നന്ദി പ്രമേയ ചര്‍ച്ച : മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

ആമുഖം

വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.

ജനങ്ങള്‍ക്ക് എല്‍ ഡി എഫില്‍ പ്രതീക്ഷയുണ്ട്. എല്‍ ഡി എഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരും എന്നതും ജനങ്ങള്‍ കാണുന്നു. ഇതറിയാത്തവരല്ല കോണ്‍ഗ്രസും ബി ജെ പിയും. അറിയുന്നതുകൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരും.

നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്. ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ-റയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നത്.

ഈ അവിശുദ്ധ യോജിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-റയിലിനെതിരെ സംസ്ഥാനത്തെമ്പാടുമായി നൂറു ജനകീയ സദസ്സുകള്‍ കെ പി സി സി സംഘടിപ്പിക്കുന്നത്. ഇതില്‍ ഇ ശ്രീധരന്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നാണ് കെ.പി സി സി പ്രഖ്യാപിച്ചിട്ടുള്ളത്. ആരാ ഇ ശ്രീധരന്‍? നിയമസഭ തിരഞ്ഞെടുപ്പോടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍. കേരളത്തിന്റെ പൊതു താല്പര്യങ്ങള്‍ക്കെതിരെ കേന്ദ്രത്തിലേക്കു ബി ജെ പി നിവേദക സംഘത്തെ നയിച്ചയാള്‍! ആ ഇ ശ്രീധരനാണ് കോണ്‍ഗ്രസിന്റെ കണ്ണില്‍ അവര്‍ക്ക് കൂട്ടുപിടിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യന്‍! അദ്ദേഹത്തെപ്പോലുള്ളവരുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരായ സമരം നടത്താന്‍ കോണ്‍ഗ്രസ് നീങ്ങുന്നത്.

വിവാദങ്ങളിലാണ് താല്‍പര്യം… പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല

യുഡിഎഫും വലതുപക്ഷവും എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ ഉയര്‍ത്തി. ആഴക്കടല്‍ മത്സ്യബന്ധം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കല്‍ എന്നിവയൊക്കെ നോക്കിയല്ലോ. ബി ജെ പിയും ഉണ്ടായിരുന്നല്ലോ കൂട്ടിന്. ആ ബി ജെ പിയുടെ കേന്ദ്രാധികാരത്തിന്റെ പക്കലല്ലേ സമസ്ത അധികാരങ്ങളും? കസ്റ്റംസ് മുതല്‍ അങ്ങോട്ട്. എല്ലാംവെച്ച് അന്വേഷിച്ചവര്‍ രണ്ട് ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം പറയാതെ അവശേഷിപ്പിച്ചിരിക്കുകയാണ്.

ചോദ്യം ഒന്ന്: ആരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്?

ചോദ്യം രണ്ട്: ആര്‍ക്കുവേണ്ടിയാണു സ്വര്‍ണ്ണം കൊണ്ടുവന്നത്?

അതായത്, സ്വര്‍ണ്ണക്കടത്തിലെ ആദ്യ കണ്ണിയും അവസാന കണ്ണിയും ആരാണ്?

ഈ രണ്ടു ചോദ്യങ്ങള്‍ക്കു ഇപ്പോഴും ഉത്തരമില്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം തേടാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യവുമില്ല. ഇതുപയോഗിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാനുവോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്.

വികസനത്തിനായി യോജിക്കുന്നില്ല

സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇവര്‍ തുടര്‍ന്നുവരുന്നത്.
കേരളത്തിന്റെ പൊതുവായ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സഭയില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടുണ്ടോ?18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ?

