സില്‍വര്‍ലൈന്‍ സര്‍വേ നടപടികൾ തുടരാം: ഹൈക്കോടതി
സിൽവർ ലൈൻ പദ്ധതിക്ക് സർവേ തുടരാമെന്ന് ഹൈക്കോടതി.
ഏതാനും ഹർജിക്കാരുടെ
ഭൂമിയിൽ സർവേ തടഞ്ഞ സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കി.
ഡിപിആറിന് അനുമതി നൽകാത്ത സാഹചര്യത്തിൽ ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ നിർത്തിവക്കുന്നതാവും ഉചിതമെന്ന കേന്ദ്ര നിലപാട് കോടതി തള്ളി.
സർവേ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സർവേയ്ക്ക് നിയമപരമായ തടസം ഇല്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആൻഡ് ബൗണ്ടറി
ആക്‌ട് പ്രകാരം സർവേ നടത്താമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടത്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്.
വ്യക്തമായ കാരണങ്ങൾ പറയാതെയാണ് സിംഗിൾ ബഞ്ച് സർവേ തടഞ്ഞതെന്നും സർവേ സാമൂഹിക ആഘാത പഠനത്തിനും നഷ്‌ടപരിഹാരം നൽകുന്നതിനുമാണെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചു.
പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് ഡിപിആർ തയ്യാറാക്കലുമായി മുന്നോട്ട് പോകാനാണെന്ന്
കേന്ദ്ര സർക്കാർ അറിയിച്ചു.
ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഡിപിആർ പരിഗണനയിലാണെന്നും അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു
ഡിപിആറിന് അനുമതി നൽകാത്ത സാഹചര്യത്തിൽ ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കുന്നതാവും ഉചിതമെന്നായിരുന്നു കേന്ദ്രനിലപാട്. ഇത് കോടതി കണക്കിലെടുത്തില്ല.