കെ റെയിലും കേരളവും

“കേരളം പോലെ പരിസ്ഥിതി ലോലമായ ഒരു പ്രദേശത്ത്…” ഇങ്ങനെയാണല്ലോ ഇവിടെ എല്ലാവരും എന്തും തുടങ്ങുന്നത്.

സവിശേഷമായ എന്തെല്ലാം പ്രശ്നങ്ങളാണ് ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടിലുള്ളത് ? എന്തെല്ലാം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ ‘ലോലതയെ’ സാധൂകരിക്കുന്നത്.?

കേരള ദുരന്തനിവാരണ അതോറിറ്റി 2010 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 1961 മുതല്‍ 2009 വരെ 65 വലിയ ‘landslide’ കള്‍ ഉണ്ടായതായും 257 മരണങ്ങള്‍ സംഭവിച്ചതായും പറയുന്നുണ്ട്. 2004 ലെ സുണാമിയില്‍ 176 കേരളീയരാണ് മരണപ്പെട്ടത്. 1871 മുതല്‍ 2000 വരെയുള്ള കാലത്ത് 12 ‘moderate Droughts’ ഉണ്ടായതായും പറയുന്നുണ്ട്.

1900 മുതല്‍ കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 2100 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അതില്‍ 642 പേര്‍‍ 21 ആം നൂറ്റാണ്ടിലാണ്. 1924 ലെ പ്രളയം പിന്നീടുണ്ടായവയേക്കാള്‍ എത്രയോ ശക്തമായിരുന്നു. അന്ന് ജനസംഖ്യ 90 ലക്ഷമാണ്. ആയിരം പേരാണ് മരണമടഞ്ഞത്.

2018 ല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പലയിടത്തും പ്രളയങ്ങള്‍ ഉണ്ടായി. ഈ നൂറ്റാണ്ടില്‍ മാത്രം മുന്നൂറോളം പ്രകൃതി ദുരന്തങ്ങളിലായി 80,000 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. (Fig1&2)

ആഗോളതപനം പ്രളയങ്ങള്‍ സൃഷ്ടിക്കും. ഊഷ്മാവ് കൂടുമ്പോള്‍ ബാഷ്പീകരണം കൂടും. അതില്ലാതെയും പ്രളയങ്ങള്‍ ഉണ്ടാവും. കറുത്തതെല്ലാം കാക്കയല്ലല്ലോ.

AD 1099 മുതല്‍ ലോകത്തുണ്ടായ മഹാ പ്രളയങ്ങളുടെ ലിസ്റ്റ് വിക്കിപിഡിയയില്‍ ലഭ്യമാണ്.

2010 മുതല്‍ കേരളത്തില്‍ മാത്രം 1048 പേര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 2015- 19 കാലത്ത് 23,182 വന്യമൃഗ ആക്രമണങ്ങളുണ്ടായി. കൊല്ലപ്പെട്ടത് 514 ആളുകളാണ്. (Fig 3&4).

കേരള ദുരന്തനിവാരണ അതോറിറ്റി ഇത് ദുരന്തമായി പരിഗണിച്ചിട്ടില്ല.

ഇതെല്ലാം ഒറ്റപ്പെട്ട മരണങ്ങളായതുകൊണ്ടാണോ അതോ ആ മനുഷ്യര്‍ക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതുകൊണ്ടാണോ പരിസ്ഥിതി സ്നേഹികളുടെ കണ്ണില്‍ പെടാതെ പോയതെന്നറിയില്ല.

ഈ മരണങ്ങളുടെ കണക്കുകള്‍ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ ആവോ? പക്ഷെ ഒന്നുണ്ട്. ഒരു തൊഴിലാളി വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ വാര്‍ത്തക്ക് അകമ്പടിയായി 19 ആം നൂറ്റാണ്ടു മുതല്‍ വനം കയ്യേറിയതിന്‍റെ കണക്കുകളും മൃഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ കണക്കും നിശ്ചയമായും ഉണ്ടാവും.

2000-2021 കാലത്ത് പാമ്പുകടിയേറ്റ് മാത്രം 12 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. (Fig 5)

അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ പ്രളയം ഉണ്ടായത് ചൈനയിലാണ് 1931 ല്‍. കൃത്യമായ കണക്കുകളില്ല. 5 ലക്ഷം മുതല്‍ 40 ലക്ഷം വരെയൊക്കെ ആണ് മരണത്തിന്‍റെ മതിപ്പുകള്‍.

