അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ ഓഡിറ്റ് ഓഫിസറായിരിക്കെ 2009ല്‍ പിരിച്ചുവിടപ്പെട്ട കെ എ മാനുവലിനെ തിരികെ സര്‍വീസിലെടുക്കാന്‍ സുപ്രീം കോടതി ഉത്തരവായി. പതിനാല് വർഷം നീണ്ട ഉജ്ജ്വലപോരാട്ടമാണ് അനിവാര്യമായ വിജയത്തിലേക്കെത്തുന്നത്.
ഏജീസ് ഓഫീസിലെ ജീവനക്കാര്‍ ചെയ്യേണ്ട ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ശ്രമത്തിനെതിരെ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് അസോസിയേഷന്‍ സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു. ഇതിന്റെ വൈരം തീർക്കാനായിരുന്നു ഓഡിറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.എ. മാനുവലിനെ കള്ളക്കേസില്‍ കുടുക്കി പിരിച്ചുവിട്ടത്. ഈ നടപടി തിരുത്താൻ വലിയ സമരങ്ങൾക്കാണ് അന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. 2010ല്‍ പിരിച്ചുവിടല്‍ റദ്ദാക്കി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മാനുവലിനെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. എന്നാൽ, ആ വിധി അംഗീകരിച്ച് മാനുവലിനെ സർവീസിൽ തിരികെയെടുക്കാൻ യുപിഎ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാർ തയ്യാറായില്ല. കേന്ദ്രം ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. അപ്പീല്‍ തള്ളിക്കൊണ്ട് 2018-ല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ന്യായമായ ഒരു സമരം നയിച്ചതിലുള്ള യുപിഎ സർക്കാരിന്റെ പ്രതികാരമാണ് ഒരു തൊഴിലാളി നേതാവിനെ പതിനാല് വർഷങ്ങൾ പുറത്ത് നിർത്തിയത്. അധികാരപ്രമത്തതയെ കാറ്റിൽപ്പറത്തി ഒടുവിൽ വിജയം തൊഴിലാളിപക്ഷത്തെത്തി.