ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച്

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച്

ഇന്ത്യയില്‍ ഒരിടത്തും സ്റ്റാറ്റ്യൂട്ടറി പദവിയില്‍ ഇരിക്കുന്നയാളെ അയോഗ്യനാക്കാന്‍ ലോകായുക്ത നിയമം അനുവദിക്കുന്നില്ല.

കേരളത്തില്‍ മാത്രമാണ് ആ സ്ഥിതിയുള്ളത്.

അത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് വിരുദ്ധമാണ്.

അതുകൊണ്ടാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

മുഖ്യമന്ത്രിക്കും മന്ത്രി ആര്‍. ബിന്ദുവിനും എതിരെയുള്ള പരാതിയും ഓര്‍ഡിനന്‍സും തമ്മില്‍ യാതൊരു ബന്ധവുമില്ല.

മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ യാതൊരു കഴമ്പുമുള്ളതല്ല.

അതിലിടപെടാന്‍ ലോകായുക്തയ്ക്ക് കഴിയുകയുമില്ല.

ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ചിലവഴിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത് മന്ത്രിസഭായോഗമാണ്.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളില്‍ ലോകായുക്തയ്ക്ക് ഇടപെടാന്‍ കഴിയുമോ എന്നത് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പരിശോധിക്കണം.

മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന വിഷയത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുള്ളത് എന്നതുകൂടി മനസ്സിലാക്കണം.

അതുകൊണ്ട് നിലവിലെ സര്‍ക്കാരിനെ ബാധിക്കുന്ന ഒന്നും ആ പരാതിയിലില്ല.

മന്ത്രി ബിന്ദുവുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കപ്പെടുന്നതിന് ഏറെമുമ്പുതന്നെയാണ് അഡ്വക്കേറ്റ് ജനറല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

2021 നവംബര്‍ 21 ന് ശേഷമാണ് രമേശ ചെന്നിത്തല മന്ത്രി ആര്‍. ബിന്ദുവിനെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

എന്നാല്‍, അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത് 2021 ഏപ്രില്‍ 13 നാണ്.

അന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ശ്രീമതി ആര്‍. ബിന്ദു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് തീരുമാനിച്ചിട്ടില്ല.

മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്ന കാര്യവും തീരുമാനിച്ചിട്ടില്ല.

അപ്പോള്‍ പിന്നെ മന്ത്രിയ്‌ക്കെതിരെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സ് എന്ന അടിസ്ഥാനമില്ലാത്ത ആരോപണം പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലോകായുക്ത നിയമത്തില്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ അധികാരം നല്‍കുന്നില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. 1996 ലാണ് പഞ്ചാബില്‍ ലോകായുക്ത നിയമം കൊണ്ടുവരുന്നത്. 2020 ല്‍ അവര്‍ ഒരു നിയമഭേദഗതി അവതരിപ്പിച്ചു. അതിന്‍പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍ എന്നിവരെ കുറ്റക്കാരെന്നു കണ്ട് പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. മറിച്ച്, പുറത്താക്കണമെങ്കില്‍ നിയമസഭയില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലും ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല.

നിലവിലെ ഓര്‍ഡിനന്‍സിന്റെ പ്രസക്തി

1983 ല്‍ കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഡ്ഡെയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ലോകായുക്ത നിയമം കൊണ്ടുവരുന്നത്.

ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് 1999 ല്‍ കേരളത്തിലും നിയമം കൊണ്ടുവന്നിട്ടുള്ളത്.

ആ നിയമത്തിലെ സെക്ഷന്‍ 14-ല്‍, മന്ത്രി നിയമം / ചട്ടലംഘനം നടത്തിയതായി ലോകായുക്ത കണ്ടെത്തിയാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്നും പുറത്താക്കാന്‍ നിയമനാധികാരി നിര്‍ബന്ധിതനാണ്.

അതിനു മുകളില്‍ അപ്പീല്‍ സാധ്യമല്ല.

ഇത് ഭരണഘടനയുടെ 164 അനുച്ഛേദത്തിന്റെ അന്തഃസത്തക്ക് അനുസൃതമല്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും തുടരണമോ എന്നു തീരുമാനിക്കുന്നത് ഗവര്‍ണ്ണറുടെ പ്രീതിയുള്ളിടത്തോളമാണ്.

എന്നാല്‍ ഇത് ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍പ്പെടുന്നതല്ല, ജനവിധിക്കനുസൃതമാണ്.

നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്ന ആരോപണം സംബന്ധിച്ച്

●നിയമസഭ ചേരാന്‍ തീരുമാനിക്കുകയോ തീയതി നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

●നിയമസഭ ചേരുമ്പോള്‍ ഉറപ്പായും ഓര്‍ഡിനന്‍സ് ബില്ലായി സഭയ്ക്ക് മുമ്പാകെ എത്തുകയും ചര്‍ച്ച ചെയ്യുകയും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

●മുപ്പത്തഞ്ചോളം ഓര്‍ഡിനന്‍സുകള്‍ ഒറ്റ സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് ബില്ലാക്കിയ സര്‍ക്കാരാണിത്.

