ബഫർ സോൺ പതിയെ ചൂടു പിടിക്കുന്നുണ്ട്.
വന്യ മൃഗ സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ തുടങ്ങിയ സംരക്ഷിത വനങ്ങളുടെ പുറം അതിരിൽ നിന്നും ഒരു കിലോമീറ്റർ വീതിയിൽ Eco Sensitive Zone എന്ന സുരക്ഷിത മേഖല നിർണ്ണയിക്കുക എന്നതാണ് ഈ ബഫർ സോൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്… ഈ നിർണ്ണയം എങ്ങനെ നടത്തണം എന്നതും, അതിന്റെ പ്രക്രിയകളും എല്ലാം സംസ്ഥാന സർക്കാർ ചെയ്ത എന്തോ അപരാധമാണ് എന്നു വരുത്തി, തീരത്തു മാത്രമല്ല, മലവാരത്തും ഒരു പോർ മുഖം തുറക്കാം എന്നതാണ് ചിന്ത എന്നു തോന്നുന്നു. പതിവു പോലെ UDF ഉം ഇറങ്ങിയിട്ടുണ്ട്.
ഈ ബഫർ സോൺ അഥവാ ESZ അഥവാ safety Zone എന്നതെങ്ങനെയാണ് വന്നു പെട്ടത് എന്നു മനസിലാക്കേണ്ടതുണ്ട് . 2022 ജൂൺ 3 നു വന്ന ഒരു സുപ്രീം കോടതി വിധിയാണ് സമീപകാലത്തെ സംഭവ വികാസം. ഈ കേസിനു തന്നെ പതിറ്റാണ്ടുകളുടെ കഥയുണ്ട്. ജൂൺ മാസത്തിലെ മൂന്നംഗ സുപ്രീം കോടതി വിധി എല്ലാ വന്യ മൃഗ സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ , സംരക്ഷിത വനങ്ങൾ എന്നിവയ്ക്കും 1 km ബഫർ സോൺ നിർബന്ധിതമാക്കി. അതു നിർണയിക്കുന്നതിനുള്ള പ്രക്രിയയും പറഞ്ഞു. വിധിയിലെ വാചകങ്ങൾ ഇതാണ് .
“Each protected forest, that is national park or wildlife sanctuary must have an ESZ of minimum one kilometer measured from the demarcated boundary of such protected forest in which the activities proscribed and prescribed in the Guidelines of 9th February 2011 shall be strictly adhered to…”
ഇതിൽ 2011 ലെ ഒരു Guideline സംബന്ധിച്ചു പറയുന്നില്ലേ? അതിലാണ് ഈ നിരോധനവും നിയന്ത്രണവും എല്ലാം ഉള്ളത്. അത് 2011 ലെ കേന്ദ്ര സർക്കാർ ഇറക്കിയതാണ്. അതു വന്ന കഥയുണ്ട്. അതും പറയാം. എന്തായാലും ഈ സുപ്രീം കോടതി വിധിയാണ് അടിയന്തിരമായി ബഫർ സോൺ നിർണ്ണയം നിർബന്ധമാക്കിയത്. ഈ പ്രക്രിയയിൽ ആദ്യ നടപടി ഈ ബഫർസോണിൽ നിലവിലുള്ള നിർമ്മിതികളും മറ്റും അടയാളപ്പെടുത്തുക എന്നതാണ്. കോടതി പറഞ്ഞത് ഇതാണ്.
“ The Principal Chief Conservator of Forests for each State and Union Territory shall also arrange to make a list of subsisting structures and other relevant details within the respective ESZs forthwith and a report shall be furnished before this Court by the Principal Chief Conservator of Forests of each State and Union Territory within a period of three months”
Subsisting structures, മറ്റു വിശദാംശങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരം മൂന്നു മാസത്തിനകം സുപ്രീം കോടതിക്കു നൽകണം . ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബഫർ സോൺ ഏതു വരെ എന്നു കോടതി തീരുമാനിച്ചു കഴിഞ്ഞു. അവിടെയുള്ള സ്ഥിതി എന്ത് എന്നതുമാത്രമാണ് ഈ ഘട്ടത്തിൽ നോക്കുന്നത്. അതു ഉപഗ്രഹ സർവ്വെ വഴി നടത്തി എന്നതാണല്ലോ മറ്റൊരു മഹാ ആക്ഷേപം.
കോടതി പറയുന്നത് ഇതാണ്.
ഈ Subsisting structures തുടങ്ങിയ വിവരങ്ങൾ സമാഹരിക്കാൻ … “ For this purpose, such authority shall be entitled to take assistance of any governmental agency for satellite imaging or photography using drones” … ഇതു സുപ്രീം കോടതി പറഞ്ഞതാണ്. അപ്പോൾ satellite imaging കോടതി പറയുന്നതാണ്. മൂന്നു മാസത്തിനകം നിലവിലുള്ള സ്ഥിതി നൽകണം എന്നാണല്ലോ വിധി?