ബി. ജെ.പിയുടെ ശ്രമങ്ങളുമായി യുഡിഎഫിന്റെ യോജിപ്പ്

മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബി ജെ പിയുടെ ദേശീയ നേതാക്കള്‍ നിരനിരയായി ഇവിടേക്കുവന്നത് ഓര്‍ക്കുന്നില്ലേ? അമിത്ഷാ, ശിവരാജ് സിങ് ചൗഹാന്‍, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍… ഇവിടെ, ഈ കേരളത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യമില്ല എന്ന പ്രതീതിയുണ്ടാക്കി പ്രശ്‌നമുണ്ടാക്കാനായിരുന്നു അന്നു ശ്രമിച്ചത്. സമാനമായ ഒരു സാഹചര്യം വീണ്ടും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അന്നു കേരളം തള്ളിക്കളഞ്ഞ ആ തന്ത്രം പുതു രൂപത്തില്‍ ഇന്നു വീണ്ടും കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീവ്രമായി പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുക. എന്നിട്ടു ക്രമസമാധാനമുറവിളികൂട്ടുക.

ഇതിനായി സംഘപരിവാര്‍ ചോരവീഴ്ത്തി ശ്രമം തുടരുകയാണ്. കോണ്‍ഗ്രസിനിത് ആഹ്ലാദകരവുമാണ്. ബി ജെ പി നിരത്തില്‍ രക്തം ഒഴുക്കുമ്പോള്‍, ക്രമസമാധാനം തകര്‍ന്നു എന്നു സഭയില്‍ കോണ്‍ഗ്രസ് മുറവിളിക്കൂട്ടും. രണ്ടും സഹകരണാത്മകമായി മുമ്പോട്ടുകൊണ്ടുപോകാം എന്നാണിവര്‍ കരുതുന്നത്. ബി ജെ പിക്കാര്‍ നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കില്ല കോണ്‍ഗ്രസ്.

പ്രതിസന്ധികളെ മറികടന്ന്

പ്രളയവും പ്രകൃതിദുരന്തങ്ങളും നിപ്പായും കോവിഡും ഒമിക്രോണുമൊക്കെ സാമൂഹ്യജീവിതത്തിന്റെ ക്രമം പാടേ തെറ്റിച്ച ഒരു ഘട്ടത്തിലൂടെയാണു നാം കടന്നുപോവുന്നത് എന്നത് അവര്‍ ഓര്‍ക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി വന്‍ദുരന്തങ്ങള്‍ വന്നു. കോവിഡുമായി ബന്ധപ്പെട്ടത് ലോകത്തെയാകെ ബാധിച്ചതാണ്. കേരളത്തെ മാത്രമായി ബാധിച്ചവയുമുണ്ട്. ഇവയുടെയൊക്കെ കൂട്ടായ ആഘാതത്തിന്റെ ഫലമായി സമസ്ത രംഗങ്ങളിലും വന്‍ തകര്‍ച്ച ഉണ്ടാവേണ്ടതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. മനുഷ്യ വിഭവത്തകര്‍ച്ച ഉണ്ടായി. സാമൂഹ്യ ജീവിതത്തില്‍ വന്‍ പ്രതിസന്ധികള്‍ ഉണ്ടായി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചു.

എന്നാല്‍, ലോകത്തെയാകെ ബാധിച്ച മഹാമാരിക്കൊപ്പം സംസ്ഥാനത്തെ മാത്രമായി ബാധിച്ച പ്രകൃതി ദുരന്തങ്ങള്‍ കൂടിയുണ്ടായിട്ടും നമ്മുടെ കേരളം പിടിച്ചു നിന്നു. പിടിച്ചു നിന്നു എന്നു പറഞ്ഞാല്‍ പോര. അതിജീവിച്ചു. അതും പോര, പുതു കേരളത്തെ പടുത്തുയര്‍ത്തിവരുന്നു. ഇതു പലരും പ്രതീക്ഷിച്ചതല്ല. പ്രതീക്ഷിച്ചതല്ല എന്നു പറഞ്ഞാല്‍ പോരാ, ലോകം അതീവ വിസ്മയത്തോടെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തെ നോക്കിക്കണ്ടത്. വിദേശ നയതന്ത്രജ്ഞരുടെ അഭിപ്രായ പ്രകടനങ്ങള്‍ മുതല്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലെ പംക്തികള്‍ വരെ ഇതിനു തെളിവായുണ്ട്.