◆ കോവിഡ് സാഹചര്യത്തില്‍ വിവിധ കാരണങ്ങളാല്‍ വൈകിയ ഓര്‍ഡിനന്‍സുകളാണ് അത്തരത്തില്‍ ചര്‍ച്ച നടത്തിത്തന്നെ ബില്ലാക്കി മാറ്റിയത്.

◆ അതുകൊണ്ട് സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ ഓര്‍ഡിനന്‍സ് ഇറക്കി ഒരു നിയമവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല.

◆ സമയബന്ധിതമായി സഭയില്‍ അവതരിപ്പിക്കുക തന്നെ ചെയ്യും.

ലോകായുക്തയുടെ യോഗ്യത വെട്ടിക്കുറച്ചുവെന്ന ആരോപണം

സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ചീഫ് ജസ്റ്റിസുമാരായിരിക്കണം ലോകായുക്ത ജസ്റ്റിസ് ആകേണ്ടത് എന്നാണ് നിലവിലെ വ്യവസ്ഥിതി.

എന്നാല്‍, ഈ പദവികളില്‍ വിരമിച്ച ജസ്റ്റിസുമാരെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതുകൊണ്ട് വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൂടി ലോകായുക്ത ജസ്റ്റിസ് പദവിയിലേക്ക് പരിഗണിക്കമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അതുകൊണ്ടാണ് പുതിയ വ്യവസ്ഥയില്‍ അതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആരോപണമുന്നയിക്കുന്നവര്‍ ഹൈക്കോടതി ജഡ്ജി പദവി കുറഞ്ഞ യോഗ്യതയായി കാണുന്നവരാണോ?

ലോകായുക്തയുടെ നിലവിലെ അധികാരം

· ഭരണഘടനാ പദവിയിലിരിക്കുന്നതോ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലോ ഇരിക്കുന്ന ആര്‍ക്കെങ്കിലുമെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍ അതിന്മേല്‍ അന്വേഷണം പ്രഖ്യാപിക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ട്.

ലോകായുക്തയുടെഒരധികാരവും വെട്ടിക്കുറച്ചിട്ടില്ല

ഒരു പൊതുസേവകനെ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കാന്‍ വകുപ്പ് 14 പ്രകാരം ലോകായുക്തയ്ക്കുള്ള അധികാരം അതുപോലെ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇത് ഭരണഘടന പ്രകാരം pleasure principle (പ്രീതി) പ്രയോഗിക്കാന്‍ അവകാശമുള്ള ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ അതേപടി അംഗീകരിക്കാന്‍ സാധ്യമാണെന്ന മറ്റെങ്ങും ഇല്ലാത്ത വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.

അതുപോലെ,കോണ്‍ഗ്രസ്സിന്റെയോ ബി.ജെ.പി.യുടെയോ നേതൃത്വത്തിലിരിക്കുന്നവര്‍ അഴിമതി ആരോപണത്തിനു വിധേയമായാല്‍ തല്‍സ്ഥാനത്തു തുടരണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാം.

· ഇക്കാര്യത്തില്‍ ഭേദഗതി വേണമെന്നാണ് ഈ ഓര്‍ഡിനന്‍സിലൂടെ ഉദ്ദേശിക്കുന്നത്.

· ഭേദഗതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.

· ഇന്ത്യന്‍ ഭരണഘടന പോലും 103 തവണ ഭേദഗതി വരുത്തിയിട്ടുണ്ട്.

· അതിപ്രഗത്ഭരായ വ്യക്തികള്‍ ചേര്‍ന്നു തയ്യാറാക്കിയ ഭരണഘടനയ്ക്ക് ഭേദഗതി വരുത്താമെങ്കില്‍ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് എതിര്‍ക്കുന്നത് എന്തിനെയും എതിര്‍ക്കുക എന്ന പ്രതിപക്ഷ യുക്തി മാത്രമാണ്.

ലോക്പാല്‍ / ലോകായുക്ത നിയമം

അഴിമതിയുടെ കുംഭകോണം നടത്തിയ കോണ്‍ഗ്രസ്സിനെതിരെയാണ് ഈ നിയമം തന്നെ കൊണ്ടുവരികയും അതിനായി വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തത്.

1975 ജൂണ്‍ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ്‌ബെറേലിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ അവര്‍ രാജിവെച്ചില്ല.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ 39-ാം ഭേദഗതി അവതരിപ്പിച്ച് പാസ്സാക്കി.

അതിന്‍പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കോടതികളുടെ പരിശോധനയ്ക്ക് പുറത്തായി.

ആ ഭേദഗതി ഭരണഘടനാ പരമായി സാധുവല്ല, ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി തന്നെ പിന്നീട് പറയുകയുണ്ടായി.

ഈ പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്.