കെപിസിസിയുടെ ട്രഷററായിരുന്ന അഡ്വ. വി. പ്രതാപചന്ദ്രൻ നായരുടെ മരണത്തെക്കുറിച്ച് മക്കളായ പ്രജിത് ചന്ദ്രനും പ്രീതിയും മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

കേട്ടില്ലേ, പുതിയ വാർത്ത. കെപിസിസിയുടെ ട്രഷററായിരുന്ന അഡ്വ. വി. പ്രതാപചന്ദ്രൻ നായരുടെ മരണത്തെക്കുറിച്ച് മക്കളായ പ്രജിത് ചന്ദ്രനും പ്രീതിയും മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഇക്കുറി മുഖ്യമന്ത്രിയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തനിനിറം ബോധ്യപ്പെട്ടതോടെയാണ് അവർ മുഖ്യമന്ത്രിയെ സമീപിച്ചത്. മരണത്തിന് തൊട്ടുമുമ്പ്, തന്റെ സഹപ്രവർത്തകരിൽ നിന്നും കെപിസിസി ഓഫീസിലെ ജീവനക്കാരിൽ നിന്നും പ്രതാപചന്ദ്രൻ കടുത്ത മാനസികപീഡനം അനുഭവിച്ചിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രജിത്തും പ്രീതിയും നേരത്തെ ഡിജിപിയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ കെ സുധാകരന്റെ സമ്മർദ്ദത്തെ തുടർന്ന് പിന്നീട് ഇവർ പരാതി പിൻവലിച്ചിരുന്നു.

അന്ന് പ്രജിത്തിനും പ്രീതിയ്ക്കും കെ സുധാകരൻ നൽകിയ വാഗ്ദാനം ഇതായിരുന്നു. പ്രതാപചന്ദ്രന്‌ പുനർജന്മം നൽകിയത്‌ താനാണ്‌, നിങ്ങൾ ഇപ്പോൾ പരാതി നൽകിയാൽ ഞാനാകും ബുദ്ധിമുട്ടുക. പ്രതാപനോട്‌ മോശമായി പെരുമാറിയ ഒരാളും പാർട്ടിയിലോ കെപിസിസി ഓഫീസിലോ ഉണ്ടാകില്ല.

പരാതി പിൻവലിച്ചു കഴിഞ്ഞപ്പോൾ സുധാകരൻ്റെ നിറം മാറിയത്രേ. ആർക്കുമെതിരെ നടപടിയുമില്ല. ഒന്നുമില്ല. ‘ നിങ്ങൾക്ക്‌ ചെയ്യാൻ പറ്റുന്നത്‌ എന്താന്ന്‌ വച്ചാൽ ചെയ്തോ, കാണട്ടേ ’ എന്ന് തങ്ങളെ വെല്ലുവിളിച്ചെന്നാണ് പ്രജിത് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.

കാണൂ, സുധാകരന്റെ തനിനിറം. മണൽ മാഫിയയെ കസ്റ്റഡിയിലെടുത്ത വളപട്ടണം സിഐയെ സ്റ്റേഷനിൽ ചെന്ന് പുലഭ്യം പറയുന്ന സുധാകരനെ നാം കണ്ടിട്ടുണ്ട്. ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടപ്പോൾ തൃശൂർ നെഹ്രു കോളജ് ചെയർമാനെ രക്ഷിക്കാൻ പറന്നു ചെന്ന സുധാകരനെ നാം കണ്ടിട്ടുണ്ട്. ഭൂലോകതട്ടിപ്പു വീരൻ മോൻസൻ മാവുങ്കലിന്റെ സവിധത്തിൽ സുഖചികിത്സ തേടി പാഞ്ഞുചെന്ന സുധാകരനെയും നമുക്കറിയാം. ഏറ്റവുമൊടുവിൽ നമ്പർ ഫ്രോഡെന്ന് രണ്ടാമതൊന്നാലോചിക്കാതെ പറയാവുന്ന പ്രവീൺ റാണയ്ക്കു മുന്നിൽ ആമോദവിലോചനനായി വിടർന്നുല്ലസിക്കുന്ന കെ സുധാകരനെയും നാം കണ്ടു.

ആ സുധാകരനാണ് സ്വന്തം പിതാവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച തന്റെ സഹപ്രവർത്തകന്റെ മക്കളോട് ഈ വിധം വെല്ലുവിളി മുഴക്കുന്നത്. ആരോടാണ് ഇയാളീ പരാക്രമം കാണിക്കുന്നത്? എന്താണ് പ്രകോപനം?