ഒരു വശത്തു ജനങ്ങളുടെ ജീവനെയും ജീവിതോപാധികളെയും സംരക്ഷിച്ചുകൊണ്ട് വികസനത്തെ ശക്തിപ്പെടുത്തി നാം മുന്നോട്ടുപോകുന്നു. ഇതില്‍ സന്തോഷിക്കുന്നവരുണ്ട്. അത് സ്വാഭാവികമാണ്. ദുഃഖിക്കുന്നവരുമുണ്ട്. അതാണ് പ്രത്യേകത. അവരെക്കുറിച്ചാണ് സഹകരണാത്മകമായി മുന്നോട്ടുപോകുന്നവര്‍ എന്ന് നേരത്തെ പറഞ്ഞത്. അവരുടെ കാര്യം നമുക്ക് വിട്ടുകളയാം.

എന്തുകൊണ്ടാണ് കേരളത്തിന്റെ അതിജീവനം അത്ഭുതകരമായി പലരും കണ്ടത്? ഐക്യരാഷ്ട്രസഭാ സമിതിയുടെ കണക്കുകള്‍ പ്രകാരം, ഏറ്റവും ചുരുങ്ങിയ തോതുകള്‍ പ്രകാരം പോലും 31,000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനു സമമായ തുക. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തെ പദ്ധതിക്കാകെ അവധി കൊടുത്താല്‍ പോലും കരകയറാനാവുമോ എന്നു പലരും ആശങ്കപ്പെട്ടു. തൊട്ടുപിന്നാലെ വന്നു വെള്ളപ്പൊക്കം. അതിന്റേതായ നാശനഷ്ടങ്ങള്‍. അതിനും പിന്നാലെ പകര്‍ച്ച വ്യാധികള്‍… മഹാവ്യാധികള്‍. തൊഴില്‍ നഷ്ടങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍.

ഇത്രയൊക്കെ പോരേ ഒരു സമ്പദ്ഘടനയും സംസ്ഥാനവും സമ്പൂര്‍ണ തകര്‍ച്ചയിലേക്കു കൂപ്പു കൂത്താന്‍? പ്രതേ്യകിച്ചും അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുമ്പോള്‍… വാഗ്ദത്ത സഹായങ്ങള്‍ വാങ്ങുന്നതിനു വിലക്കുണ്ടാവുമ്പോള്‍… അധിക സാമ്പത്തികഭാരങ്ങള്‍ തുടരെ വന്നു വീഴുമ്പോള്‍… വായ്പാ പരിധി സംസ്ഥാനം ആവശ്യപ്പെട്ട വിധത്തില്‍ ഉയര്‍ത്താന്‍ കേന്ദ്രം കൂട്ടാക്കാതെയിരിക്കുമ്പോള്‍…

കേരളത്തിന്റെ കുതിപ്പ്

പ്രതികൂല ഘടകങ്ങളേ ഉണ്ടായിരുന്നുള്ളു. അവയെയൊക്കെ അതിജീവിച്ചാണു നാം ഇങ്ങനെ നിലനില്‍ക്കുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്നെയാണ് 50,000 കോടി എന്ന ലക്ഷ്യത്തെ അതിലംഘിച്ച് ബജറ്റേതര വിഭവ സമഹാരണവും വികസനാര്‍ത്ഥമുള്ള ധന വിനിയോഗവും അറുപത്തി രണ്ടായിരം കോടിയിലെത്തിച്ചത്. തകര്‍ന്നതൊക്കെ ഇനിയൊരിക്കലും ഒന്നിനും തകര്‍ക്കാനാകാത്ത തരത്തില്‍ കാണെക്കാണെ കണ്‍മുമ്പില്‍ ഉയര്‍ന്നു വരുന്നതു ജനങ്ങള്‍ സംതൃപ്തിയോടെ കണ്ടു നിന്നത്.

