മനോരമ വിടാൻ ഭാവമില്ല. കടഭാരത്തിന്റെ ഭാണ്ഡക്കെട്ടു പൊളിഞ്ഞതോടെ പുതിയ പയറ്റുമായി ഇറങ്ങിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കടം ദാ ഇപ്പോഴാണ്

മനോരമ വിടാൻ ഭാവമില്ല. കടഭാരത്തിന്റെ ഭാണ്ഡക്കെട്ടു പൊളിഞ്ഞതോടെ പുതിയ പയറ്റുമായി ഇറങ്ങിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കടം ദാ ഇപ്പോഴാണ്. റിസർവ് ബാങ്കിന്റെ പുതുപുത്തൻ പഠനം ഇതു കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു പ്രിയ സുഹൃത്ത് പ്രതാപിന്റെ സ്തോഭജനകമായ സ്റ്റോറി ഇന്നത്തെ മനോരമയെ കിടുക്കനാക്കിയിരിക്കുന്നു.

എന്താണു കണ്ടെത്തൽ? ബാലഗോപാൽ നിയമ സഭയിൽ പറഞ്ഞത് 3.32 ലക്ഷം കോടിയാണ് ആകെ ബാധ്യത എന്നാണ്. ഇപ്പോൾ RBI കണ്ടെത്തിയിരിക്കുന്നത് ആകെ ബാധ്യത 3.9 ലക്ഷം കോടി രൂപ വരുമെന്നാണ്. ബജറ്റ് രേഖകൾ പൊതുരേഖകളാണല്ലോ?, 2021-22 ലെ പുതുക്കിയ കണക്കു പ്രകാരം( Revised Estimate) 3.39 ലക്ഷം കോടി രൂപയാണ് ബാധ്യത. ഇതിൽ ഡെപ്പോസിറ്റ്, കണ്ടിജൻസി ഫണ്ട് , റിസർവ് ഫണ്ട് എന്നിവ ഒഴിച്ചുള്ള തുകയാണ് കടം അഥവാ debt ആയിപ്പറയുന്നത്. ഇതാണ് 3.3 ലക്ഷം കോടി രൂപ (3.32 ലക്ഷമല്ല) .

2022-23 ലെ ബജറ്റ് കണക്കു പ്രകാരമുള്ള ആകെ ബാധ്യത 378476 കോടി രൂപയാണ്. ഈ പട്ടിക ഇമേജിൽ കാണാം. ഇതിൽ മേൽപ്പറഞ്ഞവയൊഴിച്ചുള്ള 371692 കോടി രൂപയാണ് കടം. ഇതു നമ്മുടെ പ്രതീക്ഷിത ആഭ്യന്തര വരുമാനമായ 999642.72 കോടി രൂപയുടെ 37.18% . ഇതാണു ബജറ്റിൽ പറഞ്ഞത്.

ഇപ്പോൾ റിസർവ് ബാങ്ക് സംസ്ഥാന ബജറ്റുകളെ കുറിച്ചുള്ള അവലോകന പഠനം പുറത്തിറക്കിയിട്ടുണ്ട്(STATE FINANCES: A STUDY OF BUDGETS OF 2022-23-RBI) . ഇതിൽ കേരളത്തിന്റെ ആകെ ബാധ്യത 390859 കോടി രൂപയാണെന്നു കണ്ടെത്തിയിരിക്കുന്നു. അത് ആഭ്യന്തര വരുമാനത്തിന്റെ 39.1 ശതമാനമാണ്. അതു ചരിത്രത്തിലെ ഏറ്റവും ഉയർന്ന കടഭാരമാണ്. ഇതാണ് പ്രതാപിന്റെ കഥ. ഈ വ്യത്യാസം എങ്ങനെ വന്നു ?

