റ്‌ പ്രചരണമാണ്‌ ആർഎസ്‌എസ്‌ നടത്തിയതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി

‘ആശ്രമം കത്തിച്ചത് ഞാനാണെന്നു വരെ പ്രചരിപ്പിച്ചു; അല്ലെന്ന് തെളിഞ്ഞതിൽ സന്തോഷം’ - സ്വാമി സന്ദീപാനന്ദഗിരി

കുണ്ടമണ്‍കടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ മുൻപരിചയമുണ്ടെന്ന് സ്വാമി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താനാണെന്നാണ് മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.

‘‘ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശ് മുൻപ് ഇവിടെ വന്നിട്ടുള്ളതാണ്. ഈ ആശ്രമത്തിനുള്ളിൽ വന്ന് ഇവിടെ ബഹളം ഉണ്ടാക്കിയിട്ടുള്ളതുമാണ്. ആശ്രമത്തിൽ ഒരു ചെറിയ നേപ്പാളി പയ്യനുണ്ടായിരുന്നു. അവൻ ഇവിടെ പന്തു കളിക്കുമ്പോൾ പന്ത് പുഴയുടെ അരികിൽ വീണു. അവിടെ ആരോ കുളിക്കുന്നുണ്ടായിരുന്നു. കുളിക്കുന്നത് കാണാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് ആശ്രമത്തിനുള്ളിലേക്ക് തള്ളിക്കയറി വന്ന് അവനെ തല്ലാന്‍ ശ്രമിച്ചു. ഇവിടുത്തെ ഗിരികുമാറെന്ന ഒരു കൗൺസിലറുണ്ട്. അവരുടെയൊക്കെ ആൾക്കാരാണ് ഇവർ’ – സ്വാമി പറഞ്ഞു.

‘‘അന്ന് അദ്ദേഹത്തെത്തന്നെ വിളിച്ച്കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതൊക്കെ അനാവശ്യമായിട്ടുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹത്തെ അറിയിച്ചു. അന്ന് ആ നേപ്പാളി പയ്യനെ തല്ലാൻ മുൻപന്തിയിൽ നിന്നത് ഈ പ്രകാശായിരുന്നു. പ്രകാശിന്റെ മരണവും സഹോദരന്റെ സംശയവുമെല്ലാമാണ് ഈ കേസ് ചുരുളഴിക്കാനുള്ള കൃത്യമായ ഒരു വഴി തുറന്നുതന്നത്.’’ – സ്വാമി ചൂണ്ടിക്കാട്ടി.

‘‘മരിച്ച പ്രകാശ് മർദ്ദിക്കപ്പെട്ടതൊക്കെ ഇതിനു പിന്നാലെ സംഭവിച്ചതാണ്. മർദ്ദിച്ചത് ആർഎസ്എസുകാരു തന്നെയാണ്. ആശ്രമത്തിനു തീയിട്ടത് പ്രകാശ് ഒറ്റയ്‌ക്കല്ലെന്നാണ് സഹോദരന്റെ മൊഴി. അവന്റെ കൂട്ടാളികളും ഒപ്പമുണ്ടായിരുന്നുവെന്നാണല്ലോ സഹോദരൻ പറയുന്നത്. ഈ വിഷയത്തിൽ ഒരു സമഗ്രാന്വേഷണം നടന്നകഴിഞ്ഞാൽ സകല സത്യവും വെളിച്ചത്തുവരും.’ – സ്വാമി പറഞ്ഞു.