ജനമനസ്സുകളിലെ ആ സംതൃപ്തിയാണ് ചരിത്രത്തിലാദ്യമായി തുടര്‍ഭരണം സംസ്ഥാനത്തു സാധ്യമാക്കിയത്. പ്രതിസന്ധികളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ അതിജീവിച്ചതിനുള്ള അംഗീകാരമായിരുന്നു അത്. കേരളത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു രക്ഷിച്ചതിനുള്ള അംഗീകാരം. നഷ്ടപ്പെട്ടതിനു മേല്‍ പുനര്‍നിര്‍മ്മാണം നടത്തി അതിനുമേല്‍ വികസനം സാധ്യമാക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തിക്കുള്ള അംഗീകാരം.

ബദലുകൾ‍ മുന്നോട്ടുവച്ച്

കേരളത്തിന്റെ ഈ വ്യതിരിക്തതയ്ക്കു വേറെയും ചില മാനങ്ങളുണ്ട്. ജനങ്ങളുടെ വരുമാന സ്രോതസ്സ്, ജീവിത പുരോഗതി, എന്നിവ കോര്‍പ്പറേറ്റ് ശക്തികളുടെ ആധിപത്യത്തിനു കീഴില്‍ കൂടുതല്‍ കൂടുതല്‍ ഞെരിഞ്ഞമരുന്ന, ദേശീയ രാഷ്ട്രീയ - സാമ്പത്തിക സാഹചര്യത്തിനുള്ള പ്രായോഗിക രാഷ്ട്രീയ - സാമ്പത്തിക ബദല്‍ ജനങ്ങള്‍ കേരളത്തിന്റെ മാതൃകയില്‍ കണ്ടു. വിഭാഗീയ ചിന്തകള്‍ക്കതീതമായി ജനങ്ങളെയാകെ ഒരുമിപ്പിക്കുന്ന രാഷ്ട്രീയം അധികാരത്തിലിരുന്നാലുണ്ടാവുന്ന മാറ്റമെന്താണെന്നത് അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടു.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ പറയുന്നതു പ്രവര്‍ത്തിക്കുന്നതിലെയും, പ്രായോഗികമാക്കാന്‍ കഴിയാതെ വരുന്ന ഒറ്റപ്പെട്ട ചിലതില്‍ ജനങ്ങളെ കാരണം ബോധ്യപ്പെടുത്തുന്നതിലെയും, പ്രതിബദ്ധതയാര്‍ന്ന ജനകീയ ഭരണ സുതാര്യത ജനങ്ങള്‍ക്കനുഭവപ്പെട്ടു. അതുകൊണ്ടു തന്നെ ഈ ഭരണം തുടരണമെന്നു ജനങ്ങള്‍ നിശ്ചയിച്ചു. അങ്ങനെയാണ് ഭരണത്തുടര്‍ച്ച കേരളത്തിലുണ്ടായതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നന്നായി അറിയാം. ആ വികാരത്തെ പ്രതിഫലിപ്പിക്കുന്ന നടപടികളേ ഈ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവൂ. ഭരണത്തുടര്‍ച്ചയെ അപൂര്‍വമായി കൈവരുന്ന ഒരു അവസരമായാണ് പലരും കാണുന്നത്. ആ അവസരം ഉണ്ടായത് രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഭരണ ഇടപെടലുകളിലൂടെയാണ് എന്നത് അറിയണം.

ഇതുകൊണ്ടുള്ള പ്രയോജനം നാടിനും ജനങ്ങള്‍ക്കുമാണ്. എന്താ പ്രയോജനം? ദീര്‍ഘകാലയളവിലേക്കുള്ള ആസൂത്രണത്തിനും നിര്‍വഹണത്തിനും ഉള്ള അവസരം കൈവരുന്നു എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുമ്പൊക്കെ എന്തായിരുന്നു സ്ഥിതി? ആസൂത്രണം നടക്കും. നിര്‍വഹണ ഘട്ടമാവുമ്പോഴേക്ക് തെരഞ്ഞെടുപ്പു വരും. ഭരണം മാറും. ആസൂത്രണം ചെയ്തതൊക്കെ അവതാളത്തിലാകും.