പ്രിയ പ്രതാപൻ , ഈ ആകെ ബാധ്യത ഏതെല്ലാം ഇനങ്ങളിലാണെന്നതും റിസർവ് ബാങ്ക് കണക്കുകളിലും നമ്മുടെ ബജറ്റ് രേഖകളിലും കിടപ്പുണ്ട്. അതൊന്നു നോക്കിയാൽ മതി. GST നഷ്ടപരിഹാരമായി കേന്ദ്രം തരേണ്ട പണം 2020-21 ലും 2021-22 ലും അവർ വായ്പയായി സംഘടിപ്പിച്ചു തരികയാണ് ചെയ്തത്. അതു കടം വരവിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഈ വായ്പയും അതിന്റെ പലിശയും തിരിച്ചു കൊടുക്കുന്നത് കേന്ദ്ര സർക്കാരാണ്. ഇപ്പോഴും തുടരുന്ന compensation CESS ൽ നിന്നും കേന്ദ്രത്തിനു ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവർ ഈ പണം തിരികെ കൊടുക്കുന്നത്. കേരളമല്ല തിരിച്ചടയ്ക്കേണ്ടത് . 2020-21 ൽ 5766 കോടി രൂപയും 2021-22 ൽ 8739 കോടി രൂപയുമാണ് ഈ ഇനത്തിൽ കിട്ടിയത്.ഈ തുക നമ്മുടെ ബാധ്യതയല്ല. അതുകൊണ്ടു തന്നെ ബജറ്റിലെ കണക്കുകളിൽ നിന്നും ഇതു കുറച്ചിട്ടുണ്ട്. അതവിടെ പറഞ്ഞിട്ടുമുണ്ട്. രേഖകളിൽ ഇതു കാണാം.

ആകെ ബാധ്യതയിൽ loans and advances from centre എന്ന ഇനത്തിൽ കേരള ബജറ്റു കണക്കുകൾ പ്രകാരം ബാധ്യത 12721 കോടി രൂപയാണ്. റിസർവ് റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ഈ ഇനം 27224 കോടി രൂപ. വ്യത്യാസം 14503 കോടി രൂപ. കേന്ദ്രം കടമെടുത്തു തന്ന നഷ്ട പരിഹാരത്തുകയാണ് ഇത്. അതു വീട്ടുന്നതും അവരാണ്. കേരളം ബജറ്റിൽ പറയുന്നതിനപ്പുറംഒരു ബാധ്യതയും RBI വിശകലനം പറയുന്നില്ല.

നമ്മുടേതല്ലാത്ത ഈ ബാധ്യത വച്ചാണ് കടം, പിന്നെയും കടം, പലിശ , കൂട്ടുപലിശ എന്നൊക്കെ കഥ മെനയുന്നത്. ഈ കൂട്ടു പലിശയൊക്കെ വരാൻ സർക്കാർ കടമെടുക്കുന്നത് ബ്ലേഡ് കമ്പനിയിൽ നിന്നാണോ? എന്തുജാതി അസംബന്ധമാണിത്?

തരം നോക്കി പ്രതാപൻ ഉമ്മൻ ചാണ്ടിയെ ഒന്നു വെളുപ്പിക്കാൻ നോക്കിയിട്ടുണ്ട്. 2012 മുതൽ 2016 വരെയാണ് സംസ്ഥാനം അൽപമെങ്കിലും ആശ്വാസകരമായ നിലയിലെത്തിയതു പോലും. 2002-2006 കാലത്തെ ആകെ ബാധ്യത ശരാശരി GSDP യുടെ 39.2 ശതമാനമായിരുന്നു. 2007-2011കാലത്തു 35 ശതമാനമായി കുറഞ്ഞു. ഈ പ്രവണത 2020 വരെ തുടരുകയും ചെയ്തു. 2020-21 ൽ സമ്പദ്ഘടന കോവിഡ് മൂലം 8 ശതമാനം താഴേക്കു പോയി. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളുടെയും കട പരിധി ഉയർത്തി. അങ്ങനെയാണ് ആകെ ബാധ്യത 37.1 ശതമാനമായത്. കട ബാധ്യതയുടെ റിക്കോർഡ് ആർക്കെങ്കിലും അവകാശപ്പെട്ടതാണെങ്കിൽ അതു ഉമ്മൻ ചാണ്ടിക്കു സ്വന്തമാണ്





325944793_6014990401897497_3056538016025345742_n