ചെറിയ ആരോപണങ്ങളാണോ കെപിസിസി ഓഫീസിനും നേതൃത്വത്തിനുമെതിരെ പ്രതാപചന്ദ്രന് പറയാനുണ്ടായിരുന്നത്? പൊട്ടും പൊടിയുമായി ചിലതെല്ലാം പുറത്തുവന്നിട്ടുണ്ട്. അതിൽ കുറ്റാരോപിതരെല്ലാം കെ സുധാകരന് വേണ്ടപ്പെട്ടവരാണ്. സുധാകരന്റെ അനുചരൻ കെപിസിസി ജനറൽ സെക്രട്ടറി ജി എസ്‌ ബാബു, സിയുസി അംഗങ്ങളായ രമേശൻ കാവിൽ, പ്രദീപ്‌ തുടങ്ങിയവർ നടത്തിയ അപവാദപ്രചരണവും സൈബർ വേട്ടയും മൂലമുള്ള മാനസികാഘാതം കാരണമാണ് പ്രതാപചന്ദ്രൻ അകാലത്തിൽ മരണപ്പെട്ടത് എന്നാണ് മക്കളുടെ പരാതി. സിയുസി യുടെ ധർത്ത്‌ അടക്കം വഴിവിട്ട പ്രവർത്തനങ്ങളെ പ്രതാപചന്ദ്രൻ ചോദ്യം ചെയ്തിരുന്നതായ വിവരങ്ങളും മരണശേഷം പുറത്തുവന്നിരുന്നു. അച്ഛനെ അപമാനിച്ച് പൊതുജനമധ്യത്തിൽ പീഡിപ്പിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന് മക്കൾ പരാതിപ്പെടുമ്പോൾ, സഹാനുഭൂതിയോടെ അവരെ കേൾക്കാൻ സുധാകരന് കഴിയാത്തത് എന്തുകൊണ്ട്? സകല ക്രിമിനലുകളോടും തട്ടിപ്പുകാരോടും വഴിഞ്ഞൊഴുകുന്ന വാത്സല്യത്തിന്റെയും തന്മയീഭാവത്തിന്റെയും പതിനായിരത്തിലൊന്ന് സ്വന്തം സഹപ്രവർത്തകനായിരുന്ന പ്രതാപചന്ദ്രന്റെ മക്കളോട് കാണിക്കാൻ സുധാകരന് കഴിയാത്തത് എന്തുകൊണ്ട്?

എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിൽ സുധാകരന്റെ പാരമ്പര്യമല്ല, പ്രതാപചന്ദ്രന്. പ്രതാപചന്ദ്രൻ അടിമുടി കോൺഗ്രസുകാരനായിരുന്നു. വൃദ്ധിയിലും ക്ഷയത്തിലും പദവിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും അടിമുടി കോൺഗ്രസുകാരൻ. സുധാകരനോ. സംഘടനാകോൺഗ്രസ്, പിന്നെ ജനതാപാർടി, കമലം ഗ്രൂപ്പ് എന്നിങ്ങനെ കാലുമാറി മാറിയാണ് കോൺഗ്രസിൽ അഭയം തേടിയത്. സ്ഥാനമായിരുന്നു എന്നും പ്രധാനം. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ, ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് പരസ്യമായി കോൺഗ്രസ് നേതൃത്വത്തെ ബ്ലാക്ക് മെയിൽ ചെയ്ത സുധാകരനും, ഒന്നും മോഹിക്കാതെ, ട്രേഡ് യൂണിയൻ പ്രവർത്തനം, പത്രപ്രവർത്തക ക്ഷേമം തുടങ്ങി പൊതുകാര്യങ്ങളുമായി അലഞ്ഞു നടന്ന പ്രതാപചന്ദ്രനും തമ്മിൽ രാപകൽ വ്യത്യാസമുണ്ട്.