ഇതിൻ പ്രകാരം ഒരു കരടു പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങൾ കേട്ടു അന്തിമ പട്ടിക തയ്യാറാക്കുക എന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ഇതു കോടതിയ്ക്ക് കൊടുത്തിട്ടു വേണം എന്തു തരം നിയന്ത്രണം, എന്നൊക്കെ തീരുമാനിക്കാൻ. ഇവിടെ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാകപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലകൾ, നിലവിലുള്ള നിർമ്മിതികൾ എന്നിവ ഒഴിവാക്കപ്പെടണം. ഇതാണു നിലപാട് എന്നാണ് ഞാൻ മനസിലാക്കുന്നത്.
ആക്ഷേപം കേൾക്കുന്നതിനുള്ള സമയം നീട്ടണം എന്നതിനൊന്നും പോരു പ്രഖ്യാപിക്കേണ്ട കാര്യമില്ലല്ലോ? ഇതു മലയോരത്തു മാത്രമല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. സംരക്ഷിത വന മേഖലയിലാണ്. അതിൽ ഒന്ന് എറണാകുളം പട്ടണത്തിലെ മംഗള വനമാണ്. ഇതിന്റെ ബഫർ സോണിലാണ് കേരള ഹൈക്കോടതി.
ഈ ബഫർ സോൺ മാപ്പ് ( കരട്) ചിത്രമായി നൽകി യിരിക്കുന്നത് നോക്കുക. പാതിരിമാർ പറയുന്നതു കേട്ടാൽ എന്താണു തോന്നുക ? കുടിയേറ്റ കർഷകരെ ഇറക്കിവിടാനുള്ള ഇടതു ഗൂഡാലോചനയാണ് ഇതെന്നല്ലേ?
ഈ തക്കമാണ് സതീശൻ നോക്കി ഇരിക്കുന്നത്. ഇവിടെയാണ് ഈ കേസും ഗൈഡ് ലൈനും എല്ലാം വന്ന വഴി പ്രസക്തമാകുന്നത് . ഈ Eco Sensitive Zone എന്ന ആശയത്തിനു രണ്ടു ധാരകളുണ്ട്. ചുരുക്കി പറയാം.
ഒന്ന്, കേന്ദ്ര വന്യ ജീവി സംരക്ഷണ ബോർഡ് നടത്തിയ ഇടപെടലുകളാണ്. 2002 ൽ സ്വീകരിച്ച national wildlife conservation strategyയിലാണ് ഈ ബഫർ സോൺ എന്ന ആശയം വന്നത്. 10 കിലോമീറ്റർ ആയിരുന്നു വന്യ ജീവി ബോർഡിന്റെ ബഫർ സോൺ. 2005 ൽ ഇവർ ഒന്നു മയപ്പെട്ടു. നിരോധനമല്ല, നിയന്ത്രണമാണ് എന്നു പറഞ്ഞ് ESZ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആരുംഒന്നും ചെയ്തില്ല. അപ്പോഴാണ് സുപ്രീം കോടതി മറ്റൊരു കേസിൽ ഇതിൽ കൈവയ്ക്കുന്നത്. 2006 ഡിസംബറിൽ ESZ നിർദ്ദേശം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. 2010 ൽ വീണ്ടും ഒരു പക്ഷി സങ്കേതം സംബന്ധിച്ച കേസിൽ ESZ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനു കോടതി നിർദ്ദേശം നൽകി .
അങ്ങനെയാണ് നാം നേരത്തെ കണ്ട 2011 ലെ guideline വരുന്നത്. 10 കിലോമീറ്റർ സ്ഥലം പരിസ്ഥിതി സംരക്ഷണ നിയമത്തിൻ കീഴിൽ ESZആക്കുക എന്നതായിരുന്നു നിർദ്ദേശം.guideline നെ തുടർന്ന് 10 കിലോമീറ്റർ ബഫർ സോൺ നിർദ്ദേശം 2015 ൽ കേരളം സമർപ്പിച്ചു . ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും മറ്റും ഈ സമയമൊക്കെ പ്രത്യേകം നോട്ട് ചെയ്യാൻ എല്ലാവരും പ്രേരിപ്പിക്കുമല്ലോ?
