വന്ദേഭാരത് തീവണ്ടികള്‍ സില്‍വര്‍ലൈനിന് ബദലാകില്ല
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത തീവണ്ടികള്‍ കെ-റെയിലിന്റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈനിനു ബദലാകില്ല.
മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരത തീവണ്ടികളുടെ വേഗത (മാക്‌സിമം സര്‍ട്ടിഫൈഡ് സ്പീഡ്). കേരളത്തിലെ പാതകളുടെ വേഗത(സെക്ഷണല്‍ സ്പീഡ്) മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. കേരളത്തില്‍ ഏറ്റവും കൂടിയ വേഗതയില്‍ ഓടുന്ന ജനശതാബ്ദിയുടേയും രാജധാനിയുടേയും വേഗതയില്‍ മാത്രമേ വന്ദേഭാരത് തീവണ്ടികള്‍ക്ക് കേരളത്തില്‍ ഓടാന്‍ പറ്റുകയുള്ളു. ഇ.എം.യു കോച്ചുകളായതിനാല്‍ വന്ദേഭാരത തീവണ്ടികള്‍ക്ക് ചിലപ്പോള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ ഓടാന്‍ സാധിച്ചേക്കും.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത തീവണ്ടികള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ കേരളത്തിലെ പാതകള്‍ നവീകരിക്കേണ്ടതുണ്ട്. പാതയുടെ 36 ശതമാനത്തോളം വരുന്ന 626 വളവുകള്‍ നിവര്‍ത്തണം. ഇതിനു ഭീമമായ ചെലവു വരും. ഈ നവീകരണ, ശാക്തീകരണ പ്രക്രിയ പത്തു മുതല്‍ 20 വര്‍ഷം കൊണ്ടേ പൂര്‍ത്തിയാക്കാന്‍ പറ്റൂ. കാരണം, നിലവിലുള്ള തീവണ്ടി സര്‍വീസുകളെ ബാധിക്കാത്ത രീതിയിലേ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ പറ്റുകയുള്ളു.
സില്‍വര്‍ലൈന്‍ പാതയില്‍ ഒരു ദിശയില്‍ ഇരുപത് മിനിറ്റ് ഇടവിട്ട് 37 സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തന്നെ തിരക്കേറിയ കേളത്തിലെ പാതയില്‍ വന്ദേഭാരത് തീവണ്ടികള്‍ക്ക് ഇത്രയും സര്‍വീസ് നടത്താന്‍ സാധിക്കില്ല.
ചുരുങ്ങിയ ഇടവേളകളില്‍ അതിവേഗ ഇന്റര്‍സിറ്റി സര്‍വീസ് നടത്തി, സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ റോഡുകളില്‍നിന്ന് പൊതു ഗതാഗത സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ് സില്‍വര്‍ലൈനിന്റെ ലക്ഷ്യം.