സില്‍വര്‍ലൈന്‍: സര്‍വേയും സാമൂഹികാഘാത പഠനവും നടത്താന്‍ സര്‍ക്കാരിനു അധികാരമുണ്ട് -ഹൈക്കോടതി

പൊതു ആവശ്യത്തിനായി ഭൂുമി ഏറ്റെടുക്കുന്നതിനായി സര്‍വേ അതിരടയാള നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍വേ നടത്താനും ഭൂമി ഏറ്റെടുക്കലിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരിധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സാമൂഹിക ആഘാത പഠനം നടത്താനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റില്‍ സംസ്ഥാന റവന്യൂ വകുപ്പ് നടത്തുന്ന അതിരടയാള കല്ലിടല്‍ സ്റ്റേ ചെയത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് ചീഫ് ജസിറ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി. പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉ്ത്തരവ്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സര്‍വേ ആവശ്യത്തിനായി നിര്‍ദിഷ്ട ഭൂമിയില്‍ പ്രവേശിക്കാനും പരിശോധനകള്‍ നടത്താനും ഭൂമി അളയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിലൂടെ മാത്രം കടന്നു പോകുന്ന പദ്ധതിയായതു കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനുള്ള അധികാരം സസ്ഥാന സര്‍ക്കാരിനുണ്ട്. റെയില്‍വേ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുള്ളുവെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. ഒന്നോ ്അതിലധികമോ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പ്രത്യേക പദ്ധതികള്‍ക്കു മാത്രമേ, ഭൂമി ഏറ്റെടുക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നുള്ളുവെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരോ റെയില്‍വേ ബോര്‍ഡോ വിയോജിപ്പ് അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കലിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരിധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള ്‌വകാശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അനിവാര്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു. സാമൂഹിക ആഘാത പഠനം നടത്തിയാല്‍ തന്നെ, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്ന് റിപ്പോര്‍ട്ട് പരിശോധിക്കുന്ന വിദഗ്ധ സമിതി ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍ത്തിവെക്കുകയും ചെയ്യും. പദ്ധതിയുടെ പൊതു ആവശ്യം സാമൂഹികാഘാത പഠനത്തിലൂടെ ബോധ്യമാകേണ്ടതുമുണ്ട് -കോടതി ചൂണ്ടിക്കാ്ട്ടി.

സാമൂഹിക ആഘാത പഠനത്തിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നിയമം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ, ഭൂമി ഏറ്റെടുക്കല്‍ നിമയത്തിലെ പതിനൊന്നാം വകുപ്പു പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു. അതിനു ശേഷം മാത്രമേ പന്ത്രണ്ടാം വകുപ്പനുസരിച്ചുള്ള പ്രിലിമിനറി സര്‍വേ നടത്താന്‍ പറ്റുകയുള്ളു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ സാമഹികാഘാത പഠനം നടത്തുന്നതിന്, പ്രസ്തുത നിമയത്തിലെ 11,12 വകുപ്പുകള്‍ പ്രകാരമുള്ള നടപടികളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരമുള്ള സര്‍വേയെക്കുറിച്ച ഹരജിക്കാരുടെ വാദം അനവസരത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനം മാത്രമാണെന്നും ഭൂമി ഏറ്റെടുക്കല്‍ പിന്നീടാണ് നടക്കുകയെന്നും വിധിയില്‍ വ്യക്തമാക്കി.

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, കേന്ദ്ര സര്‍ക്കാരുമായി കൂടിയോലോചിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ്അംഗീകരിച്ചു.