ഇങ്ങനെ പദ്ധതികള്‍ അവതാളത്തിലാവുന്നതിനു ജനങ്ങള്‍ അറുതി കുറിച്ചു. അത് വികസന കാര്യങ്ങളിലെ ഈ സര്‍ക്കാരിന്റെ കൂറും പ്രതിബദ്ധതയും അനുഭവങ്ങള്‍കൊണ്ട് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ്. അവസരം കിട്ടി എന്നതുകൊണ്ടു മാത്രം കാര്യമായില്ല. കിട്ടിയ അവസരം എങ്ങനെ ജനോപകാരപ്രദമായും വികസനോന്മുഖമായും ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.

വ്യക്തമായ കാഴ്ചപ്പാടോടെ

തുടര്‍ഭരണത്തിന്റെ ഈ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. ഹ്രസ്വകാല പദ്ധതികള്‍ വേറെ. ദീര്‍ഘകാല പദ്ധതികള്‍ വേറെ. വികസന പരിപാടികള്‍ വേറെ. ക്ഷേമ പദ്ധതികള്‍ വേറെ. ഇങ്ങനെ വേര്‍തിരിച്ച്, പദ്ധതി നിര്‍വഹണത്തിനു സമയം നിശ്ചയിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോവുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍.

അഞ്ചു വര്‍ഷ ഭരണഘട്ടത്തെ പ്രതേ്യക ഖണ്ഡങ്ങളാക്കി തിരിച്ച് ഓരോ ഖണ്ഡത്തിലും പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നിര്‍ണയിച്ചു മുന്നോട്ടുപോവുക. കേരളത്തിലിതാദ്യമാണ് ഇങ്ങനെയൊരു ഭരണ സംസ്‌കാരം. ഈ സംസ്‌കാരത്തിന്റെ സംഭാവനയാണ് ഇപ്പോഴത്തെ നൂറുദിന ഘട്ടം. നൂറു നാള്‍കൊണ്ട് ആസൂത്രിത പദ്ധതികള്‍ നടപ്പാക്കുക. ഓരോ ചെറു ഘട്ടങ്ങളിലും അതിന്റെ പുരോഗതി വിലയിരുത്തുക, പോരായ്മയുണ്ടെങ്കില്‍ അവ അപ്പോഴപ്പോള്‍ നികത്തുക. നൂറാം നാള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക.

ഈ നൂറുദിന പരിപാടി പൂര്‍ണതയിലെത്തുമ്പോള്‍ മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികമാവും. വാര്‍ഷികം ആഘോഷമാക്കണമെന്നു കരുതുന്നവരുണ്ട്. ആഘോഷിക്കേണ്ടതു തന്നെയാണ്. എന്നാല്‍ വെറുതേ ആഘോഷമെന്നു പ്രഖ്യാപിച്ചാല്‍ പോര. ആഘോഷത്തിന് അടിസ്ഥാനം നല്‍കുന്ന കാര്യങ്ങളുണ്ടാവണം. അതുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂറുദിന പരിപാടികളിലുള്ളത്. കൃത്യമായ കര്‍മ പദ്ധതിയാണത്.

ജനാധിപത്യ സംസ്‌കാരത്തിന്
മുമ്പൊക്കെ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടയ്ക്കുള്ള ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു റോള്‍ ഇല്ല. ആ അവസ്ഥയാണു പുതിയ ഒരു ഭരണ സംസ്‌കാരത്തിലൂടെ മാറ്റുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടും, അവര്‍ക്ക് വേണ്ടത് എന്താണെന്നറിഞ്ഞുകൊണ്ടും സമയബന്ധിതമായി നീങ്ങുകയാണ്. അതു ഫലപ്രാപ്തിയിലെത്തുമ്പോള്‍ ഗവണ്‍മെന്റല്ല, ജനങ്ങള്‍ ഭരണ വാര്‍ഷികം ആഘോഷമാക്കും.

