കെ റെയിൽ ചോദ്യങ്ങൾ

ചോദ്യം 1. കേരള സർക്കാർ കെ റെയിൽ പ്രൊജക്ട് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടൊ?

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർദ്ധ അതിവേഗ റെയിൽവെ പദ്ധതിയുടെ ഡിപിആർ കേരള സർക്കാരിന്റെ 51 % വും കേന്ദ്രറെയിൽവെ മന്ത്രാലയത്തിന്റെ 49 %വും പങ്കാളിത്തമുള്ള സംരംഭമായ കേരളാ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 63941 കോടി രൂപയാണ് KRDCL പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക ക്ഷമത അടിസ്ഥാനമാക്കിയാകും പദ്ധതി പരിഗണിക്കുക.

ചോദ്യം 2. കേരള സർക്കാർ എന്തെങ്കിലും തരത്തിലുള്ള പാരിസ്ഥിതികപഠന റിപ്പോർട്ട് ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ടോ?

ഇല്ല.

ചോദ്യം 3. കെ റെയിൽ പദ്ധതിക്ക് വേണ്ടി വിദേശവായ്പ എടുക്കുന്നതിനുള്ള അനുമതി കേരളസർക്കാർ തേടിയിട്ടുണ്ടോ?

33700 കോടി രൂപ വിദേശ വായ്പ എടുക്കുന്നതിനായുള്ള അനുമതി തേടി KRDCL കേന്ദ്ര എ
ഇക്കണോമിക് അഫയേഴ്സ് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.

ചോദ്യം 4. പദ്ധതി വിശദമായ പരിശോധനക്ക് കേന്ദ്രസർക്കാർ വിധേയമാക്കിയോ. ഉണ്ടെങ്കിൽ വിശദാംശങ്ങൾ

ചോദ്യം 5. കെ റെയിൽ പ്രവൃത്തി തുടങ്ങാനുള്ള അനുമതി കേരള സർക്കാരിന് കേന്ദ്രസർക്കാർ നൽകിയോ?

ചോദ്യം 6. ഉണ്ടെങ്കിൽ അതിന്റെ ഉത്തരവുകളുടെ കോപ്പി നൽകാമോ?

ഇല്ല. ഡിപിആർ റെയിൽവെ മന്ത്രാലയം പരിശോധിച്ച് വരികയാണ്. സാങ്കേതികക്ഷമത പരിശോധിക്കുന്നതിനാവശ്യമായ ചില വിവരങ്ങൾ ഡിപിആറിൽ ഇല്ല. ആ വിവരങ്ങൾ സമർപ്പിക്കാൻ KRDCL നോട് നിർദ്ദേശിച്ചിട്ടുണ്ട്. സാങ്കേതികകാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊണ്ടതിന് ശേഷം പദ്ധതിയുടെ സാമ്പത്തിക്ഷമതയും വിശദമായി വിലയിരുത്തപ്പെടും.

ചോദ്യം 7 . കെ റെയിലിന് എതിരായ സമരങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

ചോദ്യം 8. ഉണ്ടെങ്കിൽ പദ്ധതി നിർത്തിവെക്കാൻ എന്ത് നടപടി സ്വീകരിച്ചു?

സമരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിലുപരി, പദ്ധതിയുടെ സാമൂഹ്യാഘാതപഠനം (SIA) നടത്തുന്നതിനുള്ള 4(1) വിജ്ഞാപനം കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി ജനജീവിതത്തിലുണ്ടാക്കാൻ സാധ്യതയുള്ള ആഘാതം SIA പഠനത്തിലൂടെ മനസിലാക്കാൻ കഴിയും. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തികക്ഷമതയെ അടിസ്ഥാനമാക്കിയാകും പദ്ധതിക്ക് അംഗീകാരം നൽകുക.

ഇതാണ് ഇന്ന് കേന്ദ്രമന്ത്രി കേരള എംപിമാർക്ക് നൽകിയ മറുപടികൾ. ഈ മറുപടികളും വെച്ച് കെ റെയിലിന് അനുമതിയില്ല, പാരിസ്ഥിതികപഠനം നടത്തിയില്ല, കെ റെയിൽ പദ്ധതിയുടെ കഥകഴിഞ്ഞെ എന്നൊക്കെ പറയുന്ന മീഡിയ ടീമുകളോടൊക്കെ സഹതാപം മാത്രം. പണ്ട് കീഴാറ്റൂരിലേക്ക് കേന്ദ്ര പരിസ്ഥിതി സംഘം വരുന്നേ എന്ന് ആർത്ത് വിളിച്ച അതേ ആവേശം. നല്ലതാ. എന്നാലും പരിസ്ഥിതി പഠനറിപ്പോർട്ട് സമർപ്പിച്ചില്ല എന്ന മറുപടി വായിച്ച് പരിസ്ഥിതി പഠനം നടത്തിയില്ല എന്ന് വാർത്ത കൊടുക്കുന്ന മാതൃഭൂമിയോടൊക്കെ എന്ത് പറയാനാണ്.