1989 മുതല്‍ 2018 വരെ ചൈനയില്‍ പ്രളയങ്ങളിലുണ്ടായ മരണത്തിന്‍റെ കണക്കാണ് ആറാമത്തെ ചിത്രത്തില്‍. ലോകബാങ്കിന്‍റെയും ഐക്യരാഷ്ട്രസഭയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള Global Facility for Disaster Reduction and Recovery (GFDDR) യുടേതാണ് ഡേറ്റ.

പ്രളയങ്ങളുടെ ലോക തലസ്ഥാനമാണ് ചൈന. അവിടെ കഴിഞ്ഞ ആയിരം വര്‍ഷത്തിനുള്ളില്‍ പെയ്തതില്‍ ഏറ്റവും വലിയ മഴയാണത്രെ 2021 ല്‍ പെയ്തത്. തുടര്‍ന്നുണ്ടായ പ്രളയം 30 ലക്ഷം പേരെയാണ് ബാധിച്ചത്. 3,70,000 പേരെ മാറ്റി പാര്‍പ്പിച്ചു. പക്ഷെ 352 പേരാണ് മരിച്ചത്. (Fig 7&8)

അവര്‍ പ്രളയങ്ങളെ പ്രതീക്ഷിക്കുന്നു. അവയെ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നു. നദികള്‍ നിറയെ ഭീമന്‍ ഡാമുകള്‍ പണിതുയര്‍ത്തുന്നു. 15 മീറ്ററിലധികം ഉയരമുള്ള 22,000 ഡാമുകളുണ്ടവിടെ. ലോകത്തിലാകെയുള്ള ഡാമുകളില്‍ പകുതി ചൈനയിലാണ്.

5200 ഡാമുകളാണ് ഇന്ത്യയിലുള്ളത്. 44 നദികളുള്ള കേരളം ഒരു ഡാം വിരുദ്ധ സംസ്ഥാനമാണല്ലോ. നമുക്ക് കാടും മൃഗങ്ങളും മരങ്ങളുമാണല്ലോ പ്രധാനം.

‘48 ദശലക്ഷം വര്‍ഷം’ മുന്‍പു മുതല്‍ 2010 വരെയുണ്ടായ വലിയ മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടലുകളുടെ വിവരങ്ങള്‍ വിക്കിപീഡിയയില്‍ കിടക്കുന്നുണ്ട്.

ലോകത്തിലേറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ക്ക് ഇരയായ ജനതയാണ് ചൈനയിലുള്ളത്. ഉറഞ്ഞു തുള്ളുന്ന ഭൂമിയിലാണ് അവര്‍ താമസിക്കുന്നത്.

1556 ലെ Shaanxi ഭൂകമ്പത്തില്‍ എട്ടു ലക്ഷത്തോളം മനുഷ്യരാണ് മരിച്ചത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം. 1920 ല്‍ ഹായുവാന്‍ കൌണ്ടിയിലെ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും രണ്ടു ലക്ഷം പേര്‍ മരിച്ചു. വീണ്ടും 1976 ല്‍ ടാങ്ഷനില്‍ ഭൂമികുലുങ്ങി. 2.4 മുതല്‍ 6.5 ലക്ഷം വരെയാണ് മരണത്തിന്‍റെ കണക്കുകള്‍. ഓരോന്നിനോടൊപ്പവും എന്തു മാത്രം സാമ്പത്തീക നഷ്ടം. അതിനുശേഷമുള്ള ദുരിതങ്ങള്‍…

ശക്തമായ കാറ്റും മഴയും മൂലം 1999 ല്‍ വെനസ്വേലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 30,000 പേരാണ് മരണമടഞ്ഞത്.(Fig.9)

1968 ല്‍ കനത്ത മഴയെ തുടര്‍ന്ന് ഡാര്‍ജിലിംഗിലുണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ എണ്ണം ആയിരങ്ങള്‍ എന്നാണ് വിക്കിപീഡിയയില്‍ കാണുന്നത്. 2013ല്‍ ഉത്തരാഘണ്ഡിലെ മണ്ണിടിച്ചിലില്‍ 5700 പേര്‍ മരണമടഞ്ഞു.

അങ്ങനെ സമ്പൂര്‍ണ്ണ സുരക്ഷിതമായി ജീവിക്കാന്‍ പറ്റിയ ഇടമൊന്നുമല്ല ഈ ഭൂമി. കഥകളും കവിതകളും പറയുന്നത് വ്യത്യസ്തമാണെങ്കിലും കണക്കുകള്‍ പറയുന്നത് കേരളം താരതമ്യേന സുരക്ഷിതമാണെന്നാണ്.

WhatsApp Image 2023-01-07 at 1.00.01 PM (2)