ജനാധിപത്യ പ്രക്രിയയില്‍ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പിലുദിച്ച് തെരഞ്ഞെടുപ്പില്‍ തന്നെ അസ്തമിക്കുന്ന രീതിയാണ് പൊതുവെ ഉള്ളത്. അതാണു മാറ്റുന്നത്. ജനങ്ങള്‍ക്കു കണ്‍മുമ്പില്‍ കാണാനാവുകയാണു വികസനം. ഓരോ വര്‍ഷം കഴിയുമ്പോഴും പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലൂടെ അവര്‍ക്കു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കഴിയുകയാണ്. ആ നിലയ്ക്കു ജനാധിപത്യ സംവിധാനത്തെ തന്നെ കൂടുതല്‍ ജനകേന്ദ്രീകൃതമാക്കുകയാണ്. ജനങ്ങളാണ് യജമാനന്മാര്‍ എന്ന കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുകയാണ്. സര്‍ക്കാരുകള്‍ക്ക് ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട് എന്നതും അടിവരയിടുകയാണ്.

എന്തുകൊണ്ട് സംവാദം

സര്‍ക്കാര്‍ നടപ്പാക്കുന്ന ചില പദ്ധതികള്‍ സംവാദത്തിനടിസ്ഥാനമാവുന്നുണ്ട്. എന്തുകൊണ്ടാണത്? പേപ്പര്‍ പദ്ധതികളാണെങ്കില്‍ ആരെങ്കിലും സംവാദത്തിനു നില്‍ക്കുമോ? ഉടനെ നടക്കാന്‍ പോവുകയാണു പദ്ധതികള്‍. ആ പട്ടികയില്‍ വരും കെ-റെയിലും. അതുകൊണ്ടു തന്നെയാണ് സംവാദം. എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞാല്‍ പറഞ്ഞതു നടപ്പാക്കുമെന്ന് അഞ്ചേമുക്കാല്‍ വര്‍ഷത്തെ അനുഭവത്തിലൂടെ പ്രതിപക്ഷത്തിനും ബോധ്യമുണ്ട്. ആ ബോധ്യമുള്ളതുകൊണ്ടാണ് പല പദ്ധതികളെയും ചൂഴ്ന്ന് സംവാദം ഉയര്‍ത്തുന്നത്. എതിര്‍പ്പുയര്‍ത്തുന്നത്. നടപ്പാവാന്‍ പോകുന്നില്ലാത്ത പ്രഖ്യാപനങ്ങളാണെങ്കില്‍ ആരെങ്കിലും എതിര്‍ക്കാര്‍ നില്‍ക്കുമോ? ഇത് നടപ്പാക്കുമെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ഈ സംവാദങ്ങള്‍.

പ്രഖ്യാപനങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ലെന്നും പൂര്‍ത്തീകരിക്കുവാനുള്ള പദ്ധതികളുടെ രൂപരേഖ തന്നെയാണെന്നും തെളിയിച്ച സര്‍ക്കാരാണല്ലൊ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഇവിടെയുണ്ടായിരുന്നത്. അതിന്റെ തുടര്‍ച്ചയായി ഇപ്പോഴുള്ള സര്‍ക്കാരും കേരളത്തിന്റെ വികസനത്തിനായുള്ള പദ്ധതി രേഖകള്‍ മുന്നോട്ടുവെക്കുകയാണ്. സര്‍വ്വതല സ്പര്‍ശിയായ വികസനം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടു തന്നെ വന്‍കിട പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും അതിന്റെ ഭാഗമാണ്.