രാജ്യത്തെ കഴിഞ്ഞ പതിനാറുമാസക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയായിരുന്നു 2022 ഡിസംബറിലേത്

നമ്മുടെ രാജ്യത്തെ കഴിഞ്ഞ പതിനാറുമാസക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയായിരുന്നു 2022 ഡിസംബറിലേതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നു. 8.3% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്.
നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കൽ, കോവിഡ് മുതലായവയുടെ ആഘാതം രാജ്യത്തിന്റെ സമ്പദ്‌രംഗത്തിൽ ഉണ്ടായതിന്റെ ഫലമായിട്ടാണ് തൊഴിലില്ലായ്മ ഇത്രയ്ക്ക് രൂക്ഷമായത്. സാമ്പത്തികരംഗത്തിൻ്റെ ശോഷണം മൂലം തൊഴിലില്ലായ്മ വര്ധിക്കുന്നതിനൊപ്പം തന്നെ തൊഴിൽപങ്കാളിത്തവും കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു എന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകളിൽ കാണാം. തൊഴിലെടുക്കാൻ കഴിയുന്ന പ്രായക്കാരായ വ്യക്തികളുടെ തൊഴിൽകമ്പോളത്തിലെ പങ്കാളിത്തതയെയാണ് തൊഴിൽപങ്കാളിത്തം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. 15-65 പ്രായത്തിലുള്ള ജനവിഭാഗങ്ങളിലെ തൊഴിലെടുക്കുന്നവരുടെയും തൊഴിൽ അന്വേഷിക്കുന്നവരുടെയും നിരക്കനുസരിച്ചാണ് തൊഴിൽപങ്കാളിത്തത്തിന്റെ അളവ് കണ്ടെത്തുന്നത്. തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ നല്ലൊരു പങ്ക് ജനങ്ങൾ തൊഴിൽ തേടുന്നതിൽ നിന്ന് പിൻവാങ്ങുകയുണ്ടായി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 2016 ജനുവരിയിൽ 47.7% ആയിരുന്നു തൊഴിൽപങ്കാളിത്ത നിരക്കെങ്കിൽ ജുലൈ 2022ൽ അത് 38.94%ത്തിലേക്ക് അത് കൂപ്പുകുത്തി. ഡിസംബർ 2022ൽ നേരിയ മുന്നേറ്റമുണ്ടായി തൊഴിൽ പങ്കാളിത്തനിരക്ക് 40.5%ൽ എത്തിയിട്ടുണ്ടെങ്കിലും നഗരമേഖലയിൽ വലിയ തൊഴിലില്ലായ്മ തുടരുന്നുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നത്.
നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പിലാക്കിയതിൻ്റെ ഫലമായി കഴിഞ്ഞ കുറച്ചു ദശകങ്ങളായി ‘തൊഴിലില്ലാത്ത സാമ്പത്തിക വളർച്ച’ എന്ന പ്രതിഭാസം നമ്മുടെ സാമ്പത്തികരംഗത്ത് ദൃശ്യമാണ്. തൊണ്ണൂറുകൾ മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ സ്വീകരിച്ച സാമ്പത്തികനയത്തിൽ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ഊന്നൽ കൊടുക്കാത്തതിൻ്റെ ഫലമായിട്ടാണ് തൊഴിലുകൾ സൃഷ്ടിക്കാൻ ആകാത്ത ഒരു വളർച്ചാക്രമത്തിലേക്ക് രാജ്യം എത്തുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തത്.