ഈ ചോദ്യങ്ങൾ കൊണ്ട് രണ്ടുമൂന്ന് കാര്യങ്ങൾ ബോധ്യമായി?

ഒന്ന്. കെ റെയിൽ പദ്ധതിയെ തങ്ങളുടെ കൂടി പദ്ധതിയായാണ് കേന്ദ്രം കാണുന്നത്. കാരണം, ചോദ്യങ്ങളിൽ മൊത്തം കേരളസർക്കാർ എന്നാണെങ്കിലും മറുപടികളിൽ നിറയെ KRDCL എന്നാണ്. 49% ഞങ്ങളുടെ ഷെയറുള്ള KRDCL എന്നാണ് ആദ്യം മറുപടിയിൽ മന്ത്രി പറഞ്ഞത്.

രണ്ട്. പദ്ധതിയുടെ ചെലവായി കേന്ദ്രസർക്കാർ ഒന്നേ കാൽ ലക്ഷം കോടിയോ രണ്ട് ലക്ഷം കോടിയോ ഒക്കെ കണക്കാക്കി എന്നാണ് കൊസ്തേപ്പുമാർ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. കേന്ദ്രസർക്കാരിന് അങ്ങനൊരു കണക്കുമില്ലെന്ന് മറുപടിയിൽ വ്യക്തം. KRDCL പറയുന്ന 63000 കോടിയിൽ തന്നെയാണ് കേന്ദ്രവും നിൽക്കുന്നത്. ഒരു ലക്ഷം കോടിയുടെ കടമെടുക്കാൻ പോകുന്നേ എന്ന തള്ളും തീർന്നു. പദ്ധതിക്ക് വേണ്ടി എടുക്കാൻ അനുമതി തേടിയിട്ടുള്ളത് 33000 കോടി രൂപക്ക് മാത്രമാണെന്നും ആധികാരികമായിത്തന്നെ മനസിലാക്കിത്തന്നു.

മൂന്ന്. പദ്ധതിപ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള നടപടികളെക്കുറിച്ച് കൊസ്തേപ്പ് എംപിമാർ ചോദിക്കുമ്പോഴുള്ള മറുപടി ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനമാണെന്നാണ്. അത് പൂർത്തിയാക്കിയാൽ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാമെന്നാണ് മന്ത്രി പറയുന്നത്. സാമൂഹികാഘാതപഠനം നടത്തുന്നത് തടയുന്ന ടീമിനോടാണ് അത് പൂർത്തിയാക്കട്ടെ എന്ന് പറയുന്നത്. അതായത്, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ നടക്കുന്ന SIAക്ക് വേണ്ടിയുള്ള സർവെ നടപടികൾ നിർത്തിവെക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രം പറയാതെ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കെറെയിൽ കൊസ്തേപ്പുമാരോട് നമ്മൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് മറുപടികളിലും ഉള്ളത്. ഈ പരിപാടി ഇനിയും തുടരണം എന്നാണ് പാർലമെന്റ് അംഗങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ഗേജ്, നിലവിലെ ലൈനിലെ വളവ് നിവർത്തൽ, പാത ഇരട്ടിപ്പിക്കൽ, കേരളത്തിലെ ട്രെയിനുകളുടെ സ്പീഡ്, വരാൻ പോകുന്ന വന്ദേ ഭാരത് ട്രെയിൻ, പരശുറാമിന്റെ മുപ്പത് സ്റ്റോപ്പുകൾ കട്ട് ചെയ്ത് ആറ് മണിക്കൂർ കൊണ്ട് കാസർഗോഡ് എത്തിക്കുന്ന പദ്ധതി തുടങ്ങിയ വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിച്ച് കേന്ദ്രമന്ത്രിമാരുടെ ആധികാരികമായ മറുപടികൾ തന്ന് ഞങ്ങളെ സഹായിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

MILASH CN