സുപ്രീം കോടതി നിരന്തരമായി ഇതിൽ ഇടപെടുന്ന ധാരയാണ് രണ്ടാമത്തേത്. നിലമ്പൂരുകാരൻ ഗോദവർമ്മൻ തിരുമുൽപ്പാട് 1995 ൽ ഒരു പൊതു താൽപ്പര്യ ഹർജ്ജി നല്കുന്നു. തമിഴ് നാട്ടിലെ നീലഗിരിയിൽ വന സംരക്ഷണത്തിനു നടപടി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഹർജ്ജി. ഈ കേസിൽ കോടതി തങ്ങളുടെ പരിഗണനാ മേഖല സ്വയം വിപുലപ്പെടുത്തുകയായിരുന്നു. രാജ്യത്തെമ്പാടുമുള്ള വന സംരക്ഷണം പരിഗണനാ മേഖലയായി മാറി . 2016 ജൂൺ 1 നു ഹർജ്ജിക്കാരൻ മരണപ്പെട്ടു. എന്നാലും ഹർജ്ജിയിൻ മേലുള്ള നടപടികൾ അനസ്യൂതം തുടരാൻ കോടതി തീരുമാനിച്ചു. ഈ കേസിൽ 2002 ൽ കോടതി ഒരു Central Empowered Committee ( CEC) രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.സർക്കാർ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ കീഴിലുള്ള ഒരു statutory authority ആയി CEC യെ വിജ്ഞാപനം ചെയ്തു.
ഈ കമ്മിറ്റി അതിന്റെ ആദ്യ റിപ്പോർട്ട് 2003 നവംബറിൽ കോടതിയ്ക്കും സർക്കാരിനും നൽകി. ഈ റിപ്പോർട്ട് ഒരു ഇടക്കാല അപേക്ഷയായി പരിഗണിച്ച് കോടതി നടപടികൾ സ്വീകരിച്ചു. സംരക്ഷിത വന മേഖലയിലെ ഖനനം ആയിരുന്നു specific ആയ വിഷയം. അതു തന്നെ രാജസ്ഥാനിലെ Jamua Ramgarh wildlife sanctuary സം ബന്ധിച്ച്. അവിടെ സർക്കാർ ബഫർ സോൺ ആയി പ്രഖ്യാപിച്ചത് 25 മീറ്റർ ആയിരുന്നു.
ഇതു പരിഗണനയിൽ ഇരിക്കേ, 2012 ൽ Central Empowered Committee ( CEC) രണ്ടാം റിപ്പോർട്ട് സമർപ്പിച്ചു. അതു രാജ്യം മുഴുവൻ സംരക്ഷിത വന മേഖലയിൽ ESZ നിർണ്ണയിക്കുന്നതു സംബന്ധിച്ച റിപ്പോർട്ടായിരുന്നു. ഇതും കോടതി തിരുമുൽപ്പാട് കേസിൽ ഉൾപ്പെടുത്തി പരിഗണിച്ചു. അതിൽ വന്ന വിധിയാണ് ജൂണിലെ വിധി.
കോടതിയായാലും കേന്ദ്രമായാലും രാജ്യത്തിനു മുഴുവനായി ഒറ്റത്താപ്പുമായി ഇറങ്ങിയാൽ അതു ഒരു ഗുണവും ഉണ്ടാക്കില്ല എന്നു മനസിലാക്കുമോ എന്തോ? ഗാഡ്ഗിലും പിന്നീടു വന്ന വന നിയമ ഭേദഗതി നിർദ്ദേശങ്ങളും ഒന്നും കേരളത്തിൽ കുടിയേറ്റ കർഷകർ എന്ന ഒരു സുപ്രധാന വിഭാഗമുണ്ട്, അവർ കൂടിചേർന്നാണ് കാടും മണ്ണും എല്ലാം കാത്തത് എന്ന സവിശേഷത അംഗീകരിക്കുന്നതെയില്ല.
രത്ന ഗിരിയിലെയും രാജസ്ഥാനിലെ Jamua Ramgarh ലെയും മറ്റും ഖനനവും ഇവിടത്തെ പാറ മടയും ഒന്നു പോലെ എന്നു പറഞ്ഞു പൊലിപ്പിച്ചാണ് നമ്മുടെ പരിസ്ഥിതി ശുദ്ധത ജീവിക്കുന്നത്. വന്യ ജീവി സംരക്ഷണ ബോർഡ് തന്നെ നിരോധനം എന്നതു മാറ്റി നിയന്ത്രണം എന്നാക്കിയിട്ടും ഗാഡ്ഗിൽ എത്ര ഇനം നിരോധനമാണ് ഇവിടെ വിറ്റത്.
ഒരു തരം പരിസ്ഥിതിസംരക്ഷണ , സുസ്ഥിര അജണ്ടകളും അവധാനതയോടെ സംവദിക്കാൻ സാധ്യമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നത് ഈ മൌലിക വാദമാണ്.
അങ്ങനെ മറ്റൊരു പരീക്ഷണ ഘട്ടം കൂടി നേരിടുകയാണ് LDF സർക്കാർ.
എന്തായാലും ബഫർ സോൺ ചർച്ച വികസിക്കുന്ന വഴി സാകൂതം നോക്കാം.