പ്രതാപചന്ദ്രന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് അദ്ദേഹത്തിന്റെ മക്കൾ ആവശ്യമുന്നയിക്കുമ്പോൾ എന്തിനാണ് കെ സുധാകരന് ഹാലിളകുന്നത്? മുനനീളുന്നത് സുധാകരന്റെ സിൽബന്ധികൾക്കു നേരെയാണ്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിനു പിന്നാലെ തിരുവനന്തപുരം ഇന്ദിരാഭവൻ അക്രമി സംഘത്തിന്റെ താവളമായി. സെമികേഡർ, പരിശീലന ക്ലസ്‌, സിയുസി, നേതാക്കളെ നിരീക്ഷണം, ശമ്പളമുള്ള നേതാവ്‌ എന്നൊക്കെപ്പറഞ്ഞ് പലരെയും സുധാകരൻ ഓഫീസിൽ നിയമിച്ചു. ക്രമേണ ഇവരുടെ നിയന്ത്രണത്തിലായി കെപിസിസി ഓഫീസ്. ദീർഘകാലം അവിടെ ജോലി ചെയ്തുവന്നിരുന്ന പലരും ഈ സംഘത്തിന്റെ കണ്ണിലെ കരടായി. ഭീഷണിയും അധിക്ഷേപവുമായി ഓഫീസിനെ തങ്ങളുടെ വരുതിയിലാക്കിയ ഈ സംഘവുമായി സ്വാഭാവികമായും പ്രതാപചന്ദ്രനെപ്പോലൊരാൾക്ക് ഒത്തുപോകാൻ ആവുമായിരുന്നില്ല.

അവർക്കു വേണ്ടിയിരുന്നത് ധൂർത്തടിക്കാൻ പണമായിരുന്നു. പ്രസിഡന്റിന്റെ പേരു പറഞ്ഞ് തോന്നിയതുപോലെ തുക ആവശ്യപ്പെടാൻ തുടങ്ങിയതോടെ എതിർപ്പ് മൂർച്ഛിച്ചു. ഓർക്കുക. കെപിസിസി ഓഫീസിൽ കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഗുണ്ടാപ്പിരിവ്. പ്രതാപചന്ദ്രൻ വഴങ്ങിയില്ല. അതിനിടെയാണ് സുധാകരൻ ആഹ്വാനം ചെയ്ത 137 രൂപാപ്പിരിവ്. അതിനും കണക്കുമില്ല രേഖയുമില്ല. ഈ സാമ്പത്തിക അരാജകത്വം ട്രഷറർ എന്ന നിലയിൽ ചോദ്യംചെയ്തതോടെ പ്രതാപചന്ദ്രൻ യഥാർത്ഥത്തിൽ സുധാകരന്റെ കണ്ണിലെ കരടായാണ് മാറിയത്. തുടർന്ന് പ്രതാപചന്ദ്രനെതിരെ നടന്ന എല്ലാ അവഹേളന ശ്രമങ്ങൾക്കും കെ സുധാകരന്റെ അറിവും സമ്മതവുമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ്, പ്രതാപചന്ദ്രന്റെ മക്കൾക്കു നേരെ ഉയർന്ന വെല്ലുവിളി. പിതാവിന്റെ വിയോഗം സൃഷ്ടിച്ച മനോവ്യഥ അനുഭവിക്കുന്ന മക്കൾക്കു നേരെ ഏതു മനുഷ്യനും ഇതുപോലെ പെരുമാറില്ല. ദയയും ദീനാനുകമ്പയും സഹാനുഭൂതിയും അഭിനയിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്യും.

നേരെ മറിച്ച് പ്രതാപചന്ദ്രനോട് നേരിട്ടു പ്രകടിപ്പിക്കാൻ കഴിയാതെ പോയ പകയും വിദ്വേഷവും മക്കളിലേയ്ക്ക് ചൊരിയുകയാണ് സുധാകരൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ‘ നിങ്ങൾക്ക്‌ ചെയ്യാൻ പറ്റുന്നത്‌ എന്താന്ന്‌ വച്ചാൽ ചെയ്തോ, കാണട്ടേ ’ എന്ന് പ്രജിത്തിനോട് സുധാകരൻ മുഴക്കിയ വെല്ലുവിളിയിൽ തെളിയുന്നത്, പ്രതാപചന്ദ്രൻ ഇല്ലാതായതിന്റെ ഉന്മാദമാണ്. അതിലൊരു ഭീഷണിയുമുണ്ട്. പ്രതാപചന്ദ്രനെ ഇല്ലാതാക്കിയ തങ്ങൾക്ക് അദ്ദേഹത്തിന്റെ മക്കൾ ഒരു പ്രതിയോഗിയേ അല്ലെന്ന ഭീഷണി.

ഈ ഭീഷണി കേരളത്തോടും കൂടിയാണ് സുധാകരൻ മുഴക്കുന്നത്