സ. എ എ റഹിം എംപി പാർലമെന്റിൽ സംസാരിച്ചത്

വിദ്യാഭ്യാസത്തിനുള്ള ചെലവ് ജിഡിപിയുടെ 6 ശതമാനം ആക്കണമെന്ന് ശുപാർശ ചെയ്ത് കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് 56 വർഷം പിന്നിട്ടിട്ടും ലക്ഷ്യത്തിലെത്താനായില്ല. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാനോട് ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ അടിയിലുള്ള വിവിധ വകുപ്പുകളും സംസ്ഥാന സർക്കാരുകളും വ്യവസായികളും മുടക്കുന്നതും ചാരിറ്റി/ഡൊണേഷൻ വഴി കിട്ടുന്നതും ഒക്കെ കൂട്ടിയാൽ ജിഡിപിയുടെ അനുപാതത്തിൽ വിദ്യാഭ്യാസത്തിനായുള്ള ചെലവ് ഇന്ന് ഏകദേശം 4.64 ശതമാനത്തിൽ എത്തിയെന്നാണ് ശ്രീ. ധർമേന്ദ്ര പ്രധാന നൽകിയ മറുപടി.

ഈ കണക്ക് 1966-ൽ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ താഴെയാണെന്ന് മാത്രമല്ല, ഉത്തരവാദിത്തത്തിൽ നിന്ന് കൈഒഴിയാൻ എങ്ങനെ മന്ത്രി ശ്രമിക്കുന്നുവെന്ന് കാണിക്കുന്നു. വിദ്യാഭ്യാസം ജനങ്ങളുടെ അവകാശമാണ്. അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കി സ്വകാര്യ മുതലാളിമാർക്ക് നൽകി വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മന്ത്രിയുടെ ഉത്തരത്തിൽ നിന്ന് വ്യക്തമാണ്.

പല കേന്ദ്രസർവകലാശാലകളിലെയും സ്ഥിതി പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ തകരുന്നു, ലൈബ്രറികളിൽ പുസ്തകങ്ങൾ നശിക്കുന്നു, വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് ലഭിക്കുന്നില്ല. രാജ്യത്തെ പ്രധാന കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ യാഥാർത്ഥ്യം ഇതാണ്. മന്ത്രി തന്റെ ജോലി ഗൗരവമായി എടുക്കുകയും വിദ്യാഭ്യാസത്തിനായുള്ള ചെലവ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. വിദ്യാഭ്യാസം ഒരു അവകാശമാണ്, ദാനമല്ല. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വിനാശകരമായ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം.

https://fb.watch/hE_QkrY0Tg/